എളമരം കരീമിന്റെ ബന്ധു ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷന്‍കമ്മിറ്റി

എളമരം കരീമിന്റെ ബന്ധു ടി പി നൗഷാദ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് െ്രെകംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി. കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഭൂമിതട്ടിപ്പിനിരയായവരുടെ ആക്ഷന്‍ കമ്മിറ്റിയാണ് രംഗത്തെത്തിയത്. ഭരണമാറ്റത്തിനു പിന്നാലെ എളമരം കരീമിനും ബന്ധു നൗഷാദിനും പൊലീസ് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണെന്നും നിലവില്‍ ചുമതലയേറ്റ ഡിവൈ എസ് പി അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനു പകരം പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുയാണന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേസ് മിസ്‌റ്റേക്ക് ഓഫ് ഫാക്ട് ആയി പരിഗണിക്കുന്നതിന് റിപ്പോര്‍ട്ട് തയ്യാറാക്കി െ്രെകംബ്രാഞ്ച് ആസ്ഥാനത്തേക്ക് അയച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടി ഏകപക്ഷീയമാണ്. തട്ടിപ്പിനിരയായവരുടെ മൊഴിയെടുക്കയോ മുന്‍ ഡിവൈ എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്. ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനെന്ന വ്യാജേന ടി പി നൗഷാദ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 55 എക്കറോളം ഭൂമി തട്ടിയെടുത്തുവെന്നതാണ് കേസിനാസ്പദമായ സംഭവം. 2013ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിനു ശേഷം അന്വേഷണ ചുമതലയുണ്ടായിരുന്നവരെല്ലാം അന്വേഷണം പൂര്‍ത്തിയാകും മുമ്പേ സ്ഥലം മാറ്റപ്പെടുകയായിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് കേസില്‍ അന്വേഷണം ആരംഭിച്ച ഡിവൈ.എസ്.പി പി.ടി ബാലന്‍ നൗഷാദ് കുറ്റക്കാരനെന്ന് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നടന്നു വരുന്നതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി അന്വേഷണം വഴിതിരിച്ചു വിട്ടെന്നും അവര്‍ പറഞ്ഞു.
ചക്കിട്ടപാറ ഖനനാനുമതിയുമായി ബന്ധപ്പെട്ട അഴിമതി പണം കൊണ്ടാണ് കോടികള്‍ വിലമതിക്കുന്ന ഭൂമികള്‍ നൗഷാദ് വാങ്ങികൂട്ടിയത്. ഇതിന്റെ തെളിവുകള്‍ നേരത്തെ വിജിലന്‍സിന് നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന ആക്ഷേപവും വ്യാപകമാണ്. വിഷയത്തില്‍ നടപടിയുണ്ടാകണമെന്നാവശ്യവുമായി പ്രധാനമന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. പരാതി കൊടുത്തതു മുതല്‍ കടുത്ത ഭീഷണി നിലനില്‍ക്കുന്നുണ്ട്.
യു.കെയില്‍ നിന്നുവരെ വിളിച്ചു ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും അവര്‍ അറിയിച്ചു. കണ്‍വീനര്‍ വി.പി മൊയ്തീന്‍കുട്ടി ഹാജി, മുല്ലവീട്ടില്‍ ഷബീര്‍ അലി, എം.ടി സുബൈര്‍, കെ.പി വേലായുധന്‍, എന്‍ അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha


























