അനധികൃത സ്വത്ത് സമ്പാദന കേസ്: കെ ബാബുവിന്റെ മക്കളെ വിജിലന്‍സ് ചോദ്യം ചെയ്യും

മുന്‍ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മക്കളെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. മക്കളായ ഐശ്വര്യയേയും ആതിരയേയുമാണ് വിജിലന്‍സ് ചോദ്യം ചെയ്യുക. ഇപ്പോള്‍ അന്വേഷണം നടക്കുന്നത് മക്കളുടെ വിവാഹനടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകളെകുറിച്ചാണ്. ഇതിന്റെ ഭാഗമായാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
കെ ബാബു രണ്ട് മക്കള്‍ക്കും സ്ത്രീധനമായി 100 ലധികം പവന്‍ വീതം സ്വര്‍ണം നല്‍കിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇത് എങ്ങനെ നല്‍കി എന്നത് കണ്ടെത്താനാണ് വിജിലന്‍സ് ശ്രമിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പെണ്‍മക്കളുടെ ലോക്കറുകളില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ബാബുവിന്റെ ഭാര്യ ഗീതയേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബാങ്കുകളില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഗീത ബാങ്ക് ലോക്കറുകള്‍ തുറക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വിജിലന്‍സിന് ലഭിച്ചിരുന്നത്. ബാബുവിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമായിരുന്നു ഇത്.
അടുത്തിടെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ബാബുവിന്റെയും ഭാര്യയുടേയും ലോക്കറുകളില്‍ നിന്നും ഒന്നും കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സംഘം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























