ചോറുവിളമ്പുന്നതിനിടെ മുന്നിലേക്ക് വീണത് എസ്‌ഐയും കാറും; തലനാരിഴയ്ക്കു വീട്ടമ്മയും മകനും രക്ഷപ്പെട്ടു, എസ്.ഐക്കും പരുക്കില്ല

എസ്. ഐ. സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന എരുമേലി എസ്.ഐ: ജര്‍ലിന്‍ വി. സ്‌കറിയ പരുക്കേല്‍ക്കാതെ അത്ഭുകരമായി രക്ഷപ്പെട്ടു. ഇന്നലെ മൂന്നരയോടെ കുറുവാമുഴി എരുമേലി സമാന്തരപാതയിലാണ് സംഭവം.
കാര്‍ നിയന്ത്രണംവിട്ട് കുറുവാമുഴി പുളിക്കല്‍തുണ്ടിയില്‍ കരീം താമസിക്കുന്ന വീടിന്റെ അടുക്കളയുടെ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അടുക്കളയുടെ മേല്‍ക്കൂരയും ഭിത്തിയും പൂര്‍ണമായും തകര്‍ന്നു.
കരീമിന്റെ ഭാര്യ റംല മകനു ചോറുവിളമ്പുന്നതിനായി അടുക്കളയില്‍നിന്നു മാറിയ സമയത്താണ് സംഭവം. അപകടത്തില്‍ നിന്നു തലനാരിഴയ്ക്കാണ് റംല രക്ഷപ്പെടുന്നത്. ഒരു നിമിഷം കൊണ്ട് സംഭവിച്ചേക്കാമായിരുന്ന അപകടത്തിന്റെ ഭീതിയില്‍നിന്നു റംല മോചിതായിട്ടില്ല. കോട്ടയത്ത് കോടതിയില്‍ പോയി മടങ്ങി വരികയായിരുന്ന എസ്.ഐ. ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിനു നാലടി താഴ്ച്ചയിലുള്ള അടുക്കളയിലേയ്ക്ക് വീഴുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ എസ്.ഐക്ക് പരുക്കുകളൊന്നും സംഭവിച്ചില്ല.
ഈ സമയം റംലയും മകന്‍ ബാദുഷയും വീടിനകത്തുണ്ടായിരുന്നു. എരുമേലി സ്‌റ്റേഷനില്‍ നിന്നു പോലീസെത്തി അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ എടുത്തുമാറ്റി അപകടാവസ്ഥ ഒഴിവാക്കി. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ മുകളിലെത്തിച്ചു. ശബരിമല തീര്‍ഥാടനകാലത്ത് സമാന്തരപാതയായി ഉപയോഗിക്കുന്നതാണ് കുറുവാമുഴി റോഡ്. നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു. അപകടം നടന്ന സ്ഥലത്ത് ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























