അരുംകൊല നടത്തിയ വീട്ടിലേക്ക് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ചിരിച്ചുകൊണ്ട് കേഡല്‍; കൊലനടത്തിയ രീതി വിവരിച്ച് പ്രതി

നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയെ പൊലീസ് കൊലപാതകം നടന്ന വീട്ടില്‍ കൊണ്ടു വന്നു തെളിവെടുപ്പു നടത്തി. നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലേക്ക് കേഡല്‍ പുഞ്ചിരിച്ചുകൊണ്ടാണ് എത്തിയത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്ന സമയം കൊല്ലപ്പെട്ട ഡോ. ജീന്‍പത്മയുടെ സഹോദരന്‍ ജോസും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ആരോടും സംസാരിക്കാതെ ചിരിച്ചു കൊണ്ടാണ് പ്രതി പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ഓരോ കൊലപാതകവും എങ്ങനെയാണ് താന്‍ നടത്തിയതെന്ന് കേഡല്‍ പോലീസിനു വിശദമായി കാണിച്ചുകൊടുത്തു. മഴുകൊണ്ട് ആക്രമിച്ച കാര്യം പൊലീസിനും ബന്ധുക്കള്‍ക്കും മുന്നില്‍ കേഡല്‍ അതേപടി അനുകരിച്ചു. ഫോറന്‍സിക്, സയന്റിഫിക് വിദഗ്ധര്‍ തെളിവെടുപ്പു സമയത്തുണ്ടായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണു പ്രതിയെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എന്നാല്‍, കേഡല്‍ ഓരോ ദിവസവും മൊഴി മാറ്റുന്നത് പോലീസിനെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്തി സ്വതന്ത്ര സഞ്ചാരം സാധ്യമാക്കുകയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്ന് തുടക്കത്തില്‍ വെളിപ്പെടുത്തിയിരുന്ന കേഡല്‍ പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിനു കാരണമായതെന്നു കഴിഞ്ഞ ദിവസം മാറ്റിപ്പറഞ്ഞിരുന്നു.
മൊഴി മാറ്റുന്ന സാഹചര്യത്തില്‍ കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ജകഗ്രതയോടെയാണ് പൊലീസ് നീങ്ങുന്നത്. വീട്ടില്‍നിന്നുള്ള ഒറ്റപ്പെടലാകാം കേഡലിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടു പോകുന്നത്. വീട്ടില്‍ നിന്നും കേഡലിന്റെ കമ്പ്യൂട്ടര്‍, കൊലപാതകങ്ങള്‍ നടന്നപ്പോള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ എട്ടിന് അര്‍ധരാത്രിയാണു ബെയിന്‍സ് കോമ്പൗണ്ടിലെ വീട്ടില്‍ പ്രഫ. രാജ തങ്കം, ഡോ. ജീന്‍ പത്മ,കരോലിന്‍, ലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണു കേഡലിനെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചത്. ഞായറാഴ്ച പോലീസ് കസ്റ്റഡി അവസാനിക്കും.
https://www.facebook.com/Malayalivartha


























