ശക്തിവേലിന്റെ മൊഴി കൃഷ്ണകുമാറിനെ കുരുക്കും; ജിഷ്ണു പ്രണോയ് കൊലക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

പാമ്പാടി നെഹ്റു എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരെ പുതിയ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് സാധ്യത തേടുന്നു. കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കൃഷ്ണദാസെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് പൊലീസ് തേടുന്നത്. ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരി അവിഷ്ണയും അഞ്ച് ദിവസം നിരാഹാര സമരത്തിലായിരുന്നു. ഈ പ്രതിഷേധം പൊതു സമൂഹം ഏറ്റെടുത്തു. ഇതോടെയാണ് ശക്തിവേലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവാകുകയാണ് ഈ സംഭവം.
ജിഷ്ണു പ്രണോയ് യുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ തനിക്ക് ഒളിത്താവളം ഒരുക്കിയതും സഹായിച്ചതും കൃഷ്ണദാസെന്ന് പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ മൊഴി നല്‍കി. കോയമ്പത്തൂരിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ഒളിവിലായിരുന്ന ശക്തിവേലിനെ കഴിഞ്ഞ ദിവസം ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി പ്രവീണിനെ തേടി പോലീസ് നാസിക്കില്‍ എത്തിയിട്ടുണ്ട്.
ഒളിവില്‍ പാര്‍ക്കാന്‍ സഹായം നല്‍കിയതിന് പുറമേ ഒളിവുകാലത്ത് തന്നെ വന്ന കൃഷ്ണദാസ് സന്ദര്‍ശിച്ചിരുന്നതായും ശക്തിവേല്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒളിവിലായിരുന്ന രണ്ടു മാസകാലത്ത് പാലക്കാട് ഒരു ഹോട്ടലില്‍ വെച്ച് കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തി. ഈ സമയത്ത് നിയമസഹായം കൃഷ്ണദാസ് വാഗ്ദാനം ചെയ്തു. ഇന്നലെ മൂന്ന് മണിക്കൂറോളമാണ് ശക്തിവേലിനെ പോലീസ് ചോദ്യം ചെയ്തത്. ജിഷ്ണുവിനെ മര്‍ദ്ദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഡീബാര്‍ ചെയ്യുമെന്ന് മാത്രമാണ് പറഞ്ഞതെന്നും ശക്തിവേല്‍ പറഞ്ഞിട്ടുണ്ട്.
ഒളിവില്‍ കഴിയാന്‍ സാമ്പത്തിക സഹായം ചെയ്തത് കോളേജ് ചെയര്‍മാന്‍ ആണെന്നും ശക്തിവേല്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉത്തരക്കടലാസ് വെട്ടിയത് കേസിലെ നാലാംപ്രതി പ്രവീണാണ്. ജിഷ്ണു കോപ്പിയടിച്ചെന്ന് തെളിയിക്കാന്‍ ഉത്തരങ്ങള്‍ വെട്ടി വ്യാജ ഒപ്പിട്ടെന്നാണ് ശക്തിവേലിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. കോപ്പിയടിച്ചില്ലെന്ന് പ്രിന്‍സിപ്പല്‍ നിലപാട് എടുത്തിട്ടും ആരോപണം മാനേജ്മെന്റ് അടിച്ചേല്‍പ്പിക്കുകയായിരുന്നു.
കോപ്പിയടി സര്‍വകലാശാലയിലേക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജിഷ്ണുവിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തെത്തുടര്‍ന്നായിരിക്കും ജിഷ്ണു മരിച്ചതെന്നുമാണ് ശക്തിവേല്‍ പറഞ്ഞത്. ഇന്നലെ രാത്രി അഞ്ചു മണിക്കൂറിലധികം പൊലീസ് ശക്തിവേലിനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് പുലര്‍ച്ചെ ഒന്നരയോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജിഷ്ണു കേസില്‍ സുപ്രധാന വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന രണ്ടു പേരിലൊരാളാണ് ശക്തിവേല്‍.
കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസും ഇയാളുമായുള്ള ബന്ധം വ്യക്തമാക്കേണ്ടത് പൊലീസിന്റെ അനിവാര്യത കൂടിയാണ്. ഇതിനായി തെളിവുകള്‍ ശേഖരിക്കുയാണ് പൊലീസ്. കോപ്പിയടി ആരോപണത്തെ തുടര്‍ന്ന ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ മുറിയില്‍ വെച്ച് മര്‍ദ്ദനം ഏറ്റതായിട്ടാണ് ആരോപണം. കേസിലെ ഒന്നാംപ്രതി കൃഷ്ണദാസിനെയും മറ്റൊരു പ്രതി സഞ്ജിത് വിശ്വനാഥനെയും നേരത്തേ അറസ്റ്റ് ചെയ്തെങ്കിലും മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു. കേസില്‍ പി കൃഷ്ണദാസിനയും സഞ്ജിത് വിശ്വനാഥനെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha
























