ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ അവര്‍ യാത്രയായി; കനത്ത മഴയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണ് യുവതിയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും മരിച്ചു; 15 അടി ഉയരമുള്ള കോണ്‍ക്രീറ്റ് ഭിത്തിയില്‍ വെള്ളം നിറഞ്ഞു പൊട്ടി

കനത്ത മഴയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണ് ആറുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്നുപേര്‍ മരിച്ചു. നെടുമങ്ങാട് കായ്പാടിക്കു സമീപം ചെക്കക്കോണം ചെമ്പകശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന സലിം നുെസെഫ ദമ്പതികളുടെ മകള്‍ സജീന (26), മക്കളായ ഷഫാന (3), ആറുമാസം പ്രായമുള്ള മുഹമ്മദ് ഷാഹിന്‍ എന്നിവരാണ് മരിച്ചത്.
മൂത്തമകന്‍ ഷിഫാന്‍ (4) ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു.ഇന്നലെ വൈകിട്ട് നാലുമണിയോടെ തുടങ്ങിയ കനത്ത മഴയിലാണ് അപകടം.
സംഭവം നടക്കുമ്പോള്‍ യുവതിയും മക്കളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കനത്ത മഴയും ഇടിയും മിന്നലും കാരണം പേടിച്ച് ആ അമ്മ മക്കളേയും ചേര്‍ത്ത് പിടിച്ച് ഒരു മുറിയില്‍ ഇരിക്കുകയായിരുന്നു.അപ്പോഴാണ് ഈ അപകടമുണ്ടായത്. ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ അവര്‍ മണ്ണിനടിയിലായി.
തകര്‍ന്ന വീടിനു പുറകിലായി അന്‍സാരി എന്നയാള്‍ വീട് പണിയാന്‍ 15 അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി പണിത് മണ്ണിട്ട് നിറച്ചിരുന്നു. മഴയത്ത് ഇതിനുള്ളില്‍ വെള്ളം നിറഞ്ഞ് സജീനയുടെ വീടിനു മുകളില്‍ പതിക്കുകയായിരുന്നു. അന്‍സാരിയുടെ വീടിന്റെ പകുതി ഭാഗവും തകര്‍ന്നു. രണ്ടു മണിക്കൂറോളം മഴ നീണ്ടതിനാലും സമീപത്ത് വീടുകള്‍ ഇല്ലാത്തതിനാലും സംഭവം പുറത്തറിഞ്ഞില്ല.

അപകടസമയത്ത് സജീനയുടെ ഭര്‍ത്താവ് ഷിഹാബുദീനും മാതാപിതാക്കളും വീട്ടില്‍ ഇല്ലായിരുന്നു. സംഭവം നടന്ന് ഏറെനേരം കഴിഞ്ഞ് മാതാവ് നുസൈഫ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. ഇവരുടെ നിലവിളികേട്ടെത്തിയ നാട്ടുകാരും പിന്നീടെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് വീടിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
സജീനയുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഷാഫാനയുടെ മൃതദേഹം എസ്.എ.ടി ആശുപത്രിയിലും മുഹമ്മദ് ഷാഹിന്റെ മൃതദേഹം പേരൂര്‍ക്കട ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. സി.ദിവാകരന്‍ എം.എല്‍.എ സംഭവസ്ഥലം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha


























