ആയൂര്‍ ബസപകടം: മരിച്ചവരുടെ എണ്ണം നാലായി , മരിച്ചവരെല്ലാം ഇന്‍ഫോസിസ്, ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍

ആയൂര്‍ കമ്പംകോട്ട് എം.സി റോഡില്‍ ഇന്നലെ വൈകിട്ട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥ ഷഹാന ഹബീബ് ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്. അപകടത്തില്‍ മരിച്ച രണ്ടുപേരെ ഇന്നുരാവിലെ തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ ഒരാളെ തിരിച്ചറിഞ്ഞിരുന്നു.
തിരുവനന്തപുരം ഇന്‍ഫോസിസ്, ടെക്‌നോപാര്‍ക്ക് ജീവനക്കാരാണ് മരിച്ചവരെല്ലാം. പെരുമ്പാവൂര്‍ കുറുപ്പംപടി കൊച്ചിക്കല്‍ ഹൗസില്‍ കെ.പി. വര്‍ക്കി സി.പി. മേരി ദമ്പതികളുടെ മകള്‍ രമ്യ.കെ.പി (26), പത്തനംതിട്ട സ്വദേശികളായ ലിന്‍സ് തോമസ് (26), ജോണ്‍ സാമുവലിന്റെ മകന്‍ റോമി ജോര്‍ജ് വര്‍ഗീസ് (26) എന്നിവരാണ് ഇന്നലെ മരിച്ചത്. രമ്യ തിരുവനന്തപുരം ഇന്‍ഫോസിസിലെ ഉദ്യോഗസ്ഥയാണ്. ലിന്‍സ് തോമസും ഇന്‍ഫോസിസിലാണ് ജോലി ചെയ്യുന്നത്. റോമി ടെക്‌നോപാര്‍ക്കിലെ യു.എസ്.ടി ഗ്ലോബല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും.
ഇന്നലെ വൈകിട്ട് 6.45ന് ആയൂര്‍ കമ്പംകോട് പാലത്തിന് സമീപത്താണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും അങ്കമാലിക്ക് പോവുകയായിരുന്നു സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ വശത്തേക്ക് പുനലൂരില്‍ നിന്നും ആറ്റിങ്ങലേക്ക് പോവുകയായിരുന്ന ജനത എന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ വശം തകര്‍ത്തുകൊണ്ട് അകത്തേക്ക് ഇടിച്ചുകയറി.ഇരു ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. വെള്ളിയാഴ്ചകളില്‍ ഇന്‍ഫോസിസിലേയും ടെക്‌നോപാര്‍ക്കിലെയും ജീവനക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി ബസാണ് അപകടത്തില്‍പെട്ടത്. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് തുടങ്ങി ടെക്‌നോപാര്‍ക്ക് വഴി വെഞ്ഞാറമൂട് വഴിയാണ് അങ്കമാലിയിലേക്ക് പോകുന്നത്. അതിനാല്‍, ടെക്‌നോപാര്‍ക്കിലെയും ഇന്‍ഫോസിസിലേയും ജീവനക്കാരായിയിരിക്കും യാത്രക്കാരില്‍ കൂടുതല്‍പേരും.
അപകടത്തില്‍പെട്ട ഇരു ബസുകളിലുമുണ്ടായിരുന്നവരെ ഓടിക്കൂടിയവര്‍ വളരെ ശ്രമഫലമായാണ് പുറത്തെടുത്തത്. ഇരുപതിലധികം പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും മുപ്പതോളം പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ കളക്ടര്‍ ടി. മിത്രയും റൂറല്‍ എസ്.പി എസ്. സുരേന്ദ്രനും അടക്കം സ്ഥലത്തെത്തിയിരുന്നു. വര്‍ക്കി മേരി ദമ്പതികളുടെ നാല് പെണ്‍മക്കളില്‍ മൂന്നാമത്തെ ആളാണ് മരിച്ച രമ്യ. സഹോദരങ്ങള്‍ രേഖ, രേഷ്മ, രശ്മി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് 1.30ന് കുറുപ്പംപടി സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
https://www.facebook.com/Malayalivartha























