കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് സുരക്ഷാ കമ്മിഷണറുടെ അനുമതിയായി : ആകാശപാതയില്‍ ഇനി മെട്രോ കുതിക്കും

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയ്ക്കു കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ യാത്രാനുമതി ലഭ്യമായി. കഴിഞ്ഞ ആഴ്ച നടത്തിയ സുരക്ഷാ പരിശോധന തൃപ്തികരമായതിനെത്തുടര്‍ന്നാണിത്. സര്‍ക്കാര്‍ തീയതി തീരുമാനിച്ചാല്‍ വൈഡൂര്യ പച്ചനിറത്തില്‍ കൊച്ചിയുടെ ആകാശപാതയില്‍ മെട്രോ കുതിച്ചു പായും.
രാജ്യത്തെ മികച്ച മെട്രോയാണ് ഇതെന്നു വിലയിരുത്തി ഇന്നലെ വൈകിട്ടോടെയാണ് അനുമതി പത്രം കെ.എം.ആര്‍.എല്‍. അധികൃതര്‍ക്കു കമ്മിഷണര്‍ കൈമാറിയത്.
മൂന്നു ദിവസമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ചെറിയ പോരായ്മകള്‍ പരിഹരിക്കാന്‍ ഒരാഴ്ച അനുവദിച്ചിട്ടുണ്ട്. ഇനി ഉദ്ഘാടനത്തീയതി കുറിക്കുകയേ വേണ്ടു. അടുത്തമാസം പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണു ശ്രമം. സുരക്ഷാകാര്യങ്ങളില്‍ കമ്മിഷണര്‍ പൂര്‍ണതൃപ്തി പ്രകടിപ്പിച്ചു. മെട്രോ സ്‌റ്റേഷനുകളിലെ സൗകര്യങ്ങളും ഭംഗിയും തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് ആദ്യമായി മെട്രോയില്‍ പരീക്ഷിക്കുന്ന കമ്യൂണിക്കേഷന്‍ ബേസിഡ് സിഗ്‌നലിങ് സംവിധാനത്തിലാണ് ചില പോരായ്മകള്‍ കണ്ടെത്തിയത്. സ്‌റ്റേഷനുകളിലെ അനൗണ്‍സ്‌മെന്റ് സംവിധാനത്തിലും അപാകത കണ്ടെത്തിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ സ്‌റ്റേഷനുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
ആദ്യഘട്ട സര്‍വീസ് തുടങ്ങുന്ന ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്‌റ്റേഷനുകളിലാണ് സംഘം പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha























