ജേക്കബ് തോമസ് ഇന്റലിജന്‍സ് നിരീക്ഷണത്തില്‍; ഹൈക്കോടതിക്ക് വിവരം കിട്ടിയത് ഇന്റലിജന്‍സില്‍ നിന്ന്?

വിജിലന്‍സ് ഡയറക്ടറെ നിലക്കു നിര്‍ത്താന്‍ അദ്ദേഹത്തിന്റെ മുറിയില്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം പോലീസ് കയറുമോ? ജേക്കബ് തോമസ് ഇന്റലിജന്‍സ് നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.
വിജിലന്‍സ് ആസ്ഥാനത്ത് മേധാവിയുടെ മുറി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പരാതി സംഘത്തിന്റെ വിവരങ്ങള്‍ എങ്ങനെയാണ് ഹൈക്കോടതി അറിഞ്ഞതെന്ന് ചിന്തിച്ച് തല പുണ്ണാക്കുകയാണ് ഡോ.ജേക്കബ് തോമസ്.അദ്ദേഹത്തിനു സംശയം ഇന്റലിജന്‍സിനെയാണ് .
പരാതി നല്‍കാന്‍ വിജിലന്‍സ് ആസ്ഥാനത്ത് ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. പല പരാതികളുടെയും യഥാര്‍ത്ഥ ഉറവിടം താനിപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് പറയാന്‍ കോടതി മടിച്ചില്ല.തിരുവനന്തപുരത്തെയും മധ്യതിരുവിതാംകൂറിലെയും ചില പൊതുപ്രവര്‍ത്തകരാണ് ജേക്കബ് തോമസിന്റെ നിര്‍ദ്ദേശാനുസരണം പരാതി നല്‍കുന്നത്. ജേക്കബ് തോമസിന് താത്പര്യമില്ലാത്തവരെ കേസില്‍ കുടുക്കാനാണ് ഇവരുടെ സഹായം അദ്ദേഹം ഉപയോഗിക്കുന്നത്.
വിജിലന്‍സിന്റെ പ്രവര്‍ത്തനം നിയമാനുസൃതമായിരിക്കണമെന്ന് പറയാനും കോടതി മറന്നില്ല. അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് മാത്രം എന്ത് അധികാരമാണുള്ളതെന്നും കോടതി ചോദിച്ചു. ഇത്തരം കേസുകള്‍ പോലീസ് അന്വേഷിക്കുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. ബോധപൂര്‍വം പരാതിക്കാരെ പറഞ്ഞു വിടുന്ന ഒരു ഗൂഢസംഘം ഉണ്ടെന്നും കോടതി പറഞ്ഞു.
പരാതി കിട്ടിയാല്‍ അതിന്റെ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതല്ലേ എന്ന് കോടതി ആവര്‍ത്തിച്ചു. വിജിലന്‍സിന്റെ പ്രവര്‍ത്തനം പക്വമല്ലെന്ന തരത്തില്‍ തന്നെയാണ് കോടതി സംസാരിച്ചത്.
വിജിലന്‍സ് ആസ്ഥാനത്ത് പരാതി ജോലിക്കാര്‍ ഇറങ്ങിക്കയറുകയാണെന്ന് നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിക്കുന്നതായും വിവരമുണ്ടായിരുന്നു.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് തന്റെ ഫോണും മെയിലും ചോര്‍ത്തുന്നതായി ജേക്കബ് തോമസ് പരാതിപ്പെട്ടത് ഈ സാഹചര്യത്തിലാണ്. അദ്ദേഹം ഉന്നമിട്ടത് ഇന്റലിജന്‍സിനെയാണ്. അന്ന് ശ്രീലേഖയായിരുന്നു ഇന്റലിജന്‍സ് മേധാവി.ശ്രീലേഖക്കെതിരെയും ജേക്കബ് തോമസ് കേസെടുത്തിരുന്നു. മേധാവി മാറിയെങ്കിലും നിരീക്ഷണം മാറിയിട്ടില്ലെന്നാണ് ജേക്കബ് തോമസിന്റെ സംശയം. ഇന്റലിജന്‍സില്‍ നിന്നാണ് ഹൈക്കോടതിക്ക് വിവരം ലഭിച്ചതെന്നും ജേക്കബ് തോമസ് കരുതുന്നു.
https://www.facebook.com/Malayalivartha

























