കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക്

യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ. മുരളീധരനെ തെരഞ്ഞെടുത്തേക്കും. ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയുന്ന കെ മുരളീധരനിലാണ് മിക്ക കോണ്‍ഗ്രസുകാരുടെയും ഘടകകക്ഷികളുടെയും പ്രതീക്ഷ. പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കി സമരമുഖത്തേക്ക് കടക്കാന്‍ ഭയപ്പെടുന്ന രമേശ് ചെന്നിത്തലയോട് കോണ്‍ഗ്രസിനകത്തു തന്നെ ശക്തമായ അഭിപ്രായ ഭിന്നത തുടരുന്നു.
യു.ഡി.എഫിന്റെ ഇപ്പോഴത്തെ പോക്കില്‍ അസംതൃപ്തിയുള്ള ഘടകകക്ഷികള്‍ തന്നെയാണ് മുരളീധരന്റെ പേര് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുന്നത്. പത്തു വര്‍ഷത്തിലേറെയായി പി.പി. തങ്കച്ചനാണു കണ്‍വീനര്‍. മാറ്റത്തിനു സമയമായെന്ന അഭിപ്രായം മുന്നണിയില്‍ വ്യാപകമായതോടെയാണു മുരളീധരന്റെ പേര് സജീവ ചര്‍ച്ചയായത്
ഐ ഗ്രൂപ്പിന്റെ നോമിനിയായ പി.പി. തങ്കച്ചന്‍ മാറുമ്പോള്‍ അതേ ഗ്രൂപ്പില്‍ നിന്നുള്ള മുരളീധരനു കണ്‍വീനര്‍ സ്ഥാനം നല്‍കുന്നതിനെ കോണ്‍ഗ്രസിലെ മറ്റു ഗ്രൂപ്പുകള്‍ക്ക് എതിര്‍ക്കാനാകില്ല. മുരളീധരനെ ഐ ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തെത്തിക്കാന്‍ ചരടുവലി നടത്തുന്ന എ ഗ്രൂപ്പിലെ വിഭാഗത്തിന്റെ താല്‍പര്യത്തിന് ഈ സ്ഥാനലബ്ധി പ്രയോജനപ്പെടുകയും ചെയ്യും. അദ്ദേഹം നേതൃത്വത്തിലേക്കു വന്നാല്‍ മുമ്പ് കെ. കരുണാകരനോടൊപ്പം നിന്നു പ്രവര്‍ത്തിച്ചിരുന്ന നല്ലൊരു വിഭാഗത്തെ ഒപ്പംകൂട്ടാമെന്ന് ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും കണക്കുകൂട്ടുന്നു. മുരളീധരന്‍ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്താല്‍ മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ നിരാശാജനകമായ പ്രകടനത്തിനു മാറ്റം വരുമെന്ന പ്രചാരണവും ശക്തമാണ്.
മുരളീധരനു കണ്‍വീനര്‍ സ്ഥാനം ലഭിച്ചാല്‍ രമേശ് ചെന്നിത്തലയിലേക്കും വി.എം. സുധീരനിലേക്കും കേന്ദ്രീകരിച്ചിരിക്കുന്ന അധികാരം അദ്ദേഹത്തിലേക്ക് എത്തുമെന്നാണ് ഇവരിരുവരെയും എതിര്‍ക്കുന്ന വിഭാഗത്തിന്റെ പ്രതീക്ഷ. ഇത് വരുംനാളുകളില്‍ നിലവിലുള്ള രാഷ്ട്രീയ സമവാക്യങ്ങള്‍ക്കു മാറ്റമുണ്ടാക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പും കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം സുധീരപക്ഷവും വഹിക്കുന്ന സാഹചര്യത്തില്‍ മുന്നണി കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന വാദം എ ഗ്രൂപ്പിലെ ചില നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ആരു കണ്‍വീനറാകണമെന്നത് യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികള്‍ യോജിച്ചു തീരുമാനിക്കേണ്ടതായതിനാല്‍ കോണ്‍ഗ്രസിലെ ഏതെങ്കിലും വിഭാഗത്തിന്റെ നിലപാട് അംഗീകരിക്കപ്പെടണമെന്നില്ല. മുസ്ലിം ലീഗിന്റെ നിലപാട് നിര്‍ണായകമാകുകയും ചെയ്യും. ലീഗിന്റെ മനസ് മുരളീധരന് അനുകൂലമാണെന്നാണു സൂചന. യു.ഡി.എഫിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാകണമെന്ന നിര്‍ദേശവുമായി രംഗത്തുവന്നതും അവരാണ്. അതിനാല്‍ തന്നെ കെ. മുരളീധരനാകും സ്വീകാര്യന്‍.
https://www.facebook.com/Malayalivartha