അതിരാവിലെ വൈദികന്റെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് ഒരു സ്ത്രീ, പുരോഹിതന്റെ അവിശുദ്ധത പരസ്യമായി വിളിച്ചു പറഞ്ഞപ്പോള്‍ തനിക്ക് വൈരാഗ്യം മാത്രം; പീഡനകേസ് പ്രതിയായ വൈദികനുമായുണ്ടായ അനുഭവം തുറന്നു പറഞ്ഞ് പിസി ജോര്‍ജ് എംഎല്‍എ

കണ്ണൂരില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പിസി ജോര്‍ജ് എംഎല്‍എ. സംഭവത്തില്‍ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത് കേരളത്തിലെ കത്തോലിക്ക സഭയ്ക്കു തന്നെ അത്യന്തം അപമാനകരമാണെന്നും ഇത്രമാത്രം നാണം കെട്ട സംഭവം കത്തോലിക്ക സഭയില്‍ ഉണ്ടായതില്‍ താന്‍ തലകുനിക്കുന്നുവെന്നും പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഇത്തരത്തിലൊരു റാസ്‌കല്‍ കത്തോലിക്ക സഭയില്‍ തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്തരത്തിലൊരു വൈദികനെ അഴിച്ചുവിട്ടതാരാണെന്നും പരിശോധിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.
റോബിന്‍ എന്ന വൈദീകന്‍ ഇത്തരത്തിലുള്ള ഒരു വൃത്തികെട്ട ആളാണെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും താന്‍ ഇക്കാര്യം പല അവസരങ്ങളിലായി തുറന്നു പറഞ്ഞിട്ടുണ്ടെന്നും പിസി പറഞ്ഞു. പത്ത് വര്‍ഷം മുന്‍പ് ഇയാള്‍ ദീപികയുടെ എംഡി ആയിരിക്കുമ്പോള്‍ ദീപികയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമനം നടത്തിയതുമായി ബന്ധപ്പെട്ട് ഒരു കാര്യം ചോദിക്കാന്‍ താന്‍ ഈ വൈദികനെ വിളിക്കുകയുണ്ടായി. ഫാരിസ് അബൂബക്കറിനെയാണ് വൈസ് ചെയര്‍മാനായി നിയമിച്ചത്. 27000 കത്തോലിക്കരുള്ള സഭയില്‍ ദീപികയുടെ വൈസ് ചെയര്‍മാന്‍ ആക്കാന്‍ എന്താണ് കാരണമെന്ന് ചോദിക്കാനാണ് താന്‍ ഇയാളെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചത്.
രാവിലെ ആറ് മണിക്ക് മുന്‍പായിരുന്നു തന്റെ ഫോണ്‍ കോള്‍, എന്നാല്‍ തന്നെ ഞെട്ടിച്ചു കൊണ്ട് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് ഒരു പെണ്ണാണ്. നീയാരാ നിനക്കെന്താ അച്ഛന്റെ മുറിയില്‍ കാര്യമെന്ന് താന്‍ ചോദിച്ചപ്പോള്‍ അച്ഛന്റെ സെക്രട്ടറിയാണെന്നാണ് അവര്‍ പറഞ്ഞത്. അച്ഛന്റെ സെക്രട്ടറി രാത്രി അച്ഛന്റെ കൂടെയാണോ കിടക്കുന്നത് എന്നും താന്‍ ചോദിച്ച് അവരോട് ദേഷ്യപ്പെടുകയുണ്ടായി. അതിനുള്ള മറുപടിയും തനിക്ക് ലഭിച്ചു. പക്ഷെ അതിപ്പോള്‍ പരസ്യമാക്കാന്‍ പറ്റില്ല. പക്ഷെ അത്രയും വൃത്തിക്കെട്ട രീതിയിലുള്ള ബന്ധമാണ് അവര്‍ തമ്മിലുള്ളതെന്ന് തനിക്ക് മനസ്സിലായി. പിന്നീടൊരു ചാനല്‍ ചര്‍ച്ചയില്‍ ദീപികയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം കച്ചവടം ചെയ്ത കാര്യം താന്‍ സൂചിപ്പിക്കുകയുണ്ടായി. അന്ന് ചര്‍ച്ചയില്‍ റോബിന്‍ എന്ന വൈദികനും ഉണ്ടായിരുന്നു. ഒരു വൈദികന് ചേരുന്ന തരത്തിലുള്ള വസ്ത്രം പോലും ധരിച്ചല്ല അന്ന് അയാള്‍ അവിടെ ചര്‍ച്ചയ്‌ക്കെത്തിയത്. അതു കണ്ട ഉടനെ ഇതൊക്കെ ഒരു അച്ചനാണോ അയാളെ ചര്‍ച്ചയില്‍ നിന്നും ഇറക്കിവിടണമെന്ന് താന്‍ വാര്‍ത്ത അവതാരകനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ രാവിലെ അയാളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഒരു സ്ത്രീയാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തതെന്ന കാര്യം താന്‍ തുറന്നടിച്ചു പറയുകയുണ്ടായി പിന്നെ അയാളെ ചര്‍ച്ചയില്‍ കണ്ടതേയില്ല.
സംഭവത്തെക്കുറിച്ച് താന്‍ പിന്നീട് അന്വേഷിച്ചിരുന്നു. ഒരാളെ മാത്രമല്ല, ഇത്തരത്തില്‍ നിരവധി സ്ത്രീകളുമായി ഈ വൈദീകന് ബന്ധമുണ്ടെന്നും പലരേയും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് തനിക്ക് അറിയാന്‍ സാധിച്ചത് പല പെണ്‍കുട്ടികളേയും വിളിച്ച് ജോലി വാഗ്ദാനം നല്‍കി ഇയാള്‍ കൂട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ ചില പിതാക്കന്മാരുടേയും വൈദികരുടേയും വൈരാഗ്യം താന്‍ വാങ്ങിച്ചെടുത്തുവെന്നതില്‍ കൂടുതല്‍ മറ്റൊരു ഫലവും തനിക്ക് ഉണ്ടായില്ല, എന്നിരുന്നാല്‍ പോലും തനിക്ക് ഇത്തരത്തിലുള്ള കാര്യങ്ങളോട് മൗനം പാലിക്കാനാവില്ല. അന്ന് തന്നെ ഇയാളെ സഭയില്‍ നിന്നും ഇറക്കിവിടേണ്ടതായിരുന്നു. ഇത്തരത്തിലുള്ള ഒരാളെ വച്ചോണ്ടിരുന്നത് സഭയ്ക്ക് തന്നെ അപമാനകരമാണ്.
ഇത്തരം വിഷയങ്ങള്‍ ഉണ്ടായിട്ടും ഇയാള്‍ക്കെതിരെയുള്ള കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. അന്ന് തന്നെ താന്‍ ചാനലിലൂടെ വിളിച്ചു പറഞ്ഞതാണ് ഇയാള്‍ കള്ളനാണെന്നും സഭയില്‍ നിന്നും പുറത്താക്കണമെന്നും. എന്നാല്‍ അതിന്റെ പേരില്‍ തന്നെ തെരഞ്ഞെടുപ്പില്‍ എങ്ങനെ തോല്‍പ്പിക്കാമെന്ന ചര്‍ച്ചകളാണ് പകരം വന്നത്. കാഞ്ഞിരപ്പള്ളി മെത്രാനും താനും തമ്മിലുള്ള പ്രശ്നവും ഇതാണ്. ഇത്തരത്തിലുള്ള വൈദീകരെ വച്ചുപുലര്‍ത്തുന്നതിനു പകരം ഇയാളുടെ മുന്‍ കാലകാര്യങ്ങളാണ് പൊലീസ് അന്വേഷിക്കേണ്ടത്. ഇയാള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും പിസി ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു.
കണ്ണൂര്‍ പേരാവൂരിനു സമീപം നീണ്ടു നോക്കിയില്‍ പതിനാറുകാരി പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ റോബിന്‍ വടക്കുഞ്ചേരിയെന്ന വൈദീകനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പോസ്‌കോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി.
പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പിടിയിലാകുമെന്ന് മനസിലാക്കിയ പ്രതി വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ചാലക്കുടിയില്‍ വച്ച് പേരാവൂര്‍ സി.ഐ എന്‍.സുനില്‍ കുമാറും സംഘവും കസ്റ്റഡിയിലെടുത്തത്.മൂന്നാഴ്ച്ച മുന്‍പ് തൊക്കിലങ്ങാടിയില്‍ ക്രൈസ്തവ സഭയുടെ ആശുപത്രിയിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടി ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രി അധികൃതര്‍ സംഭവം മൂടിവച്ചു. പിന്നീട് ഫാദര്‍ റോബിന്‍ വടക്കുംചേരി പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പേരാവൂര്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത കോളില്‍ നിന്നാണ് വിവരം പുറത്തുവന്നത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്. ഈ വൈദികന്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
https://www.facebook.com/Malayalivartha























