കൃഷ്ണദാസിനെ കേസുമായി ബന്ധപ്പെടുത്താന്‍ തെളിവില്ല; നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനു മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണു ജാമ്യം നല്‍കിയത്. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി അനുവദിച്ചില്ല. ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണദാസിനെതിരേ പ്രേരണാക്കുറ്റം ചുമത്താന്‍ മതിയായ തെളുവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
കോളജില്‍ ഇടിമുറിയുണ്ടെന്നും അവിടെ ജിഷ്ണുവിന് മര്‍ദ്ദനമേറ്റുവെന്നും പറയുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമേറ്റതിന്റെ തെളിവില്ല. ആരെങ്കിലും പറഞ്ഞതു മാത്രം കേട്ട് കേസ് എടുക്കാന്‍ കഴിയില്ല. കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തില്‍ ജാമ്യം നിഷേധിക്കാന്‍ കഴിയില്ല. ജിഷ്ണുവിന്റെ ശരീരത്തിലുണ്ടായ മുറിവുകള്‍ കോളജില്‍ നിന്നുണ്ടായതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്യുന്ന സമയത്ത് ഉണ്ടായതായിരിക്കാം-കോടതി നിരീക്ഷിച്ചു.
ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിനും മാനേജ്‌മെന്റിനും നേരിട്ടു പങ്കുണ്ടെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് ഡയറിയും സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള രേഖകളും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പരിശോധനയ്ക്കായി കോടതിക്കു കൈമാറിയിരുന്നു. കോളജിന്റെ ദൈനംദിന കാര്യങ്ങളില്‍ കൃഷ്ണദാസ് ഇടപെടാറില്ലെന്നാണു മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ വാദിച്ചത്. അന്വേഷണ കാലയളവില്‍ കൃഷ്ണദാസ് കോളേജില്‍ പ്രവേശിക്കരുതെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























