പിജെ ജോസഫും തള്ളിപ്പറഞ്ഞു... കോട്ടയത്തെ രാഷ്ട്രീയനീക്കം നിര്‍ഭാഗ്യകരം; മാണിയുമായി ചര്‍ച്ച നടത്തും

കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയനീക്കം സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുകയാണ്. അതേ സമയം ഈ സംഭവം നിര്‍ഭാഗ്യകരമെന്നു കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.ജെ. ജോസഫ് വ്യക്തമാക്കി. പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് ഒരിടത്തും ചര്‍ച്ച ചെയ്തിട്ടില്ല. ചരല്‍ക്കുന്ന് ക്യാംപിലെ തീരുമാനങ്ങളാണ് നടപ്പിലാക്കേണ്ടിയിരുന്നത്. പ്രാദേശികമായി യുഡിഎഫുമായി സഹകരിക്കാനായിരുന്നു തീരുമാനം. പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് കെ.എം. മാണിയുമായി ചര്‍ച്ച ചെയ്യുമെന്നും ജോസഫ് പറഞ്ഞു.
അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഇന്നലെത്തന്നെ ഭിന്നത ഉടലെടുത്തിരുന്നു. തീരുമാനം അറിഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ വിമര്‍ശനം ശരിയെന്നും മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചിരുന്നു. മാണി വിഭാഗം എല്‍ഡിഎഫിലേക്കു പോകുന്നുവെന്ന പ്രചാരണം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. പ്രാദേശിക ധാരണ മാത്രമാണത്. വിഷയവുമായി ബന്ധപ്പെട്ടു കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി രാജിക്കത്തു നല്‍കുകയും ചെയ്തു.
അതിനിടെ, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ സംഭവവികാസങ്ങള്‍ കേരളാ കോണ്‍ഗ്രസിലുണ്ടാക്കിയ അസ്വസ്ഥകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ജോസ് കെ. മാണിയെയും കെ.എം. മാണിയെയും ഒഴിവാക്കിയുള്ള കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായി.
https://www.facebook.com/Malayalivartha























