നാട്ടുകാരിയായ പെണ്‍കുട്ടിയോടു സംസാരിച്ച യുവാവിനെ സദാചാരഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന നാട്ടുകാരിയും അന്യമതസ്ഥയുമായ പെണ്‍കുട്ടിയോടു സംസാരിച്ച യുവാവിനെ സദാചാരഗുണ്ടകള്‍ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. സര്‍ സയിദ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആലക്കോട് രയരോം കുമ്പളന്താനം ലാല്‍ജിത്ത് കെ.സുരേഷി (19)നെയാണ് മര്‍ദ്ദനമേറ്റ പരുക്കുകളോടെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ തളിപ്പറമ്പ് മൊയ്തീന്‍ പള്ളിക്കു സമീപം സി.പി.ഹൗസില്‍ മുഹമ്മദ് താഹ (26), അള്ളാംകുളം മണ്ടേന്‍കണ്ടീരകത്ത് മജീദ് (35), ഫാറൂഖ് നഗര്‍ പൊടിയില്‍ കെ.താഹ യാസിന്‍ (32) എന്നിവരെ ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച 1.30ന് സ്വന്തം കോളജില്‍ തന്നെ പഠിക്കുന്ന നാട്ടുകാരിയായ പെണ്‍കുട്ടിയെ ബസ് സ്‌റ്റോപ്പില്‍ കണ്ടപ്പോള്‍ ലാല്‍ജിത്ത് സംസാരിച്ചിരുന്നു. ഇതു കണ്ട ചിലര്‍ അടുത്തു വന്നു പെണ്‍കുട്ടിയെ ബസില്‍ കയറ്റി വിടുകയും ലാല്‍ജിത്തിനെ കാറില്‍ ബലമായി കയറ്റി അള്ളാംകുളം എന്ന സ്ഥലത്തുള്ള കളിസ്ഥലത്തു കൊണ്ടു പോവുകയുമായിരുന്നു.
ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഏതാനും പേര്‍ ഇവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പിന്നീട് പെണ്‍കുട്ടിയോടു സംസാരിച്ചതു ചോദ്യം ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നു.
പട്ടിക വിഭാഗക്കാരനായ ലാല്‍ജിത്തിനെ ജാതിപ്പേരു വിളിച്ച് അപമാനിക്കുകയും ചെയ്തു. വൈകിട്ടു വരെ മര്‍ദ്ദനം തുടര്‍ന്നതായി പറയുന്നു. മര്‍ദ്ദനമേറ്റ് നിലത്തു വീണപ്പോള്‍ സംഘത്തിലുള്ളവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഒരാള്‍ ബൈക്കില്‍ എത്തി ലാല്‍ജിത്തിന്റെ മൊബൈല്‍ ഫോണും പഴ്‌സും അപഹരിച്ച ശേഷം ബൈക്കില്‍ കയറ്റി ടഗോര്‍ സ്‌കൂളിനു സമീപത്തുള്ള ബസ് സ്‌റ്റോപ്പില്‍ ഇറക്കി 20 രൂപ ബസ് കൂലിയും നല്‍കി പറഞ്ഞു വിട്ടു.
അവശനിലയില്‍ വീട്ടിലെത്തിയ യുവാവിനെ കുടുംബാംഗങ്ങളാണ് രാത്രിതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെയും എസ്‌ഐ ബിനു മോഹന്റെയും നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് മൂന്നു പ്രതികളും പിടിയിലായത്.
ലാല്‍ജിത്തില്‍ നിന്ന് അപഹരിച്ച ഫോണ്‍ മജീദിന്റെ കയ്യില്‍ നിന്ന് കണ്ടെടുത്തു. 2015ല്‍ ഒരു വൈദികനെ ആക്രമിച്ച കേസിലും മുഹമ്മദ് താഹ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha



























