കുഞ്ഞുങ്ങള്‍ മാറിപ്പോയ സംഭവം; ലക്ഷങ്ങള്‍ നല്‍കി തലയൂരാന്‍ ആശുപത്രി അധികൃതരുടെ ശ്രമം

നവജാത ശിശുക്കളെ മാറിപ്പോയ സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ നീക്കം. പരാതി പിന്‍വലിച്ചാല്‍ രണ്ടു ലക്ഷം രൂപ നല്‍കാമെന്നാണ് കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് (മെഡിസിറ്റി) അധികൃതരുടെ വാഗ്ദാനം. പരാതിക്കാരില്‍ ഒരാളായ മൈലാപൂര് കുന്നുവിള വീട്ടില്‍ നൗഷാദിനെ ഇന്നലെ ആശുപത്രിയില്‍ വിളിച്ചുവരുത്തുകയും, പണം വാങ്ങി ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ ഒപ്പുവയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും പരാധിയുമായി മുന്നോട്ടുപോകുമെന്നും നൗഷാദ് ഒരു പ്രമുഖ പത്രത്തോട് പറഞ്ഞു.
കഴിഞ്ഞ ഓഗസ്‌റ് 22ന് രാവിലെ കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജില്‍ ജനിച്ച രണ്ടു ആണ്‍കുട്ടികളാണ് അധികൃതരുടെ അനാസ്ഥ മൂലം മാറിപോയത്. കൊല്ലം മയ്യനാട് സ്വദേശി അനീഷ്-റംസി, മൈലാപ്പൂര് കുന്നുവിള വീട്ടില്‍ നൗഷാദ്-ജസീറ ദമ്പതികളാണ് പരാതിക്കാര്‍. ഏല്‍പ്പിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടേതല്ലെന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും ആശുപത്രി അധികൃതര്‍ പരിഹസിച്ച് തിരിച്ചയച്ചുവെന്ന് ഇവര്‍ പറയുന്നു. കുഞ്ഞുങ്ങളെ പൊതിഞ്ഞ ടൗവല്‍ മാറിപോയതാകാം കാരണമെന്നാണ് അധികൃതര്‍ പറഞ്ഞ മറുപടി. ഒടുവില്‍ ജില്ലാ ശിശു ക്ഷേമ സമിതിയുടെ ഇടപെടലിലൂടെ നടത്തിയ ഡി.എന്‍.എ. പരിശോധനയിലൂടെയാണ് കുഞ്ഞുങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് കൈമാറിയത്. 
ഓഗസ്റ്റ് 22 മുതലാണ് സംഭവ പരമ്പരകളുടെ തുടക്കം. റംസയും ജസീറയും അന്ന് രാവിലെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. വാങ്ങിക്കൊടുത്ത പച്ച ടവ്വലിന് പകരം റംസിക്ക് കിട്ടിയത് മഞ്ഞ ടൗവ്വലില്‍ അമ്മയുടെ പേര് എഴുതിയ ടാഗ് ഇല്ലാത്ത കുട്ടിയെ. മറുവശത്ത ജസീറയ്ക്ക് കിട്ടിയത് പച്ച ടൗവ്വലില്‍ റംസ എന്ന ടാഗ് എഴുതിയ കുട്ടിയെയും ചോദിച്ചപ്പോള്‍ ടൗവ്വല്‍ മാറിപ്പോയെന്നായിരുന്നു അധികൃതരുടെ മറുപടി. കുഞ്ഞിനെ മാറിയെന്ന് റംസയുടെ മാതാവ് സുബൈദ ചെന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെടുകയും ചെയ്തു. നാലു ദിവസം കഴിഞ്ഞ റംസ കുഞ്ഞുമായി പോയി. കുഞ്ഞിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് എന്നായിരുന്നു കുറിച്ചിരുന്നത്. നാലു മാസം ഈ കുഞ്ഞിനെ പാലൂട്ടുകയും ചെയ്തു. ഇതിനിടയില്‍ പ്രതിരോധ കുത്തിവെയ്പ്പിനായി ചെന്നപ്പോള്‍ നടത്തിയ രക്ത പരിശോധനയില്‍ ഗ്രൂപ്പ് എ പോസിറ്റീവ് എന്ന് കണ്ടതു മുതല്‍ പഴയ സംശയം വീണ്ടും ഉണ്ടായി. പിന്നീട് പല തവണ ആശുപത്രിയെ സമീപിക്കുകയും അവര്‍ കയ്യൊഴിയുകയും ചെയ്തതോടെ കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന കമ്മറ്റി ആശുപത്രിയെ വിളിച്ചു വരുത്തി ഡി.എന്‍.എ. പരിശോധന ആവശ്യപ്പെടുകയായിരുന്നു. ആദ്യം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഡി.എന്‍.എ. എടുത്തുള്ള പരിശോധനയും പിന്നീട് രക്ത സാമ്പിളുകളുടെ പരിശോധനയും കഴിഞ്ഞതോടെ ഇരു ദമ്പതികള്‍ക്കും തങ്ങളുടെ കൈവശം ഇരിക്കുന്ന കുഞ്ഞിന്റെ ഉടമസ്ഥാവകാശം എതിര്‍വിഭാഗത്തിനാണെന്ന മനസ്സിലാകുകയും ഇരുവരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ വെച്ചു തന്നെ കുഞ്ഞുങ്ങളെ പരസ്പരം കൈമാറുകയായിരുന്നു.
കുട്ടികളെ മാറി ലഭിച്ചെങ്കിലും പോറ്റിയവര്‍ ഇട്ട പേര് മാറ്റാന്‍ മാതാപിതാക്കള്‍ തയാറായില്ല. ജസീറയും നൗഷാദും കുട്ടിക്ക് ഹാബിത് റഹ്മാന്‍ എന്ന് പേരിട്ടപ്പോള്‍ അനീഷും റംസിയും മകന് മുഹമ്മദ് റംസാന്‍ എന്നാണ് പേരിട്ടത്. ഭാവിയിലും ആ പേരുകള്‍ മതിയെന്നാണ് ഇരുമാതാപിതാക്കളുടെയും തീരുമാനം. നിയമ നടപടിക്ക് ഉമ്മമാര്‍ കൊല്ലത്തെ അഭിഭാഷകന്റെ ഓഫിസില്‍ എത്തിയപ്പോള്‍ അഞ്ചുമാസം ഓമനിച്ച കുഞ്ഞുങ്ങളെ ചുംബനങ്ങള്‍ കൊണ്ട് പൊതിയുന്നുണ്ടായിരുന്നു. 
കഴിഞ്ഞ മാസമാണു ഗള്‍ഫില്‍ ജോലി ചെയ്യുന്ന നൗഷാദ് നാട്ടിലെത്തിയത്. നൗഷാദ് വരുന്ന വിവരമറിഞ്ഞ് വിമാന ടിക്കറ്റും വിമാനത്താവളത്തില്‍ നിന്നു വീട്ടിലെത്താനുള്ള വാഹന സൗകര്യവും ആശുപത്രി അധികൃതര്‍ വാഗ്ദാനം ചെയ്തു. അത് അപ്പോള്‍ തന്നെ നിഷേധിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 10 ന് അധികൃതര്‍ വിളിച്ചതനുസരിച്ച് നൗഷാദ് ആശുപത്രിയിലെത്തി. രണ്ടു ലക്ഷം രൂപ തരാമെന്നും കേസുമായി മുന്നോട്ടു പോകരുതെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ അഭ്യര്‍ത്ഥന. ഇതംഗീകരിക്കാതിരുന്നതോടെ ഭീഷണി മുഴക്കിയതെന്നും നൗഷാദ് പറഞ്ഞു. ഒത്തു തീര്‍പ്പിനില്ലെന്നും ഇന്നു ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനും പരാതി നല്‍കുമെന്നുമാണു നൗഷാദിന്റെ നിലപാട്.
https://www.facebook.com/Malayalivartha























