കാര്യവട്ടം കാമ്പസില്‍ മുണ്ടില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കേരളാ സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മുണ്ടില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞു. ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിന്റെ പിന്‍വശത്തെ അക്കേഷ്യ മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് അക്കേഷ്യ മരങ്ങളില്‍ ലുങ്കി കൂട്ടിക്കെട്ടിയുണ്ടാക്കിയ തൊട്ടിലിലാണ് മൃതദേഹം. ഇതിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. മലര്‍ന്ന് കിടക്കുന്ന നിലയില്‍ കാണപ്പെട്ട മൃതദേഹം അഴുകിയ നിലയിലാണ്. തൊലി അഴുകി വികൃതമായി അസ്ഥികളും തലയോട്ടിയും പുറത്ത് ചാടിയിട്ടുണ്ട്. കാമ്പസിലെ കശുവണ്ടിയും മറ്റും വിളവെടുക്കാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
വളരെ കാടുമൂടിയ പ്രദേശത്ത് പ്രേത ശല്യം ഉണ്ടെന്ന വിശ്വാസം ഉള്ളതിനാല്‍ ഏക്കറുകളോളം മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്ന ഈ ഭാഗത്തേക്ക് വിദ്യാര്‍ഥികളോ ജീവനക്കാരോ വരാറില്ല. അതുകൊണ്ടാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഭവം പുറംലോകം അറിയാതിരുന്നത്. അതേസമയം, മൃതദേഹം കഴക്കൂട്ടം പഴയ ട്രഷറി കെട്ടിടത്തിന് സമീപത്ത് താമസിച്ചിരുന്ന മധ്യവയസ്‌കന്റെതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാനില്ലെന്ന് പരിസരവാസികള്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ ധരിച്ചിരുന്ന വേഷത്തോട് സാമ്യമുള്ളതാണ് മൃതദേഹത്തിലുമുള്ളത്.
കഴക്കൂട്ടം അസി.കമീഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























