യു.ഡി.എഫിന് ഒടുവില്‍ മാണിയെ വേണം!

കെ.പി.സി.സി അധ്യക്ഷനെ പോലും കണ്ടു പിടിക്കാന്‍ കഴിയാത്ത തരത്തില്‍ അനാഥമായി പോയ കോണ്‍ഗ്രസ് പാര്‍ട്ടി ഒടുവില്‍ കെ.എം മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചു.
അധികാരമുള്ളപ്പോള്‍ എന്തുമാകാം എന്ന ഹുങ്കിലായിരുന്നു കോണ്‍ഗ്രസ് ഇത്രയും കാലം. കേരളം ഉള്ളിടത്തോളം കാലം ഭരണത്തിലിരിക്കാമെന്ന അഹങ്കാരമാണ് ഉമ്മന്‍ ചാണ്ടിക്കും നാല്‍പത്തിയൊന്ന് കള്ളന്‍മാര്‍ക്കുമുണ്ടായിരുന്നത്.
താന്‍ മാര്‍പാപ്പയാണെന്ന മട്ടിലാണ് അക്കാലത്ത് ഉമ്മന്‍ ചാണ്ടി ജീവിച്ചത്. സകലമാന അഭിസാരികമാര്‍ക്കും മുഖ്യമന്ത്രിയുടെ വാതില്‍ തുറന്നു കൊടുത്ത് ഭരിച്ചു. രമേശ് ചെന്നിത്തല വടക്കോട്ടും ഉമ്മന്‍ ചാണ്ടി തെക്കോട്ടും നടന്നു. ഒടുവില്‍ പാരപണിത് കെ.എം. മാണിയെ തെറിപ്പിച്ചു.
മാണി മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നം കണ്ടപ്പോള്‍ അദ്ദേഹത്തെ വെട്ടി നിരപ്പാക്കി. അന്‍പതു വര്‍ഷത്തെ മെഴുകുതിരി വെട്ടം ഊതി കെടുത്തി. മാണിയുടെ കസേര തെറിപ്പിക്കാനാണ് ബാര്‍ക്കോഴ കൊണ്ടുവന്നതെന്ന് മണിക്കുള്‍പ്പെടെ എല്ലാവര്‍ക്കുമറിയാം. ഉപതെരഞ്ഞടുപ്പുകള്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഇടുക്കി അണക്കെട്ടോളം ഉയര്‍ന്നു. ഇനി ചാണ്ടി മാത്രമെന്ന് അദ്ദേഹത്തിന്റെ ഭക്തര്‍ പറഞ്ഞു നടന്നു.
ഒടുവില്‍ പിണറായി വിജയന്റെ അങ്കത്തട്ടില്‍ ചാണ്ടി ചിറകറ്റ് വീണപ്പോഴാണ് സ്വര്‍ഗ്ഗവും നഗരവും ഭൂമിയിലാണെന്ന് മനസിലാക്കിയത്. പിന്നീട് കാറും വിമാനവുമില്ലാതെ കോണ്‍ഗ്രസിനെ നന്നാക്കുമെന്നു പറഞ്ഞ് ചിന്നക്കടയിലെ സ്റ്റാന്റില്‍ നിന്നും കെ.എസ്.ആര്‍.റ്റി.സിയില്‍ കയറി. പത്രക്കാരെയൊക്കെ വിളിച്ചു വരുത്തിയ ശേഷമായിരുന്നു യാത്ര. ഇതേ ഉമ്മന്‍ചാണ്ടി പിന്നീട് സുധീരനോട് പിണങ്ങി കോണ്‍ഗ്രസിന്റെ യോഗങ്ങള്‍ക്ക് പോലും വരാന്‍ വിസമ്മതിച്ചു.
അപ്പോഴും മാണിക്കിട്ട് പാര പണിയുന്നത് കോണ്‍ഗ്രസ് തുടര്‍ന്നു. ഇപ്പോഴിതാ ഹൈക്കമാന്റ് സന്തതി ഒളിവാസത്തിലേക്ക് പോയി. കെ.പി.സി സി പ്രസിഡന്റ് സലാം പറഞ്ഞ് പിരിഞ്ഞു. സുധീരന്‍ കൊണ്ടുവന്ന പ്രവര്‍ത്തകരൊക്കെ ബി.ജെ.പിയില്‍ ചേക്കേറി. അപ്പോഴാണ് മലപ്പുറം ഉപതെരഞ്ഞടുപ്പ് വന്നത് .
ചെന്നിത്തലയും ചാണ്ടിപ്പിതാവുമൊന്നും മലപ്പുറത്ത് പോകാതിരുന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കൂടും. കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്ക് പോയാല്‍ കെട്ടിന് കൊണ്ടു പോകുന്ന കാരണവന്‍മാരില്‍ ഒരാള്‍ കൂടി കുറയും. മാണി പോയതോടെ തലപ്പൊക്കം ഒന്നു കുറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ തുടക്കത്തില്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്തു പ്രവര്‍ത്തിക്കും എന്നു പ്രതീതി ഉണ്ടാക്കിയെങ്കിലും, ഞൊടിയിടയില്‍ എല്ലാം തകര്‍ന്നു. ഗുണ്ടാ ആക്രമണങ്ങളും, രാഷ്ട്രീയ കൊലപാതകങ്ങളും പതിവായി. സ്ത്രീപീഡനങ്ങള്‍ പെരുകി. കൊച്ചുകുട്ടികളുടെ നേര്‍ക്കുള്ള ലൈംഗികാക്രമണങ്ങള്‍ വര്‍ദ്ധിച്ചു. സ്വജനപക്ഷപാതത്തില്‍ ഇ.പി. ജയരാജന്‍ വീണു. മന്ത്രിസഭ കാര്യക്ഷമമല്ലെന്നു ജനങ്ങള്‍ പൊതുവെ പറഞ്ഞുതുടങ്ങി.
ഭരണം ചീഞ്ഞുനാറിയിട്ടും പ്രതിപക്ഷം ഉണ്ടോ എന്നറിയാന്‍ മഷിയിട്ടു നോക്കേണ്ട അവസ്ഥ. പ്രതിപക്ഷനേതാവിന് പ്രതിഷേധിക്കാനോ, സമരങ്ങള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഉമ്മന്‍ചാണ്ടി സ്വയം തോല്‍വി സമ്മതിച്ച് ഒതുങ്ങിക്കൂടി. യു.ഡി.എഫ് ശിഥിലമാകുന്ന സ്ഥിതി.
വീണുകിട്ടിയ വടിയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ്. ലീഗില്‍ യു.ഡി.എഫ് വികാരം ഉണ്ടാക്കാന്‍പറ്റിയ അവസരം. കെ.എം. മാണിയെക്കൂടി കൂട്ടിയാല്‍ യു.ഡി.എഫ് ശക്തമായി എന്ന തോന്നലുണ്ടാകാം. എന്നാല്‍ മാണി മടിച്ചുനില്‍ക്കുന്നു.
കുഞ്ഞാലിക്കുട്ടിയെ കൂടുവിടാതെ നോക്കണം.
https://www.facebook.com/Malayalivartha
























