കാഡല്‍ രാജ പിന്നെയും മൊഴി മാറ്റുന്നു; പോലീസിന് വട്ടു പിടിക്കുന്നു

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കാഡല്‍ ജീന്‍സണ്‍ രാജ ഓരോ ദിവസവും മൊഴി മാറ്റുന്നു. ഇത് പൊലീസിനെ വല്ലാതെ വട്ടം ചുറ്റിക്കുന്നു. കൊലയ്ക്കു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാള്‍ ഒടുവിലായി പൊലീസിനോടു പറഞ്ഞത്. കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം ഇന്നലെ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. ശക്തമായ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.
ആത്മാവിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കുന്നതിനിടെ കൊല നടത്തിയെന്നായിരുന്നു ആദ്യ മൊഴി. താന്‍ കൊല നടത്തിയത് എന്തിനു വേണ്ടിയെന്നു പൊലീസിനോടു ചോദിച്ചു മനസ്സിലാക്കാനാണു ചെന്നൈയിലേക്കു പോയശേഷം മടങ്ങിയെത്തിയതെന്നു രണ്ടാമതു പറഞ്ഞു. വീട്ടുകാരുടെ കടുത്ത അവഗണനയാണു കാരണമെന്നായി പിന്നീട്. ഒടുവിലാണു പിതാവിന്റെ സ്വഭാവദൂഷ്യം പറഞ്ഞത്. ഓരോ തവണ ഇയാള്‍ കുറ്റസമ്മതം നടത്തുമ്പോഴും അതു തെളിയിക്കാനുള്ള തൊണ്ടി കണ്ടെത്താനുള്ള ശ്രമവും പൊലീസ് സമാന്തരമായി നടത്തുകയാണ്.
നഗരത്തിലെ ഒരു കടയില്‍ നിന്നു വിഷം വാങ്ങി കുപ്പിയില്‍ സൂക്ഷിച്ചിരുന്നതായി പ്രതി മൊഴി നല്‍കി. വീട്ടില്‍ സൂക്ഷിച്ചിരുന്ന വിഷക്കുപ്പി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. കാഡല്‍ തന്നെ ഇതു കാണിച്ചു കൊടുത്തു എന്നാണു പൊലീസ് പറയുന്നത്. ഒരു മാസം മുമ്പു തന്നെ കൊലയ്ക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങി. ദിവസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണു കൂട്ടക്കൊലയ്ക്കു പദ്ധതിയിട്ടത്. ഒരു മാസം മുമ്പു തന്നെ ഓണ്‍ലൈനിലൂടെ ആയുധം വാങ്ങി. വീടിനു പുറത്തു ടര്‍ക്കി കോഴികളെ വളര്‍ത്തിയിരുന്ന കാഡല്‍, കോഴിക്കൂടിനു സമീപമുണ്ടായിരുന്ന മരത്തില്‍ വെട്ടി മഴു ഉപയോഗിക്കാന്‍ പരിശീലിച്ചു.
ഡമ്മിയായി നിര്‍മിച്ച ശരീരത്തില്‍ വെട്ടിയും പരിശീലനം തുടര്‍ന്നു. അച്ഛനമ്മമാരെ മഴു കൊണ്ടു വെട്ടിയും അമ്മയുടെ ബന്ധുവിനെ തലയ്ക്കടിച്ചുമാണു കൊലപ്പെടുത്തിയതെന്നു കാഡല്‍ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ആദ്യ ശ്രമത്തില്‍ സഹോദരി മരിച്ചില്ല. വീണ്ടും വീണ്ടും വെട്ടി കൊലപ്പെടുത്തി എന്നാണു മൊഴി. ജോലിയില്ലാത്തതിനാല്‍ അച്ഛന്‍ മോശമായി പെരുമാറിയെന്നും ഇതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണു പ്രതി ഇപ്പോള്‍ പറയുന്നതെന്നു പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം നന്തന്‍കോട്ടെ ഒരു കടയില്‍ നിന്നു തറ വൃത്തിയാക്കാനുള്ള ലോഷന്‍ വാങ്ങി. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു.
കുടുംബാംഗങ്ങളെ ഒരോരുത്തരെയായി വകവരുത്തിയ രീതിയും പ്രതി പൊലീസിനോടു വിശദീകരിച്ചു. സ്ഥിരം മദ്യപനായിരുന്ന പിതാവ് റിട്ട. പ്രഫ. രാജ് തങ്കത്തെ പറഞ്ഞു വിലക്കണമെന്ന് അമ്മ ജീന്‍ പത്മയോടു പലതവണ ആവശ്യപ്പെട്ടിട്ടും മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്ന്, കൊലപാതകത്തിനു വേണ്ടി ആസൂത്രണം നടത്തുകയായിരുന്നു. മാതാപിതാക്കളെ മാത്രം കൊലപ്പെടുത്തിയാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും തനിച്ചാകുമെന്നതിനാലാണ് എല്ലാവരെയും വകവരുത്തിയത്. കഴിഞ്ഞ രണ്ടിനു മാതാപിതാക്കളെ കൊലപ്പെടുത്താന്‍ നീക്കം നടത്തിയെങ്കിലും കൈ വിറച്ചതിനാല്‍ ശ്രമം ഉപേക്ഷിച്ചു. പിന്നീട്, ഇന്റര്‍നെറ്റിലൂടെ തലയ്ക്കു പ്രഹരമേല്‍പിച്ചു വകവരുത്തുന്ന ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു. ഇതു തുടര്‍ച്ചയായി കണ്ടു ധൈര്യം വീണ്ടെടുത്ത്, അഞ്ചിനു മൂന്നു പേരെ സമാനമായ രീതിയില്‍ അപായപ്പെടുത്തിയെന്നു പ്രതി വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു.
മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയ പമ്പിലും ചെന്നൈയിലും ഇയാളെ കൊണ്ടുപോയി ഇനി തെളിവെടുപ്പു നടത്തും. അഞ്ചു ദിവസത്തെ കസ്റ്റഡിക്കു ശേഷം തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ മാനസികനില സാധാരണയാണോയെന്ന് ആദ്യം സംശയിച്ച പൊലീസിനെയാണ് ഓരോ ദിവസവും പുതിയ കാരണങ്ങള്‍ വ്യക്തതയോടെ പറഞ്ഞു കാഡല്‍ ജീന്‍സണ്‍ ഇപ്പോള്‍ വലയ്ക്കുന്നത്.
https://www.facebook.com/Malayalivartha


























