യുവ നടിയ്‌ക്കെതിരായ ആക്രമണം; നാണംകെട്ട് പോലീസ്

യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ് ഒതുക്കാന്‍ നീക്കം. കേരളത്തെ ഞെട്ടിച്ച കേസില്‍ മൂന്നുദിവസമായിട്ടും കാര്യമായ പുരോഗതി ഇല്ല. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൂക്കില്‍തുമ്പത്തുണ്ടായിട്ടും പിടികൂടാനാവാതെ പോലീസ്. കേരളം മുഴുവന്‍ വലവിരിച്ചിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും കേസ് ഒതുക്കിതീര്‍ക്കാനാണോ സുനിയെ പിടികൂടാന്‍ വൈകുന്നതെന്ന സംശയം ബാക്കി. അതേസമയം നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ നാകയനടനുമായുള്ള പ്രശ്‌നങ്ങള്‍ അടക്കം ഒതുക്കാനാണു നീക്കമെന്നു സിനിമാരംഗത്തുള്ളവര്‍ പറയുന്നു.
സംഭവം നടന്നതിന്റെ അടുത്തദിവസം മുതല്‍ പള്‍സര്‍ സുനി എവിടെയുണ്ടെന്ന വിവരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. നടിയെ ഉപദ്രവിച്ചശേഷം മൊബൈല്‍ ഫോണില്‍ സുനി നിരവധി പേരെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇവരില്‍ മൂന്നുപേരെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തു. സംഭവം പുറത്തറിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം പനമ്പിളളി നഗര്‍ പരിസരത്തു സുനിയുണ്ടായിരുന്നെന്നാണ് മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍നിന്നു പോലീസിനു ലഭിച്ച വിവരം. എന്നിട്ടും സുനിയെ പിടികൂടാന്‍ വൈകിയതാണു പോലീസ് നടപടി സംശയനിഴലിലാക്കിയിരിക്കുന്നത്.
തട്ടിക്കൊണ്ടുപോയ സംഘത്തില്‍ സുനി മാത്രമാണ് നടിയെ ഉപദ്രവിച്ചതെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. മറ്റുള്ളവര്‍ നടിയെ ഉപദ്രവിക്കുന്ന ഫോട്ടോകള്‍ എടുക്കുകയായിരുന്നു. പലഘട്ടങ്ങളായാണ് ഇവര്‍ വാഹനത്തില്‍ കയറിയത്. അവസാനം വാഹനത്തില്‍ കയറിയത് സുനിയാണെന്നാണു വിവരം. മുഖം മറച്ചാണ് ഇയാള്‍ കാറില്‍ കയറിയതെന്നും മുന്നോട്ടുനീങ്ങിയപ്പോഴാണു തിരിച്ചറിഞ്ഞതെന്നും നടി മൊഴി നല്‍കി. തിരിച്ചറിഞ്ഞെന്നു മനസിലായപ്പോള്‍ നടപ്പാക്കുന്നത് നായകന്റെ ക്വട്ടേഷനാണെന്നും എതിര്‍ത്താല്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാവുമെന്നും സുനി ഭീഷണിപ്പെടുത്തിയതായി നടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍ അക്രമത്തില്‍ പങ്കാളികളായ മറ്റു മൂന്നുപേര്‍ക്ക് സംഭവം ക്വട്ടേഷനായിരുന്നു എന്നറിയില്ലായിരുന്നു എന്നാണു മൊഴി. നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനാണ് പദ്ധതിയെന്നാണ് തങ്ങളോട് പറഞ്ഞതെന്നും ലഭിക്കുന്നതിന്റെ പകുതിയാണ് സുനി വാഗ്ദാനം ചെയ്തിരുന്നതെന്നുമാണ് െ്രെഡവര്‍ മാര്‍ട്ടിന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പോലീസിനോട് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് അമ്പതോളം പേരില്‍നിന്ന് അന്വേഷണസംഘം തെളിവ് ശേഖരിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച അമ്പലപ്പുഴ കക്കാഴം സ്വദേശി അന്‍വറിനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലായ മറ്റ് ഏതാനും പേര്‍കൂടി കേസില്‍ പ്രതികളാകുമെന്നാണ് സൂചന.
കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം കൊച്ചി സ്വദേശിയായ നെല്‍സണ്‍ എന്നയാള്‍ സംഘടിപ്പിച്ചു നല്‍കിയ ഓട്ടോറിക്ഷയിലായിരുന്നു സുനി ആലപ്പുഴയിലേക്കു കടന്നത്. സംഭവദിവസം നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിന്‍ ആന്റണി, ക്രിമിനല്‍ സംഘാംഗം വടിവാള്‍ സലിം, പ്രദീപ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു. സലീമിനെയും പ്രദീപിനെയും കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ഒരാളെക്കൂടി പോലീസ് പിടികൂടിയതായി സൂചനയുണ്ട്. അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട മണികണ്ഠനെ പാലക്കാട്ടുനിന്നു പിടികൂടിയതായാണു സൂചന.
https://www.facebook.com/Malayalivartha






















