സംസ്ഥാന ചലച്ചിത്ര അക്കാദമി അഴിമതിയില്‍ മുങ്ങിയെന്ന് ആരോപണം; ചട്ടങ്ങള്‍ മറികടന്ന് പിന്‍വാതില്‍ നിയമനങ്ങള്‍

സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ മറികടന്ന് പിന്‍വാതില്‍ നിയമനങ്ങളും അഴിമതിയും സ്വജന പക്ഷപാതവും തകൃതിയായി നടക്കുന്നു. മുതിര്‍ന്ന സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും സിഡിറ്റിലെ ചില കരാര്‍ ജീവനക്കാര്‍ക്കും ലക്ഷങ്ങള്‍ കോഴവാങ്ങി അക്കാദമിയില്‍ ജോലി നല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്. 1,19,400 രൂപയ്ക്കാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനും സെക്രട്ടറിക്കും ഫോണ്‍വാങ്ങിയത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ മൂന്ന് ബന്ധുക്കള്‍ക്ക് ഡ്രൈവര്‍, ടൈപ്പിസ്റ്റ്, ക്ളീനിങ് തസ്തികകളില്‍ ജോലി നല്‍കി. സ്ഥിരം നിയമനം അല്ലെങ്കിലും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ഥിരമാക്കാമെന്നാണ് അക്കാദമി ഉറപ്പു നല്‍കിയിരിക്കുന്നത്. അക്കാദമിയിലെ എല്ലാ നിയമനങ്ങള്‍ക്കും ഭരണസമിതി- എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. അതുകൊണ്ടുതന്നെ ചെയര്‍മാനും സെക്രട്ടറിയും അറിയാതെ നിയമനങ്ങള്‍ നടക്കില്ല എന്ന് ഉറപ്പാണ്. ടൂറിങ് ടാക്കീസ് കോര്‍ഡിനേറ്റര്‍, പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ഒഴിവുകളാണ് നിലവില്‍ ചലച്ചിത്ര അക്കാദമിയില്‍ ഉണ്ടായിരുന്നത്. ഈ വിവരം പത്രങ്ങളില്‍ പരസ്യം നല്‍കിയശേഷം മാത്രമാണ് അഭിമുഖം നടത്തേണ്ടത്. പക്ഷെ ഇതു സംബന്ധിച്ച യാതൊരു അറിയിപ്പും മാധ്യമങ്ങളിലൂടെ നല്‍കിയിയിരുന്നില്ല. അതിന് പകരം അക്കാദമി ഓഫീസില്‍ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കുക മാത്രമാണ് ചെയ്തത്.
ഫിലിംഫെസ്റ്റിവലിനു താല്കാലികമായി ഏഴുപേരെ നിയമിച്ചിരുന്നുവെന്നും അവരെ പറഞ്ഞുവിട്ടതാവാം വിവാദത്തിനു പിന്നിലെന്നുമാണ് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പറഞ്ഞത്. ടൂറിങ് ടാക്കീസ് കോര്‍ഡിനേറ്റര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ നീണ്ട അവധിയിലായതിനാലാണ് താത്കാലികനിയമനത്തിന് അപേക്ഷ ക്ഷണിച്ചത് എന്നും അത് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും മഹേഷ്പഞ്ചു പറഞ്ഞു. ഐഎഫ്എഫ്കെയുടെ മറവില്‍ പിആര്‍ഒ പോസ്റ്റിലേക്ക് പ്രമുഖ സിനിമാ നടന്റെ അടുത്ത ബന്ധുവിന് മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ജോലി നല്‍കിയെങ്കിലും വിവാദമായതിനെ തുടര്‍ന്ന് പറഞ്ഞുവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സെക്രട്ടറിക്ക് നിയമോപദേശം നല്‍കാന്‍ മാത്രം ഒരു അഭിഭാഷകനെ പ്രതിമാസം 30,000 രൂപയ്ക്ക് നിയമിച്ചിട്ടുണ്ട്. ഫയലുകളും കേസുകളും കൈകാര്യം ചെയ്യുന്നതിന് ഫീസ് അതിനു പുറമെ വേറെ കൊടുക്കും.
ഇതിനൊക്കെ പുറമെ അക്കാദമിയില്‍ ധൂര്‍ത്തും തകൃതിയില്‍ നടക്കുന്നുണ്ട്. ചെയര്‍മാന്‍ കമലിനും സെക്രട്ടറിക്കും പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതിന് ഖജനാവില്‍ നിന്ന് എടുത്തത് 1.19 ലക്ഷമാണ്. അക്കാദമി ജീവനക്കാര്‍ക്ക് മാത്രമായുള്ള സിം ഉപയോഗിക്കുന്നതിന് രണ്ട് ഫോണുകളാണ് ഇവര്‍ക്കായി വാങ്ങിയത്. ഒരു ഫോണിന്റെ മാത്രം വില 55,900 രൂപ; ഇതോടൊപ്പം രണ്ട് ഫോണുകളും ഇന്‍ഷ്വര്‍ ചെയ്യുന്നതിന് 7,600 രൂപയും ചെലവാക്കി. എന്നാല്‍ സെക്രട്ടറി മഹേഷ് പഞ്ചു തനിക്ക് മൊബൈല്‍ നല്‍കിയിട്ടില്ലെന്നും താന്‍ വരുന്നതിനുമുമ്പാവാം ഇതെന്നുമായിരുന്നു എന്ന രീതിയിലാണ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha