ലാബ് ടെക്‌നീഷ്യന്‍ ആശുപത്രിക്കെട്ടിടത്തില്‍ ചാടി മരിച്ച സംഭവത്തിന് കാരണം ആശുപത്രി അധികാരികളുടെ മനുഷ്യത്വമില്ലായ്മ

തിരുവനന്തപുരത്ത് ഇരുപത്തിമൂന്നുകാരിയായ ലാബ് ടെക്‌നീഷ്യന്‍ ആശുപത്രിക്കെട്ടിടത്തില്‍ ചാടി മരിച്ച സംഭവത്തിനു കാരണം അതേ ആശുപത്രി അധികാരികളുടെ മനുഷ്യത്വമില്ലായ്മ. ഒരു വര്‍ഷം മുമ്പ് ജോലി രാജിവച്ചുപോയിട്ടും എക്‌സ്പിരീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ എസ്‌കെ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല. ഗള്‍ഫില്‍ ശരിയായ ജോലി ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ടുമാത്രം നഷ്ടമാകുമെന്ന നില വന്നപ്പോഴാണ് പ്രാവച്ചമ്പലം സ്വദേശിനിയായ അഞ്ജു അതേ ആശുപത്രിക്കുള്ളില്‍തന്നെ ജീവന്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമാകുന്നു.
ചൊവ്വാഴ്ചയാണ് അഞ്ജു ആശുപത്രിയുടെ നാലാം നിലയില്‍നിന്നു ചാടിയത്. ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് അഞ്ജുവിനെ കണ്ടെത്തിയത്. വാരിയെല്ലുകള്‍ ഒടിച്ചും കഴുത്തും ഇരുകൈകാലുകളും ഒടിഞ്ഞും കാണപ്പെട്ട അഞ്ജുവിനെ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍, ഇങ്ങനെയൊരു സംഭവം ഉണ്ടായതു മറച്ചുവയ്ക്കാനായിരുന്നു ആശുപത്രി അധികൃതരുടെ ശ്രമം. നില അതീവഗുരുതരമാണെന്നു വ്യക്തമായപ്പോള്‍ മാത്രമാണ് എസ് കെ ആശുപത്രി അധികൃതര്‍ സംഭവം പൂജപ്പുര പൊലീസിനെ അറിയിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെ അഞ്ജു മെഡിക്കല്‍കോളജ് ആശുപത്രിയില്‍വച്ചു മരിച്ചു.
2014 മുതല്‍ 16 വരെ അഞ്ജു രണ്ടു വര്‍ഷം എസ് കെ ആശുപത്രിയില്‍ ലാബ് അസിസ്റ്റന്റായിരുന്നു. കഴിഞ്ഞവര്‍ഷം മറ്റൊരിടത്തേക്കു മാറി. അതിനിടയില്‍ ഗള്‍ഫിലെ ആശുപത്രിയില്‍ ജോലി ശരിയായി. ഇതോടെ ഗള്‍ഫിലേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അഞ്ജു. ഗള്‍ഫിലെ ആശുപത്രിയില്‍ സമര്‍പ്പിക്കാനായി തനിക്ക് എക്‌സ്പീരിയന്‍സ് ഉണ്ടെന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് എസ് കെ ആശുപത്രിയില്‍ കുറച്ചു നാള്‍ മുമ്പ് എത്തി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഓരോ ദിവസവും ഓരോ കാരണം പറഞ്ഞു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആശുപത്രി അധികൃതര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ മിക്കദിവസവും അഞ്ജു എസ്‌കെ ആശുപത്രിയില്‍ എത്തിയിരുന്നു. അതേസമയം, എന്നും വെറുംകൈയോടെ മടങ്ങിവരേണ്ടിയിരുന്നതില്‍ നിരാശയുമുണ്ടയിരുന്നു. പക്ഷേ, ഗള്‍ഫില്‍ കിട്ടിയ ജോലിയില്‍ പ്രതീക്ഷയേറെയായിരുന്നു. ചൊവ്വാഴ്ചയും സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നു കരുതി അഞ്ജു ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ അല്‍പസമയത്തിനുശേഷം പാര്‍ക്കിങ് ഏരിയയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ജു നാലാം നിലയില്‍നിന്നു ചാടിയതാകാനാണ് സാധ്യതയെന്നു പറയുമ്പോഴും അങ്ങനെ സംഭവിക്കില്ലെന്നാണ് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
അഞ്ജു ചൊവ്വാഴ്ച ആശുപത്രിയില്‍ വന്നിട്ടേ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ എസ് കെയിലേക്കെന്നു പറഞ്ഞാണു വീട്ടില്‍നിന്ന് ഇറങ്ങിയതെന്നു വീട്ടുകാരും പറയുന്നു. ഇതാണ് സംശയത്തിന് ഇട നല്‍കുന്നത്. അഞ്ജുവിനെ കണ്ടെത്തിയ സ്ഥലത്ത് സിസിടിവി ഇല്ലാത്തതും സംശയം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്നും ആശുപത്രി അധികൃതര്‍ പൊലീസിനോടു പറഞ്ഞത് വിശ്വസനീയമല്ല. അഞ്ജു ആശുപത്രിയില്‍ വന്നതിനോ വീഴുന്നതിനോ ദൃക്‌സാക്ഷികളുമില്ല. തലസ്ഥാന നഗരത്തിലെ തിരക്കേറിയതും നിരവധി പേര്‍ നിത്യവും വന്നുപോകുന്നതുമായ ആശുപത്രിയാണ് എസ് കെ. അതിനാല്‍തന്നെ അഞ്ജു ആത്മഹത്യ ചെയ്യാനായി കെട്ടിടത്തില്‍നിന്നു ചാടിയെന്നു പറയുന്നതില്‍ അത്ര കഴമ്പില്ലെന്നാണ് സംഭവത്തെക്കുറിച്ച് കേള്‍ക്കുന്നവര്‍ പറയുന്നത്.
പൂജപ്പൂര പൊലീസ് അന്വേഷണം തുടരുകയാണ്. അഞ്ജു മരിച്ച ആശുപത്രി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറെ ചര്‍ച്ചയായതുമാണ്. കോടിക്കണക്കിനു രൂപയ്ക്കാണ് കോണ്‍ഗ്രസ് നേതാവ് ഈ ആശുപത്രി വാങ്ങിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ആശുപത്രിയെക്കുറിച്ചു നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും രാഷ്ട്രീയസമ്മര്‍ദം ഉപയോഗിച്ച് എല്ലാം അടിച്ചമര്‍ത്തുന്നതിനിടെയാണ് ഒരു പെണ്‍കുട്ടിയുടെ മരണത്തിലൂടെ ആശുപത്രി പ്രതി സ്ഥാനത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























