തൊടുപുഴയിലെ മോഷണത്തിന് മുമ്പ് മോക് ഡ്രില്‍ വരെ നടത്തി മോഷണ സംഘം: പോലീസിനെപ്പോലും ഞെട്ടിച്ച പിഴവില്ലാത്ത ആസൂത്രണം

മോഷണം കൃത്യമായ ആസൂത്രണത്തിന് ശേഷം. ദമ്പതികളെ ആക്രമിച്ച് പണം കവരാന്‍ പ്രതികള്‍ ആസൂത്രണം ചെയ്ത പദ്ധതി വിജയിച്ചത് രണ്ടാം ശ്രമത്തില്‍. പ്രകാശ് പെട്രോള്‍ പമ്പ് ഉടമ ബാലചന്ദ്രന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പിടികൂടിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ആദ്യം കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട ദിവസം പമ്പില്‍നിന്നു പണം എത്തിയിരുന്നില്ല. ഇവിടേയ്ക്ക് പണം കൊണ്ടുവരുന്നത് കവര്‍ച്ചാ സംഘം ദിവസങ്ങളായി നിരീക്ഷിച്ചിരുന്നു. പിറ്റേദിവസം ബൈക്കില്‍ ജീവനക്കാരന്‍ പണപ്പൊതിയുമായി എത്തുന്നത് ശ്രദ്ധിച്ചിരുന്നു. ഇതിനുശേഷമാണ് പ്രതികള്‍ പദ്ധതിപ്രകാരം കവര്‍ച്ച നടപ്പാക്കിയത്. പ്രധാനപ്രതികള്‍ എന്നു കരുതുന്ന ചിങ്കുവും രമേശും തങ്ങള്‍ക്ക് കവര്‍ച്ച നടന്ന വീടിനു സമീപത്തെ കട്ടക്കളത്തിലെ തൊഴിലാളികളുമായുണ്ടായിരുന്ന ബന്ധം ഇവിടെ താമസിക്കാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇവരാണ് ഇന്നലെ പിടിയിലായ പതിനേഴുകാരനേയും ഒഡീഷ സ്വദേശിയായ രാജ്കുമാര്‍ പത്രയേയും കൂട്ടാളികളായി വിളിച്ചുവരുത്തിയത്.
രാത്രി 12 ന് ശേഷം ബാലചന്ദ്രന്റെ വീട്ടിലെത്തിയ പതിനേഴുകാരനാണ് കോളിങ് ബെല്‍ അമര്‍ത്തി വീട്ടുകാരെ ഉണര്‍ത്തിയത്. വാതില്‍ തുറന്ന ഉടന്‍ നാലംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി. ബാലചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് കൈകളും കാലുകളും കേബിളും കയറും ഉപയോഗിച്ച് വരിഞ്ഞു മുറുക്കി. ബാലചന്ദ്രനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് ശ്രീജയെ സമീപത്തെ സോഫയോട് ചേര്‍ന്നുള്ള ജനലില്‍ കെട്ടിയിട്ടു. നിലവിളിക്കാന്‍ ശ്രമിക്കുന്നതിനിടെ വായില്‍ തുണി തിരുകുകയും ചെയ്തു. ഇംഗ്ലീഷും മലയാളവും ഹിന്ദിയും കലര്‍ന്ന ഭാഷയിലാണ് മോഷ്ടാക്കള്‍ സംസാരിച്ചത്. പൊതിയെവിടെ എന്ന് മലയാളത്തില്‍ ചോദിച്ച് ബഹളം വയ്ക്കുകയും കാണിച്ചുതന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊല്ലരുതെന്ന് പറഞ്ഞപ്പോള്‍ ഗിവ് ക്യാഷ്. യുവര്‍ ഫാമിലി വില്‍ ബി ഒ.കെ എന്ന് ബാലചന്ദ്രനോട് 17കാരന്‍ പറഞ്ഞു. രണ്ടുപേര്‍ ശ്രീജയെ വലിച്ചിഴച്ച് പണം വച്ചിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെയുണ്ടായിരുന്ന ഒന്നേ മുക്കാല്‍ ലക്ഷത്തോളം രൂപ കൈക്കലാക്കി. ഇതിനിടെ ശ്രീജയുടെ കൈയിലെ രണ്ടു വളയും ബാലചന്ദ്രന്റെ മൂന്നര പവന്‍ തൂക്കം വരുന്ന മാലയും രണ്ടു മൊബൈല്‍ ഫോണുകളും ഒരു ഐ പാഡും കവര്‍ന്നു. ഇതില്‍ ഒരു ഫോണാണ് കണ്ടുകിട്ടിയിട്ടുളളത്. പ്രായപൂര്‍ത്തിയാകാത്ത ആളാണ് ബാലചന്ദ്രനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. കൂടുതല്‍ ആക്രമണകാരി പതിനേഴുകാരനാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും പതിനേഴുകാരന്റെ ആ വാക്കുകള്‍ കേട്ടാണ് ദമ്പതികള്‍ ആളെ തിരിച്ചറിഞ്ഞത്. പ്രധാന പ്രതികളെ പിടികൂടിയാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ഇതിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഉടന്‍ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് പ്രതീക്ഷയെന്ന് ഡിവൈ.എസ്.പി: എന്‍.എന്‍. പ്രസാദും സി.ഐ: എന്‍.ജി. ശ്രീമോനും പറഞ്ഞു.
https://www.facebook.com/Malayalivartha