സമരംകൊണ്ട് എന്തു നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ഏറെ വേദനിപ്പിച്ചു; ഒത്തു തീര്‍പ്പെന്ന നിലയില്‍ കൂടിക്കാഴ്ചയ്ക്കില്ലെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ

സമരംകൊണ്ട് എന്തു നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ഏറെ വേദനിപ്പിച്ചെന്ന് പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മാതാവ് മഹിജ. നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം കിട്ടിയിട്ടുണ്ടെങ്കിലും കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് മഹിജ വ്യക്തമാക്കി.
നിവേദനം നല്‍കാനായി മുഖ്യമന്ത്രിയെ കാണേണ്ടതില്ലെന്ന നിലപാടിലാണ് മഹിജയും സഹോദരന്‍ ശ്രീജിത്തും. തുടര്‍ ചര്‍ച്ചയെങ്കില്‍ മാത്രം മുഖ്യമന്ത്രിയെ കാണേണ്ടതുള്ളൂ എന്നാണ് ഇവരുടെ തീരുമാനം. ഒത്തു തീര്‍പ്പെന്ന നിലയില്‍ അടുത്ത ദിവസം കൂടിക്കാഴ്ചയാകാമെന്ന മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മകന്‍ മരിച്ച സംഭവത്തില്‍ നീതി തേടി ഡിജിപിയെ കാണാന്‍ പോലീസ് ആസ്ഥാനത്തെത്തിയ മഹിജയെയും ബന്ധുക്കളെയും പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇവിടെവെച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ദിവസങ്ങളോളം കിടന്ന ശേഷം സമരം അവസാനിപ്പിച്ച് മഹിജയും ബന്ധുക്കളും മടങ്ങിയിരുന്നു.
പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി പോലീസ് നടപടിയെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. അതിന് ശേഷമായിരുന്നു മുഖ്യമന്ത്രി മഹിജയും സഹോദരന്‍ ശ്രീജിത്തുമായി കൂടിക്കാഴ്ച നടത്തിയതും മഹിജയും ബന്ധുക്കളും നിരാഹാര സമരം അവസാനിപ്പിച്ച് തിരിച്ചു പോയതും. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വേദനിപ്പിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് മഹിജ പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത പരിപാടിയാണ് പോലീസ് ആസ്ഥാനത്ത് കണ്ടത് എന്നും ഇതിന് ജിഷ്ണുവിന്റെ കുടുംബത്തെ കരുവാക്കുകയായിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























