എകെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്ന് എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി; ഗതാഗതമന്ത്രിയായി നാളെ വൈകിട്ട് നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

എ.കെ.ശശീന്ദ്രന്‍ രാജിവച്ച ഒഴിവില്‍ തോമസ് ചാണ്ടി എന്‍സിപിയുടെ മന്ത്രിയാകും. ശനിയാഴ്ച വൈകിട്ട് നാലിന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
എകെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്ന് എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് യോഗത്തിലാണ് തോമസ് ചാണ്ടിയെ പിണറായി മന്ത്രിസഭയിലേക്കെടുക്കാന്‍ തീരുമാനമായത്. നാളെ വൈകിട്ട് നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് കുട്ടനാട് എംഎല്‍എ ഗതാഗതമന്ത്രിയായി അധികാരമേല്‍ക്കും.
എ.കെ ശശീന്ദ്രനെതിരായ ജൂഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രന്‍ മാറിനില്‍ക്കുന്നത് തന്നെയാണ് നല്ലതെന്നുമാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ പൊതു വികാരം. ഇതോടെയാണ് സിപിഐഎം കേന്ദ്ര നേതൃത്വം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച തോമസ് ചാണ്ടിക്ക് പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ അവസരം ലഭിച്ചത്.
മന്ത്രി എകെ ശശീന്ദ്രനെ കുടുക്കിയതാണെങ്കിലും ഇത്തരത്തിലൊരു സംഭാഷണം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലായിരുന്നു എന്നൊരു നിലപാടും യോഗത്തില്‍ ഉയര്‍ന്നിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ നേരത്തെ എന്‍സിപി സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയതോടെയാണ് എല്‍ഡിഎഫ് യോഗം ഇക്കാര്യത്തില്‍ തീരുമാനമായത്.
എന്‍സിപി തോമസ് ചാണ്ടിയെ നിര്‍ദ്ദേശിച്ചതോടെ ഇതിനെതിരായി നീങ്ങേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. ഇതേ നിലപാടാണ് സിപിഐയും എടുത്തത്. എന്‍സിപിയുടെ മന്ത്രിയെ അവര്‍ തന്നെ തീരുമാനിക്കട്ടേയെന്ന നിലപാടാണ് ഘടകകക്ഷികളെടുത്തത്. ഇതോടെ എല്‍ഡിഎഫ് യോഗത്തില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ തീരുമാനം ഉണ്ടാവുകയായിരുന്നു.
തീരുമാനം എല്‍ഡിഎഫ് യോഗത്തിന് പുറത്തേക്ക് വന്ന എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ സൂചിപ്പിച്ചെങ്കിലും ഔദ്യോഗികമായി എല്‍ഡിഎഫ് കണ്‍വീനര്‍ പ്രഖ്യാപിക്കുമെന്ന നിലപാടാണ് എടുത്തത്.
https://www.facebook.com/Malayalivartha






















