നടി ആക്രമിക്കപ്പെട്ട കേസില്‍ മണികണ്ഠന്റെ മൊഴി പുറത്ത്...

ഓടുന്ന വാഹനത്തിനുള്ളില്‍ മലയാളി നടി അതിക്രമത്തിന് ഇരയായ സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ പള്‍സന്‍ സുനിയെന്ന സുനില്‍കുമാറാണെന്ന പൊലീസിന്റെ നിഗമനം ശരിവച്ച് പിടിയിലായ കൂട്ടുപ്രതി മണികണ്ഠന്‍. എല്ലാം പ്ലാന്‍ ചെയ്തത് സുനി ഒറ്റയ്ക്കാണെന്ന് മണികണ്ഠന്‍ പൊലീസിന് മൊഴിനല്‍കി. ഒരു 'വര്‍ക്ക്' ഉണ്ടെന്നു പറഞ്ഞാണ് കൂടെ കൂട്ടിയത്. ആരെയോ തല്ലാനുള്ള ക്വട്ടേഷനാണെന്നാണ് താന്‍ കരുതിയതെന്നും മണികണ്ഠന്‍ വ്യക്തമാക്കി. സുനിക്കു പിന്നില്‍ ആരാണെന്നു തനിക്കറിയില്ലെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് വാഹനത്തില്‍ കയറിയശേഷം മാത്രമാണ് അറിഞ്ഞത്. താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും മണികണ്ഠന്‍ പറഞ്ഞു. കൃത്യത്തിനുശേഷം സുനി കായംകുളത്തെ സ്ഥാപനത്തില്‍ മാല പണയം വച്ചു. തുടര്‍ന്ന് കിട്ടിയ പണവുമായി കോയമ്പത്തൂരിലേയ്ക്ക് പോയി. കോയമ്പത്തൂര്‍ വരെ താനും സുനിയോടൊപ്പമുണ്ടായിരുന്നുവെന്ന് മണികണ്ഠന്റെ മൊഴി . യാത്രയില്‍ പലപ്പോഴും സിനിമാ ലോകത്തെ ഉന്നതര്‍ സുനിയുമായി ബന്ധപ്പെട്ടിരുന്നു. പള്‍സര്‍ സുനിയുടെ കാമുകിമാരെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനം. കോയമ്പത്തൂരില്‍ വച്ച് മദ്യപിച്ചശേഷം തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്നാണ് താന്‍ സംഘത്തില്‍ നിന്നു പിരിഞ്ഞതെന്നും മണികണ്ഠന്‍.
എന്നാല്‍ ഇയാളുടെ മൊഴി പൂര്‍ണമായും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കേസിലെ മുഖ്യപ്രതികളിലൊരാളായ തമ്മനം സ്വദേശി മണികണ്ഠനെ കോയമ്പത്തൂരിനും പാലക്കാടിനും ഇടയ്ക്കുള്ള ഒളിയിടത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. നടി ആക്രമിക്കപ്പെടുമ്പോള്‍ മൂന്നു പേരാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാളാണ് പിടിയിലായ മണികണ്ഠന്‍. അതേസമയം, കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ അറസ്റ്റിലായ കേസിലെ പ്രതികള്‍ വടിവാള്‍ സലിമിനെയും പ്രദീപിനെയും അന്വേഷണ സംഘം ആലുവ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം, കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) ഒരു മാസത്തെ ടെലിഫോണ്‍ സംഭാഷണ രേഖകള്‍ നിര്‍ണായകമാവും. അതിക്രമത്തിനു ശേഷം കേസിലെ പ്രതികളിലൊരാള്‍ ഫോണില്‍ ആരെയോ വിളിച്ചു നടന്ന കാര്യങ്ങള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പള്‍സര്‍ സുനി മുന്‍കൂര്‍ജാമ്യത്തിനു ശ്രമിക്കുന്നതിനാല്‍ കേസ് കോടതി പരിഗണിക്കുന്നതിന് മുന്‍പ് പ്രതിയെ പിടികൂടാനാണ് പൊലീസ് ശ്രമം. ഇയാളെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
സിനിമാ നിര്‍മാണ കമ്പനിയുടെ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനാണ് അതിക്രമത്തിന് ഒത്താശ ചെയ്തത്. പണത്തിനു വേണ്ടിയാണു നടിയുടെ യാത്രാ വിവരം ചോര്‍ത്തിയതെന്നു മാര്‍ട്ടിന്‍ സമ്മതിച്ചു. സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുക്കുമ്പോള്‍ അവിടെയെത്തിയ നിര്‍മാതാവിന്റെ ഫോണില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതി സുനിലുമായി സംസാരിച്ചിരുന്നു. പിറ്റേന്നു സുനില്‍ ഈ ഫോണ്‍ കറുകുറ്റിയിലെ അഭിഭാഷകനെ ഏല്‍പിച്ചാണു കടന്നു കളഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു വേണ്ടിയുള്ള വക്കാലത്തിലും പ്രതി ഒപ്പിട്ടതായാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. ഫോണ്‍ ആലുവ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

അതിക്രമത്തിനു ശേഷം ഈ ഫോണിലേക്കു സുനിലിനെ വിളിച്ച മൂന്നു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ പുന്നപ്ര സ്വദേശിയുടെ പക്കല്‍ നിന്നു പണം വാങ്ങിയ സുനില്‍ കൊല്ലത്തേക്കാണു നീങ്ങിയതെന്നു പൊലീസ് പറയുന്നു. നടിയെ കാക്കനാട് വാഴക്കാലയില്‍ മോചിപ്പിച്ച ശേഷം കടന്നു കളഞ്ഞ സുനിലും കൂട്ടാളികളും നഗരത്തിലെ ഫ്‌ലാറ്റില്‍ തങ്ങി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണു നിര്‍മാതാവിന്റെ ഫോണില്‍ പൊലീസിനോടു സംസാരിക്കേണ്ടി വന്നത്. അപ്പോള്‍ തന്നെ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോയി.
https://www.facebook.com/Malayalivartha






















