സൗമ്യയുടെ മരണം ആത്മഹത്യയല്ലെന്ന് അമ്മ

വാണിയംകളം പി.കെ ദാസ് മെഡിക്കല്‍ കോളജില്‍ ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ച സൗമ്യയുടെ മരണം ആത്മഹത്യയല്ലെന്ന് അമ്മ. താന്‍ സ്വയം ആസിഡ് കഴിച്ചതല്ലെന്നും മറ്റാരോ തന്നെ നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചതാണെന്നും ചികില്‍സയിലിരിക്കെ മകള്‍ തന്നോട് പറഞ്ഞുവെന്ന് അമ്മ പാറുക്കുട്ടി വ്യക്തമാക്കി. ഐ.സി.യുവില്‍ കഴിഞ്ഞ സൗമ്യയെ പി.കെ ദാസ് മെഡിക്കല്‍ കോളജ് അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നുവെന്നും അമ്മ ആരോപിച്ചു. വീട്ടിലെത്തി രണ്ടാം ദിവസം സൗമ്യ രക്തം ഛര്‍ദിച്ചു. വീണ്ടും പി കെ ദാസ് മെഡിക്കല്‍ കോളജിലെത്തിച്ചപ്പോള്‍ ഇവിടെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് പറഞ്ഞതായും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി നാലിന് പുലര്‍ച്ചെയാണ് പി.കെ ദാസ് മെഡിക്കല്‍ കോളജിലെ റേഡിയോളജി വിഭാഗത്തിലെ വിശ്രമമുറിയില്‍ റേഡിയോളജി ജീവനക്കാരായ ലക്കിടി അകലൂര്‍ സ്വദേശി ഐശ്യര്യ (25) ഒറ്റപ്പാലം പനമണ്ണ സ്വദേശി സൗമ്യയെയും (25) ആസിഡ് അകത്ത് ചെന്ന നിലയില്‍ കാണപ്പെട്ടത്. റേഡിയോളജി കോഴ്സ് പൂര്‍ത്തിയാക്കി ട്രെയിനികളായി രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരും ഇവിടെ ജോലിക്ക് കയറിയത്.
ജോലി രാജിവെക്കാന്‍ തീരുമാനിച്ച് രണ്ട് പേരും മാനേജ്‌മെന്റിന് കത്ത് നല്‍കിയിരുന്നു. മാനേജ്മെന്റ് ഇത് അംഗീകരിച്ചതോടെ ജോലിയില്‍ നിന്നും പിരിഞ്ഞു പോകുന്ന ദിവസം ഇരുവരും ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ കഴിയുകയായിരുന്ന ഇരുവരുടെയും മരണ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലിരിക്കെ സൗമ്യ മരിച്ചു. കൂട്ടുകാരിയെ പിരിയാനാവാത്തതിനാലാണ് ആത്മഹത്യ ചെയ്തത് എന്നാണ് എഫ്.ഐ.ആര്‍.
https://www.facebook.com/Malayalivartha


























