ശബരിമലദര്‍ശനത്തിനായി പോകുന്ന അയ്യപ്പഭക്തന് കൂട്ടായി നായ്ക്കുട്ടി

ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തന് കൂട്ട് മൂന്നുമാസത്തോളം പ്രായമുള്ള നായ്ക്കുട്ടി. ബേപ്പൂര്‍ അരക്കിണര്‍ പാറപ്പുറത്ത് ശ്രീകൃഷ്ണക്ഷേത്രത്തിനുസമീപം ശ്രീകൃഷ്ണ ഹൗസില്‍ നവീന് കൂട്ടായാണ് നായ്ക്കുട്ടി എത്തിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി നവീന്‍ നടന്നാണ് ശബരിമലയിലേക്ക് പോകുന്നത്. ഈ പ്രാവശ്യം മൂകാംബിക ക്ഷേത്രത്തില്‍ നിന്നായിരുന്നു മലയിലേക്ക് യാത്ര തിരിച്ചത്. മംഗലാപുരത്ത് എത്തിയപ്പോഴാണ് നായ്ക്കുട്ടി പിറകെ കൂടിയത്. പിന്നെ സന്തതസഹചാരിയായി.
രാത്രി നവീന്‍ ഉറങ്ങുമ്പോള്‍ നായ്ക്കുട്ടി സമീപത്തായി ഉറങ്ങും. കുളിക്കാന്‍ പോയാല്‍ നവീനിന്റെ വസ്ത്രങ്ങളും മറ്റുമടങ്ങിയ സഞ്ചിയുടെ കാവല്‍ക്കാരനാകും. ഇപ്പോള്‍ അവര്‍ തമ്മില്‍ പിരിയാന്‍ പറ്റാത്ത ആത്മബന്ധമായി. അതിനാല്‍ ശബരിമല ഭാഗത്ത് എത്തിയാല്‍ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് നവീന്‍. ബേപ്പൂരിലെ വീട്ടില്‍ നായയെ ഏല്‍പിച്ച് ശബരിമലയാത്ര തുടരാനാണ് നവീന്‍ ഉദ്ദേശിക്കുന്നത്. നായ്ക്കള്‍ മനുഷ്യന്റെ 'ശത്രു'വായി ചിത്രീകരിക്കപ്പെടുന്നതിനിടയിലാണ് ഈ അപൂര്‍വ സൗഹൃദം.
https://www.facebook.com/Malayalivartha