ചരിത്രമുഹൂര്‍ത്തം കുറിച്ച് കേരളം: ആറുവരി ഇരട്ടതുരങ്കപ്പാതയിലെ ആദ്യ തുരങ്കം ഇരുവശത്തുനിന്നും കൂട്ടിമുട്ടി.

കേരളത്തിന് ചരിത്രമുഹൂര്‍ത്തം കുറിച്ച് ആദ്യത്തെ ആറുവരി ഇരട്ടതുരങ്കപ്പാതയിലെ ആദ്യ തുരങ്കം ഇരുവശത്തുനിന്നും കൂട്ടിമുട്ടി. ഇന്ത്യയിലെ അഞ്ചാമത്തെ ഇരട്ടക്കുഴല്‍ തുരങ്കമായ കുതിരാനിലെ പാത രണ്ടറ്റവും കൂട്ടിമുട്ടിയതോടെ കേരളത്തിന് അതൊരു ചരിത്ര മുഹൂര്‍ത്തം ആയി മാറി. മേയ് അവസാനത്തോടെ ഇരട്ടക്കുഴല്‍ തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് നിര്‍മാണ കന്പനിയായ പ്രഗതി എന്‍ജിനീയറിങ് കന്പനി അധികൃതര്‍ അറിയിച്ചു. 1300 കോടി ചെലവഴിച്ച് നടത്തുന്ന ആറുവരിപ്പാത നിര്‍മാണത്തിന്റെ പ്രധാന വെല്ലുവിളിയായിരുന്നു തുരങ്കപ്പാത നിര്‍മാണം. വനവും വന്യജീവികളും നശിക്കുന്നത് ഒഴിവാക്കാനാണ് നാഷണല്‍ ഹൈവേ അതോറിറ്റി പാറ തുരന്ന് തുരങ്കപ്പാത നിര്‍മിക്കാനായി തീരുമാനമെടുത്തത്.
ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ചരിത്രനേട്ടം കൈവരിക്കുന്നത്. 962 മീറ്ററാണ് തുരങ്കപ്പാതയുടെ നീളം. കിഴക്ക് ഭാഗത്തുനിന്നും 622 മീറ്ററും പടിഞ്ഞാറു നിന്ന്് 340 മീറ്ററും തുരന്നെടുത്തപ്പോഴാണ് കൂട്ടിമുട്ടിയത്. കഴിഞ്ഞ വര്‍ഷം മേയ് 13 നാണ് നിര്‍മാണം ആരംഭിച്ചത്.
നിര്‍മാണത്തിന്റെ ഭാഗമായി നടത്തിയ സ്‌ഫോടനങ്ങളില്‍ തകര്‍ന്ന വസ്തുവകകള്‍ക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. 88 ദിവസത്തോളം നിര്‍മാണം തടഞ്ഞുവച്ചത് അനിശ്ചിതതാവസ്ഥ സൃഷ്ടിച്ചു. പിന്നീട് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവിനെ തുടര്‍ന്നാണു നിര്‍മാണം പുനരാരംഭിച്ചത്. തുരങ്കത്തിനുള്ളിലെ കോണ്‍ക്രീറ്റ് , ഷോര്‍ട്ട്ക്രീറ്റ് ജോലികളാണ് ഇനി ബാക്കിയുള്ളത്.
പാറയുടെ ബലക്ഷയം കണക്കിലെടുത്ത് നിര്‍മിച്ച ആര്‍ച്ചുകള്‍ക്ക് മീതെയും തുരങ്കത്തിന്റെ എഴുപത് ശതമാനം ഭാഗത്തും കംപ്രസര്‍ ഉപയോഗിച്ച് 2.60 മില്ലിമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് ലൈനിങ് നല്‍കും. മുകള്‍വശത്ത്് മൊത്തം കവര്‍ ചെയ്യുന്ന രീതിയില്‍ ഇരുന്പ് റിബുകള്‍ സ്ഥാപിക്കുന്ന പണികളും നടക്കും. ഇതോടൊപ്പം പത്തുമീറ്റര്‍ ഉയരം കൃത്യമാക്കാനായി മൂന്നു മീറ്റര്‍ കൂടി തുരങ്കത്തിന്റെ നിലം താഴ്ത്തിയെടുക്കുന്ന പണികളും നടന്നു വരികയാണ്.
ആകെ പത്തുമീറ്റര്‍ ഉയരത്തിലും 14 മീറ്റര്‍ വീതിയിലുമാണ് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. ഇരു തുരങ്കങ്ങളും 22 മീറ്റര്‍ അകലമുണ്ട്. തുരങ്കത്തിനുള്ളില്‍ ഗതാഗത കുരുക്കും അപകടവുമുണ്ടായാല്‍ അടുത്ത തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിനായി 300 മീറ്റര്‍, 600 മീറ്റര്‍ അകലങ്ങളിലായി ഇരുതുരങ്കങ്ങളും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇടപ്പാതകള്‍ നിര്‍മിക്കുന്ന പണികളും ആരംഭിച്ചു. 250 മീറ്റര്‍ പിന്നിട്ടു രണ്ടാമത്തെ തുരങ്കനിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. മേയ് മാസത്തോടെ ഇതിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകുമെന്നാണ് പ്രതീക്ഷ.
രണ്ടു തുരങ്കത്തിനുള്ളിലേയും കോണ്‍ക്രീറ്റ്, നിലം താഴ്ത്തിയെടുക്കല്‍ പണികള്‍ പൂര്‍ത്തിയാകുന്നതോടെ തുരങ്കപ്പാത ഇരുന്പുപാലത്തിന് പകരമായി നിര്‍മിക്കുന്ന രണ്ടു മേല്‍പ്പാലങ്ങളുമായും ബന്ധിപ്പിക്കാന്‍ കഴിയും. മേല്‍പ്പാലങ്ങള്‍ രണ്ടു പില്ലറുകള്‍ കൂടി സ്ഥാപിക്കുന്നതോടെ പൂര്‍ത്തിയാകും. ഇരട്ടക്കുഴല്‍ നിര്‍മാണം കഴിയുന്നതോടെ ഉപകരാറേറ്റെടുത്ത പ്രഗതി കന്പനി തുരങ്കങ്ങള്‍ കരാര്‍ കന്പനിയായ കെ.എം.സിയെ ഏല്‍പ്പിക്കുമെന്ന് സീനിയര്‍ ഫോര്‍മാന്‍ എം. സുദേവന്‍ പറഞ്ഞു. തുരങ്കത്തിനുള്ളിലെ റോഡ് നിര്‍മാണം കെ.എം.സിയുടെ ചുമതലയാണ്.
പ്രഗതിഗ്രൂപ്പിന്റെ 40 എന്‍ജിനീയര്‍മാരും 20 ഫോര്‍മാന്‍മാരും അടക്കം നാനൂറിലധികം പേരാണ് തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തുരങ്ക നിര്‍മാണം നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് പ്രഗതി മാനേജിങ് ഡയറക്ടര്‍ കൃഷ്ണംരാജു, ഡയറക്ടര്‍ എം. വിഷ്ണുവര്‍മ, പി.ആര്‍.ഒ. ശിവാനന്ദന്‍, ജന. മാനേജര്‍ ജോഗീന്ദര്‍സിങ് എന്നിവര്‍.
ഇന്ത്യയില്‍ ബോംബേ, മംഗലാപുരം എന്നിവിടങ്ങളില്‍ പ്രഗതി കന്പനി തുരങ്കപ്പാതകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഹിമാചല്‍ പ്രദേശത്ത് പുതിയ തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് കന്പനി അധികൃതര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് നാലിന് നടന്ന പ്രത്യേക ചടങ്ങില്‍ ഒന്നാമത്തെ തുരങ്കപ്പാത സി.എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കെ. രാജന്‍ എം.എല്‍.എ , പ്രഗതി എം.ഡി. കൃഷ്ണംരാജു തുടങ്ങിയവര്‍ പങ്കെടുത്തു .തുരങ്കപ്പാതയിലൂടെ വാഹനമോടിച്ച് മറുപുറം കടന്നാണ് വിശിഷ്ടാതിഥികള്‍ ചരിത്രനേട്ടത്തിനൊപ്പം ചേര്‍ന്നത്.
https://www.facebook.com/Malayalivartha






















