പ്രണയത്തെ തുടര്‍ന്ന് നിശ്ചയിച്ച വിവാഹത്തലേന്ന് സ്ത്രീധനം വിഷയമായി; പ്രശ്‌ന പരിഹാരത്തിന് കാമുകന്റെ വീട്ടില്‍ പോയ പ്രതിശ്രുത വധുവിനെ പിന്നെ കണ്ടെത്തിയത് ആറ്റില്‍ മരിച്ച നിലയില്‍

പ്രണയിച്ചു വിവാഹം കഴിക്കാന്‍ തീരുമാനിച്ച കമിതാക്കളുടെ ജീവിതം അവസാനിച്ചത് കാമുകിയുടെ ദുരൂഹ മരണത്തില്‍. കൊല്ലം ഓയൂരിലെ അടയറ പ്രശാന്ത് മന്ദിരത്തില്‍ പ്രസാദിന്റെ മകള്‍ പ്രിയയുടെ (21) അകാല ചരമത്തില്‍ നിറഞ്ഞു നില്‍ക്കുന്ന നിഗൂഢത അവസാനിക്കുന്നില്ല. വിവാഹം നടക്കേണ്ടത്തിനും രണ്ടുദിവസം മുമ്പ് ഡിസംബര്‍ 30നായിരുന്നു പതുശ്ശേരി വള്ളക്കടവില്‍ പ്രിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹം നടക്കില്ല എന്ന ഭയത്തില്‍ പ്രിയ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. പക്ഷെ മരണത്തില്‍ നിഗൂഡതയുണ്ടെന്നും പ്രിയയുടെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകള്‍ എങ്ങനെ ഉണ്ടായെന്നും ബന്ധുക്കള്‍ ചോദിക്കുന്നു.
കാമുകനായിരുന്ന അരുണ്‍ ബാബുവും പ്രിയയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. അവസാനം വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹമുറപ്പിച്ചത്. എന്നാല്‍ പ്രിയയെ കാണാതാകുന്നതിന് തലേദിവസം അരുണ്‍ ബാബുവിന്റെ സഹോദരിയും പ്രദേശവാസികളായ ചില ബിജെപി പ്രവര്‍ത്തകരും പ്രിയയുടെ വീട്ടിലെത്തി സ്ത്രീധനവും സ്വര്‍ണവും ആവശ്യപ്പട്ടു. ഇതേച്ചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുകയും ചെയ്തിരുന്നു. സ്ത്രീധനം നല്കി വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു പ്രിയയെന്ന് വീട്ടുകാര്‍ പറയുന്നു.
പ്രിയ ശ്വാസം മുട്ടിമരിച്ചതാണെന്നും, ഒരുതുള്ളി വെള്ളംപോലും ഉള്ളില്‍ ചെന്നിട്ടില്ലെന്നും, ശരീരത്തില്‍ പല ഭാഗത്തും രക്തം കട്ടപിടിച്ച് കിടക്കുന്നതായും ശരീരത്തില്‍ റബ്ബര്‍മരത്തിന്റെ ഇലകള്‍ ഒട്ടിപ്പിടിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതായി പ്രിയയുടെ അച്ഛന്‍ പ്രസാദ് പറഞ്ഞു. പ്രിയയുടെ മൃതദേഹം ആറ്റില്‍നിന്നെടുക്കുമ്പോള്‍ ധരിച്ചിരുന്ന ഷാള്‍ 23 സെമീ. നീളത്തില്‍ വായില്‍ തിരുകി കയറ്റിയ നിലയിലായിരുന്നു . ചെരുപ്പ് മൃതദേഹത്തോടൊപ്പം ഇല്ലായിരുന്നു. ആറിന്റെ മറുകരയില്‍ നിന്നും പൊലീസ് കഴിഞ്ഞ ദിവസം ചെരുപ്പ് കണ്ടെടുത്തിരുന്നു.
സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കാമുകനായ അരുണ്‍ബാബു (23), പിതാവ് ബാബു, അരുണ്‍ബാബുവിന്റെ സഹോദരി ഐശ്വര്യ (25), ബന്ധുവായ കരങ്ങന്നൂര്‍ പുതുശ്ശേരി ടിപ് ടോപ്പ് വീട്ടില്‍ ഡെന്നി ( 37), ബി.ജെ. പി പ്രവര്‍ത്തകനായ കരിങ്ങന്നൂര്‍ പുത്തന്‍വിള വീട്ടില്‍ ജയകുമാര്‍ (35), ബിജെപി മണ്ഡലം സെക്രട്ടറി കരിങ്ങന്നൂര്‍ മങ്ങാട് ചാലൂര്‍ ചരുവിള വീട്ടില്‍ മനോജ് (41), ബിജെപി വെളിനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി പുതുശ്ശേരി ശിവഗംഗ വീട്ടില്‍ മനോജ് (36) എന്നിവര്‍ റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha