പ്രതിയുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കരുത്, അമിതപ്രചാരണം നല്‍കരുത്; അവകാശങ്ങള്‍ അക്കമിട്ടു പറഞ്ഞു പോലീസ് മേധാവി

കസ്റ്റഡിയിലുള്ളവരുടെ വീഡിയോ ദൃശ്യങ്ങളോ ഫോട്ടോയോ മാധ്യമങ്ങളിലൂടെ പരസ്യമാക്കുന്നതു കര്‍ശനമായി തടയാന്‍ തടയാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ വിജ്ഞാപനം. കുറ്റം ചെയ്‌തെതായി തെളിയുന്നതുവരെ പ്രതിയെ തിരിച്ചറിയത്തക്ക വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തുനിയരുതെന്നാണു ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റയുടെ കര്‍ശനനിര്‍ദേശം. ഇപ്രകാരം ചെയ്യുന്നതു കേരള പോലീസ് ആക്ട് 2011ലെ സെക്ഷന്‍ 31(3)നു കടകവിരുദ്ധമാണെന്നു വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ആരോപണവിധേയന്‍ കുറ്റക്കാരനാണെന്നു കോടതി വിധിക്കുന്നതുവരെ നിരപരാധിയായി കണക്കാക്കണമെന്നു ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 (സ്വകാര്യതയ്ക്കുള്ള അവകാശം) വിഭാവനം ചെയ്യുന്നു. ഇതനുസരിച്ച്, അന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ വിചാരണത്തടവുകാരുടെയും ആരോപണവിധേയരുടെയും വിവരങ്ങള്‍ നല്‍കുന്നതു 2005ലെ വിവരാവകാശ നിയമപ്രകാരം ഒഴിവാക്കിയിട്ടുണ്ട്. 2011ലെ കേരള പോലീസ് ആക്ട് സെക്ഷന്‍ 31(3) പ്രകാരം കസ്റ്റഡിയിലുള്ളയാളുടെ ചിത്രമെടുക്കാനോ പൊതുസമൂഹത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനോ പാടില്ല. സംസ്ഥാന പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പത്രസമ്മേളനം നടത്തി പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുത്.
വിജ്ഞാപനപ്രകാരം, ഒരു കേസിലെ പ്രതി, സാക്ഷി, സംശയനിഴലിലുള്ളവര്‍ എന്നിവര്‍ക്ക് ഒരുകാരണവശാലും അമിതപ്രചാരണം നല്‍കരുത്. അങ്ങനെ ചെയ്താല്‍ സുഗമമായ അന്വേഷണത്തെയും വ്യക്തികളുടെ സ്വകാര്യതയേയും ബാധിക്കും. സാക്ഷികള്‍ക്കു പ്രതിഭാഗത്തുനിന്നു ഭീഷണിയുണ്ടാകും. പ്രതിയെന്നു സംശയിക്കുന്നയാളുടെ ചിത്രം പ്രചരിപ്പിക്കുന്നതു തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളെ ബാധിക്കും.
https://www.facebook.com/Malayalivartha