നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിനു പിന്നില്‍ ക്വട്ടേഷനില്ലെന്ന നിഗമനത്തിലേക്ക് പൊലീസ്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുമ്പോള്‍ ഇത് ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു. വഴങ്ങിയില്ലെങ്കില്‍ മരുന്ന് നല്‍കി മയക്കി ഫ്‌ലാറ്റിലേക്ക് കൊണ്ടുചെല്ലാനാണ് നിര്‍ദേശമെന്നും സുനി പറഞ്ഞതായി മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ക്വട്ടേഷന്‍ സാധ്യത കണ്ടെത്താനായിട്ടില്ല. ഇപ്പോള്‍ പിടിയിലായവര്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്താനാവശ്യമായ തെളിവുകളും പൊലീസിന് ലഭിച്ചിട്ടില്ല. ക്വട്ടേഷനുണ്ടെന്ന് പള്‍സര്‍ സുനി പറഞ്ഞത് നടിയെ ഭീഷണിപ്പെടുത്തി വശത്താക്കാനായിരുന്നു എന്നാണ് പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. പള്‍സര്‍ സുനി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കണ്ടെത്തി ഒരുവര്‍ഷത്തിനുള്ളില്‍ അതിലേക്ക് വന്ന സന്ദേശങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. ഇതു കൂടി പൂര്‍ത്തിയായാല്‍ ക്വട്ടേഷന്‍ സാധ്യതയുടെ കാര്യത്തില്‍ പൂര്‍ണ സ്ഥിരീകരണമാകുമെന്നാണ് പ്രതീക്ഷ.
ക്വട്ടേഷനെന്ന് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പറഞ്ഞത് നടിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് സംശയം. പിടിയിലായ പള്‍സര്‍ സുനി വടിവാള്‍ സലിം, പ്രദീപ്, തമ്മനം മണികണ്ഠന്‍, ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരെ മാത്രമാണ് ഇതുവരെ തെളിവ് ലഭിച്ചത്. ഇക്കാര്യങ്ങള്‍ ഉറപ്പിക്കുന്നതിനായി കൂട്ടുപ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയും സാക്ഷികളുടെ മൊഴി വീണ്ടും പരിശോധിക്കുകയും ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നു പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസിലെ പ്രതികളായ നാലു ഗുണ്ടകളുടെ കസ്റ്റഡി കാലാവധി അന്വേഷണ സംഘം തിങ്കളാഴ്ച വരെ നീട്ടിവാങ്ങി. ആലുവ മജിസ്‌ട്രേട്ട് കോടതിയിലാണ് അന്വേഷണ ആവശ്യം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചത്. തെളിവു ശേഖരണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ഇവരെ ഫലപ്രദമായി ചോദ്യം ചെയ്യാന്‍ ഇന്നലെ വരെ കഴിഞ്ഞിരുന്നില്ല.
പള്‍സര്‍ സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധിയും നീട്ടാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഇതിനായുള്ള അപേക്ഷ ഇന്നു സമര്‍പ്പിച്ചേക്കും. ആദ്യ റിമാന്‍ഡ് കാലാവധിയില്‍ മാത്രമേ പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ലഭിക്കുകയുള്ളൂ. വരുന്ന 10 നാണു സുനി, വിജീഷ് എന്നിവരുടെ ആദ്യ റിമാന്‍ഡ് കാലാവധി തീരുന്നത്. നടിയെ ആക്രമിക്കുന്ന രംഗം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഇന്നലെയും പൊലീസിനു കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha























