ദേശീയ പാതയോരത്ത് നിന്നും മാറ്റിസ്ഥാപിച്ച ബിവറേജസ് ഔട്ട്ലറ്റുകളുടെ പുതിയ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ച് ബെവ്കോ

കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലാകെ വലിയ സാമൂഹ്യവിഷയമായി മാറിക്കഴിഞ്ഞു, ദേശീയ പാതയോരത്തില്‍ നിന്ന് മദ്യശാലകള്‍ മാറ്റുന്നത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ്. ഉത്തരവ് വന്നതിന് ശേഷം, ചിലയിടങ്ങളില്‍ ബെവ്കോ ഔട്ട്ലറ്റുകള്‍ മാറ്റിസ്ഥാപിച്ചിരുന്നു. സുപ്രീംകോടതി വിശദീകരണം നല്‍കിയ ശേഷം, കഴിഞ്ഞയാഴ്ച മദ്യശാലകള്‍ മാറ്റാനുള്ള നീക്കം പലയിടത്തും സംഘര്‍ഷത്തിലും ഹര്‍ത്താലിലും പ്രതിഷേധത്തിലുമാണ് കലാശിച്ചത്. അതിനാല്‍ തന്നെ സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ആകെ അങ്കലാപ്പിലായി മാറി. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ബെവ്കോയുടെ 134 ഷോപ്പുകളും കണ്‍സ്യൂമര്‍ഫെഡിന്റെ 73 ഷോപ്പുകളുമാണ് പൂട്ടിയത്. മദ്യം എവിടെ കിട്ടും, എവിടെയൊക്കെയാണ് മാറ്റിയത് എന്നറിയാതെ പോകുന്നവരുമുണ്ട്. യാത്രാവേളയിലുള്‍പ്പെടെ മദ്യം വാങ്ങിപോകാനുദ്ദേശിച്ചവര്‍ക്കും പുതിയ തീരുമാനം വലിയ തിരിച്ചടിയാണ്.
കേരളത്തില്‍ ഏറ്റവുമധികം മദ്യഷോപ്പുകള്‍ പൂട്ടിയത് എറണാകുളം ജില്ലയിലാണ്. ബാറുകള്‍ പൂട്ടിയ ശേഷം വൈന്‍-ബിയര്‍ പാര്‍ലറുകളായി മുഖം മിനുക്കിയവര്‍ക്ക് ഇരുട്ടടി തന്നെയാണ് പുതിയ തീരുമാനവും. മണിക്കൂറുകള്‍ വരി നിന്നാണ് പലരും മദ്യം വാങ്ങുന്നത്. ആലപ്പുഴയിലെ മുഹമ്മയില്‍ ഇന്നലെ മൂന്നര കിലോമീറ്ററോളം വരി നീണ്ടതും. റോഡിലെ ബ്ലോക്ക് മൂലം കല്യാണം മുടങ്ങിയതുമെല്ലാം വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. ആലപ്പുഴ നഗരത്തിലെ മദ്യശാലകളെല്ലാം പൂട്ടിയതാണ് ഈ തിരക്കിന് കാരണവും.
ബിയര്‍വൈന്‍ പാര്‍ലറുകള്‍, ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍, പഞ്ചനക്ഷത്രഹോട്ടലുകള്‍, ക്ലബ്ബുകള്‍, കള്ളുഷാപ്പുകള്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്താകെ 1956 മദ്യശാലകളാണ് പൂട്ടിയത്. ഇതില്‍ 295 മദ്യഷോപ്പുകളാണ് എറണാകുളത്ത് പൂട്ടിയത്. ഏറ്റവും കുറവ് മദ്യശാലകള്‍ പൂട്ടിയത് വയനാട് ജില്ലയിലാണ്.
അതേസമയം ബെവ്കോ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായി കൂടുതല്‍ കൗണ്ടറുകളും, വര്‍ധിപ്പിച്ച പ്രവര്‍ത്തിസമയവും പ്രഖ്യാപിച്ചുകഴിഞ്ഞു. കള്ളുഷാപ്പുകള്‍ വഴി, വിദേശ മദ്യം വിതരണം ചെയ്യുന്ന കാര്യവും പരിഗണിക്കുന്നതായി മന്ത്രി ജി സുധാകരന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവില്‍ 43 ബെവ്കോ മാത്രമാണ് മാറ്റിസ്ഥാപിച്ചിരിക്കുന്നത്. ഇനിയും 134 ഷോപ്പുകള്‍ കൂടി ദേശീയപാതയോരത്ത് നിന്ന് മാറ്റിസ്ഥാപിക്കാനുണ്ട്. ബെവ്കോയുടെ ഈ മദ്യഷോപ്പുകള്‍ അടഞ്ഞുകിടക്കുകയാണ്. മാത്രമല്ല, മാറ്റിയ പലയിടത്തും തര്‍ക്കങ്ങളും പ്രതിഷേധങ്ങളും തുടരുകയുമാണ്. ഔദ്യോഗികമായി മാറ്റിയതാണോ, അനുവാദമുണ്ടോ എന്ന കാര്യത്തിലുള്‍പ്പെടെ തര്‍ക്കങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സ്ഥലംമാറ്റിയ മദ്യഷാപ്പുകളുടെ ലിസ്റ്റ് ബെവ്കോ പുറത്തുവിട്ടത്.
ഏറ്റവുമധികം ബെവ്കോ ഔട്ട്ലറ്റുകള്‍ മാറ്റിയത്, ഇടുക്കിയിലും കോട്ടത്തുമാണ്. എട്ട് വീതം ഔട്ട്ലറ്റുകളാണ് ദേശീയ-സംസ്ഥാന പാതോരത്തുനിന്നും മാറ്റിസ്ഥാപിച്ചത്. കൊല്ലത്ത് അഞ്ച് ഔട്ടലറ്റുകളും എറണാകുളത്ത് നാല് ഔട്ടലറ്റുകളും മാറ്റിസ്ഥാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലയില്‍ ഒരു ഔട്ട്ലറ്റ് പോലും ഇനിയും മാറ്റിസ്ഥാപിച്ചിട്ടില്ല. ആലപ്പുഴയില്‍ ഒരു ഔട്ട്ലറ്റാണ് മാറ്റിസ്ഥാപിച്ചത്. ദേശീയ-സംസ്ഥാന പാതയോരത്തല്ലാത്ത മറ്റ് വില്‍പ്പനശാലകള്‍ പ്രശ്നങ്ങളില്ലാതെ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്നും ബെവ്കോ വ്യക്തമാക്കി. ബാക്കിയുള്ള ഷാപ്പുകള്‍ മാറ്റാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാറ്റിയ ബെവ്കോയുടെ പട്ടിക...

മാറ്റിയ ബെവ്കോയുടെ പട്ടിക...

https://www.facebook.com/Malayalivartha
























