സംസ്ഥാന ബജറ്റ് നാളെ: ക്ഷേമപെന്‍ഷനുകളില്‍ 200 രൂപയുടെ വര്‍ധനയ്ക്കു സാധ്യത, വിലക്കയറ്റം നേരിടുന്നതിനുള്ള പദ്ധതികളും ബജറ്റിലുണ്ടാകും

നിയമസഭയില്‍ നാളെ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ ക്ഷേമപെന്‍ഷനുകളില്‍ 200 രൂപയുടെയെങ്കിലും വര്‍ധനയുണ്ടാകുമെന്നാണു സൂചന. നിലവില്‍ 1000 രൂപയാണ് പെന്‍ഷന്‍. ഇതു 1200 രൂപയെങ്കിലുമാകും.
വിലക്കയറ്റം നേരിടുന്നതിനുള്ള പദ്ധതികളും ബജറ്റിലുണ്ടാകും. കറന്‍സിനിരോധനം മൂലം സാമ്പത്തികസ്ഥിതി മോശമായ സാഹചര്യത്തില്‍ ബജറ്റിന് പുറത്തായിരിക്കും പ്രധാനപദ്ധതികള്‍ക്ക് ഫണ്ട് വകയിരുത്തുക. എന്നാല്‍, റവന്യുവരുമാനം കൂട്ടാനായി നികുതിയേതര വരുമാന വര്‍ധനയ്ക്കും നടപടിയുണ്ടാകും. സര്‍ക്കാര്‍ നവകേരളത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കും.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നിന്നാണ് മന്ത്രി ഡോ: തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മുന്നില്‍ വലിയ വെല്ലുവിളിയുണ്ട്. പ്രധാന പരിഗണന വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായിരിക്കും നല്‍കുക. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനൊപ്പം കണ്‍സ്യൂമര്‍ഫെഡിനെയും വിപണിയില്‍ കൂടുതല്‍ ഇടപെടുവിക്കുന്നതിനു നടപടിയുണ്ടായേക്കും.
ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം തുടങ്ങുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിനുള്ള മുന്നൊരുക്കവും ബജറ്റിലുണ്ടാകും. ഉദ്യോഗസ്ഥ പുനര്‍വിന്യാസവും തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും ഉള്‍പ്പെടുത്തും. ഇതിനായി പഞ്ചായത്ത്മുന്‍സിപ്പല്‍ നിയമഭേദഗതിയും നിര്‍ദേശിക്കും. പ്രധാന ഊന്നല്‍ സമ്പൂര്‍ണപാര്‍പ്പിട പദ്ധതിക്കായിരിക്കും. ഒറ്റവീട് എന്നതിന് പകരം വീടില്ലാത്തവര്‍ക്ക് ഫഌറ്റുകള്‍ നിര്‍മിക്കുന്നതും പരിഗണനയിലുണ്ട്. അതുപോലെ ഊന്നല്‍ നല്‍കുന്ന മറ്റൊരുമേഖലയായിരിക്കും ഹരിതകേരള മിഷന്‍. ഇതില്‍ ഉള്‍പ്പെടുത്തി ശാസ്താംകോട്ട കായലിന്റെ നവീകരണത്തിനുള്ള പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
പതിനായിരം കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബിവഴി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതും കഴിഞ്ഞ ബജറ്റ് സമയത്ത് പ്രഖ്യാപിച്ച 4000 കോടിയുടെ പദ്ധതിയും ഉള്‍പ്പെടെ 14,000 കോടിയുടെ പദ്ധതി വരുന്ന സാമ്പത്തികവര്‍ഷം ആരംഭിക്കാനാണ് ലക്ഷ്യം. ഇത് നടപ്പാക്കുന്നതോടെ കേരളത്തിന്റെ സാമ്പത്തികനിലയില്‍ മാറ്റംവരുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തിന്റെ റവന്യുവരുമാനം വര്‍ധിപ്പിക്കുന്നതിനായി നികുതിഘടനയില്‍ ഇക്കുറി ബജറ്റില്‍ ഒരു മാറ്റവുമുണ്ടാവില്ല. ജി.എസ്.ടി. വരുന്ന സാഹചര്യത്തില്‍ അതിലാണ് ധനമന്ത്രിയുടെ പ്രതീക്ഷ. കുറഞ്ഞത് 2000 കോടി രൂപയുടെ വരുമാന വര്‍ധന ഇതിലൂടെ പ്രതീക്ഷിക്കുന്നുണ്ട്.
ജനവികാരം എതിരാകുമെന്നതിനാല്‍ സാധാരണ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഫീസ് വര്‍ധനകള്‍ ഉപേക്ഷിക്കും. പാട്ടത്തുകകള്‍ കാലോചിതമായി പരിഷ്‌കരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുപോലെ റോയല്‍റ്റികള്‍, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് കീഴിലുള്ള ഫീസുകള്‍ എന്നിവയും വര്‍ധിപ്പിച്ചേക്കും.
https://www.facebook.com/Malayalivartha























