റോഡില്‍ തമ്മില്‍തല്ലുന്ന വൈദികര്‍ അറിയാന്‍; ഒരു കോടി വിലമതിക്കുന്ന ഒരേക്കര്‍ സ്ഥലം വീടില്ലാത്ത 20 പേര്‍ക്കായി വീതിച്ചു നല്‍കി ഓര്‍ത്തഡോക്‌സ് വൈദികന്‍

എന്തിനും ഏതിനും മതത്തിന്റെ പേരില്‍ തമ്മിടിക്കുന്നവര്‍ അറിയാന്‍ ഇതാ നിലമ്പൂരില്‍ നിന്നൊരു വാര്‍ത്ത. നിന്നെ പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുകയെന്ന ബൈബിള്‍ വചനം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ഫാ. മാത്യുസ് വാഴക്കൂട്ടത്തില്‍. ഇവിടെ ജാതിമത പരിഗണനയൊന്നും ഈ ഓര്‍ത്തഡോക്‌സ് വൈദികനില്ല. വേദന അനുഭവിക്കുന്നവരെല്ലാം ഒരു പോലെയാണ് അദ്ദേഹത്തിന്. ഒരു കോടി രൂപ വിലമതിക്കുന്ന ഒരേക്കര്‍ സ്വന്തം ഭൂമി 20 ഭവനരഹിതര്‍ക്കു ദാനം ചെയ്തു വൈദികശ്രേഷ്ഠന്‍ നാടിന് സാഹോദര്യത്തിന്റെ സന്ദേശമാണ് പകര്‍ന്ന് നല്‍കിയത്.
ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനം മുന്‍ സെക്രട്ടറിയും അകമ്പാടം, പനമണ്ണ് സെന്റ് മേരീസ് പള്ളികളുടെ വികാരിയുമായ ഫാ. മാത്യൂസ് വാഴക്കൂട്ടത്തിലാണ് അപൂര്‍വ്വമാതൃകയാകുന്നത്. അമരമ്പലം പഞ്ചായത്തില്‍ രാമംകുത്ത് തൊണ്ടിയില്‍ പത്തു വര്‍ഷം മുന്‍പാണ് മാത്യൂസച്ചന്‍ ഒരേക്കര്‍ 40 സെന്റ് ഭൂമി വാങ്ങിയത്. വെള്ളം, വൈദ്യുതി, റോഡ് സൗകര്യങ്ങളെല്ലാം ഉണ്ട്. ഇപ്പോഴത്തെ വില പ്രകാരം ഏക്കറിന് ഒരു കോടി വിലമതിക്കും. റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്തു തുടങ്ങിയിട്ടേയുള്ളൂ. ചുറ്റിലും നൂറോളം തേക്കുകളുണ്ടായിരുന്നു. ഒരേക്കര്‍ ഭൂമി നാലു സെന്റ് വീതമുള്ള 20 പ്ലോട്ടുകളാക്കി. സാംസ്‌കാരിക കേന്ദ്രത്തിന് അഞ്ചു സെന്റും പൊതുകിണര്‍, ജലസംഭരണി എന്നിവയ്ക്കായും സ്ഥലം മാറ്റിവച്ചു.
എല്ലാം പ്ലോട്ടുകളിലേക്കും വഴിയുണ്ട്. ജാതി, മത, രാഷ്ട്രീയ പരിഗണനകളില്ലാതെ വിധവകള്‍, മാറാരോഗികള്‍ തുടങ്ങിയ പരിഗണനവച്ചു നാട്ടുകാരുടെ കമ്മിറ്റിയാണ് അര്‍ഹരെ കണ്ടെത്തിയത്. സ്ഥലത്തു സ്വയംതൊഴില്‍ സംരംഭത്തിനും പദ്ധതിയുണ്ട്. മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാര്‍ തെയോഫിലോസ് വീടുനിര്‍മ്മാണത്തിനു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സമ്പാദ്യം മനുഷ്യനെ ദൈവത്തില്‍നിന്ന് അകറ്റുമെന്നാണ് ഫാ. മാത്യൂസിന്റെ നിലപാട്. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ വേറെ ഭൂമിയില്ല.
കുളക്കണ്ടത്ത് സഹോദരിയുടെ ഒരേക്കറില്‍ വീടുവച്ചാണു താമസം. ഭാര്യ ജെസി മറിയം രാമംകുത്ത് പിഎംഎസ്എ യുപി സ്‌കൂള്‍ പ്രധാനാധ്യാപികയാണ്. മൂത്തമകള്‍ സെറിന്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെയാള്‍ ആന്‍ മെറിന്‍ +1ലാണ്.
https://www.facebook.com/Malayalivartha