ബജറ്റ് ചോര്‍ച്ച; ധനമന്ത്രിയുടെ കസേരയിളകുമോ..?

ബജറ്റ് ചോര്‍ന്ന വിഷയത്തില്‍ നിലപാടു കടുപ്പിച്ച് പ്രതിപക്ഷം. മന്ത്രി തോമസ് ഐസക് രാജി വയ്ക്കണമെന്ന ആവശ്യം ശക്തം. ബജറ്റിന്റെ ചില ഭാഗങ്ങള്‍ രാവിലെ ഒരു പത്രത്തില്‍ അച്ചടിച്ചു വന്നതുമുതല്‍ ബജറ്റ് ചോര്‍ച്ച ചര്‍ച്ച സജീവമായിരുന്നു. രാവിലെ ഒന്‍പതരയോടെ പ്രചരിച്ച പതിനഞ്ചു പേജുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത് ലക്ഷങ്ങള്‍.
കഴിഞ്ഞ കുറെ ദിവസങ്ങളായി ചില സംഘടനാ പ്രതിനിധികളും, വ്യവസായികളും ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്ന ബജറ്റ് സംബന്ധിയായ പല കുറിപ്പുകളും ബജറ്റില്‍ കടന്നുകൂടിയതോടെ മന്ത്രിയുടെ നില ഏറെ പരുങ്ങലിലായി. എന്താണ് സംഭവിച്ചത്? എവിടെയാണ് പിഴച്ചത്? ഉത്തരവാദിത്വ ബോധമില്ലാതെ ധനകാര്യമന്ത്രി ബജറ്റ് അവതരിപ്പിച്ചതിനെ സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനം ഉയര്‍ന്നു.
കഴിഞ്ഞ കെ.എം. മാണിയുടെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതു തടഞ്ഞതിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഐസകിന് ഇപ്പോള്‍ സംഭവിച്ചതു വിധി വൈപരീത്യം. അന്ന് ഐസക് പറഞ്ഞ മാണിയുടെ ബജറ്റിന് ഒരുകെട്ടു പേപ്പറിന്റെ വിലയേ ഉള്ളൂ എന്ന് കെ.എം.മാണി അതേ ഭാഷയില്‍ തിരിച്ചടിക്കുന്നതും കൗതുകകരമാകുന്നു.
ബജറ്റിന്റെ ചോര്‍ച്ചയെക്കുറിച്ചന്വേഷിക്കാന്‍ സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനം വന്നയുടന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ധനകാര്യ മന്ത്രിയുടെ അസിസ്റ്റന്റ് പി.എസ്.മനോജ് കെ. പുതുവിളയെ പുറത്താക്കിക്കൊണ്ടുള്ള നടപടി ഐസക് സ്വീകരിച്ചത് കസേര രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ തന്നെ.
ബജറ്റിന്റെ മേന്‍മകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയേണ്ടിടത്ത് ബജറ്റ് ചോര്‍ച്ചയെക്കുറിച്ചും, ബജറ്റിന്റെ വിശുദ്ധിയെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ് നിറയുന്നത്. പ്രതിപക്ഷാംഗങ്ങള്‍ ഗവര്‍ണറെക്കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. ധനകാര്യമന്ത്രിയുടെ രാജിക്കായി കടുത്ത സമരപരിപാടികളിലേക്ക് കടക്കാന്‍ ബി.ജെ.പി തീരുമാനമെടുത്തു. ഇനിയുള്ള ദിവസങ്ങളില്‍ നിയമസഭയില്‍ നടക്കുന്ന ബജറ്റ് ചര്‍ച്ചകളും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിലായിരിക്കും എന്ന് ഉറപ്പായിക്കഴിഞ്ഞു.
രാജി ആവശ്യത്തിലുറച്ചു നിന്നുകൊണ്ട് ധനകാര്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമൊരുക്കാനാണ് മുസ്ലീംലീഗ് തീരുമാനവും.
കടുത്ത പിഴവാണ് സംഭവിച്ചതെന്നും കേരള ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലുള്ള ബജറ്റ് ചോര്‍ച്ചയെന്നും ബജറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നിഷ്പക്ഷമതികളും പറയുന്നു. അന്വേഷണ പ്രഹസനമോ മുഖം മിനുക്കല്‍ നടപടികളോ കൊണ്ട് പ്രശ്‌നം തീരില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സൂചിപ്പിച്ചു.
ബജറ്റിലെ പല തീരുമാനങ്ങളും ചോര്‍ന്ന സ്ഥിതിക്ക് പുതിയ മന്ത്രി, പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെടുന്നു.
സി.പി.എമ്മിലും ധനമന്ത്രിയോട് കടുത്ത അതൃപ്തിയാണ് പുകയുന്നത്. ധനമന്ത്രിയുടെ കഴിവുകേടില്‍ സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെടുന്നത് അനുവദിക്കരുതെന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
മുന്‍പ് നിയമനത്തില്‍ സ്വജനപക്ഷപാതം കാട്ടിയതിന് ഇ.പി. ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ പിണറായി വിജയന്‍ ഇക്കാര്യത്തില്‍ എന്തു നടപടിയെടുക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. എന്തായാലും പ്രതിഷേധ സമരങ്ങളുടെ ഒരു വലിയ വേലിയേറ്റമാകും ഇനി കേരളത്തിനു മുന്‍പില്‍.
https://www.facebook.com/Malayalivartha























