സര്‍ക്കാര്‍ വീണ്ടും കുഴങ്ങുന്നു; സെന്‍കുമാറിന്റെ വഴിയേ ജേക്കബ് തോമസും നീങ്ങുമോ എന്ന ആശങ്കയില്‍ സര്‍ക്കാര്‍ നെട്ടോട്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍

ജേക്കബ് തോമസിന്റെ പദവിയെന്ത്. പോലീസ് തലപ്പത്ത് വീണ്ടും ആശങ്ക. സര്‍ക്കാരിനെ മൂക്കുകുത്തിച്ച സെന്‍കുമാറിന്റെ വഴിയേ ജേക്കബ് തോമസ് നീങ്ങുന്നതിന് തടയിട്ട് സര്‍ക്കാര്‍. 'ഇന്നലെ ഉച്ചയ്ക്കു ടിവി കാണുമ്പോള്‍ തന്റെ കസേരയില്‍ ആരോ കയറി ഇരിക്കുന്നതു കണ്ടു' എന്നാണു ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റതിനെക്കുറിച്ചു ജേക്കബ് തോമസ് അടുപ്പക്കാരോടു പ്രതികരിച്ചത്. ഇത് സൂചിപ്പിക്കുന്നതാകട്ടെ മറ്റൊരു നിയമപോരാട്ടത്തിലേക്കും. കോടതിയില്‍ നിന്നും വീണ്ടുമൊരു പ്രഹരം താങ്ങാന്‍ കെല്‍പ്പില്ലാത്ത സര്‍ക്കാര്‍ ജേക്കബ് തോമസിന് വാഗ്ദാനങ്ങളുമായി പിന്നാലെയാണെന്നും വാര്‍ത്തകളുണ്ട്. അതേ സമയം സീനിയോറിറ്റി നോക്കിയാലും ജേക്കബ് തോമസാണ് മുമ്പന്‍.
പൊലീസ് മേധാവിയായി ടി.പി.സെന്‍കുമാറും വിജിലന്‍സ് ഡയറക്ടറായി ലോക്‌നാഥ് ബെഹ്‌റയും ചുമതലയേറ്റതോടെ, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഡിജിപി ജേക്കബ് തോമസിന്റെ ഇരിപ്പിടം ത്രിശങ്കുവിലായി. അവധിയില്‍ കഴിയുന്ന ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റാതെയാണ് അവിടെ ബെഹ്‌റയെ നിയമിച്ചത്. ഇതു നിയമപ്രശ്‌നങ്ങള്‍ക്കു തന്നെ വഴിതുറന്നേക്കുമെന്ന് ഉന്നതര്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമാണ് ഏപ്രില്‍ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നതായാണു കത്തില്‍ പറഞ്ഞത്. ഐഎഎസ്–ഐപിഎസ് ഉന്നതരിലും സിപിഎമ്മിലും ഒരു വിഭാഗം നടത്തിയ നീക്കമാണു ജേക്കബ് തോമസിന്റെ കസേരയിളക്കിയത്. പകരം, അന്നു പൊലീസ് മേധാവിയായിരുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു വിജിലന്‍സ് ഡയറക്ടറുടെ അധിക ചുതമല കൂടി നല്‍കി. സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തിരിച്ചടി കിട്ടുമെന്ന തിരിച്ചറിവ് കൂടിയാണു സര്‍ക്കാരിനെ ഇതിനു പ്രേരിപ്പിച്ചത്. ഏപ്രില്‍ അവസാനം ജേക്കബ് തോമസിന്റെ അവധി കഴിയാറായതോടെ അതു വീണ്ടും നീട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചു. എന്നാല്‍, തന്റെ ആദ്യ അവധി അപേക്ഷ തന്നെ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായിട്ടില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. തുടര്‍ന്ന്, കഴിഞ്ഞ രണ്ടിനാണ് ഏപ്രിലിലെ ഒരു മാസത്തെ അവധി അംഗീകരിച്ചു സര്‍ക്കാര്‍ ഉത്തരവിട്ടത്.
വീണ്ടും മേയില്‍ ഒരു മാസത്തെ അവധിക്കു കൂടി അദ്ദേഹം അപേക്ഷ നല്‍കി. അത് ഇനിയും അംഗീകരിച്ചിട്ടില്ല. സെന്‍കുമാറിനെ വീണ്ടും പൊലീസ് മേധാവിയാക്കിയ ഉത്തരവിനൊപ്പം തന്റെ പുതിയ നിയമന ഉത്തരവും ഉണ്ടാകുമെന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല.
സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍ നിയമിച്ച ഉത്തരവില്‍ അവിടെ നിന്നു മാറ്റുന്ന ബെഹ്‌റയുടെ നിയമന ഉത്തരവ് പ്രത്യേകം ഇറക്കുമെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച ഉത്തരവില്‍ അവിടെ നിന്നു ജേക്കബ് തോമസിനെ മാറ്റിയെന്നോ അതു സംബന്ധിച്ചു പ്രത്യേക ഉത്തരവ് ഇറക്കുമെന്നോ ഇല്ല. ഒന്നുകില്‍ ജേക്കബ് തോമസിന്റെ അവധി റദ്ദാക്കി അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു നീക്കിയതായി ഉത്തരവിറക്കണം. പകരം നിയമനം പിന്നീടെന്നു വ്യക്തമാക്കിയാല്‍ മതി. അല്ലെങ്കില്‍, ബെഹ്‌റയുടെ നിയമന ഉത്തരവില്‍ ഇതു സംബന്ധിച്ച സൂചന നല്‍കണം. അതുമുണ്ടായില്ല. ഈ സാഹചര്യത്തില്‍, എന്തു ചെയ്യണമെന്ന ആലോചനയിലാണു ജേക്കബ് തോമസ്.
സംസ്ഥാന പൊലീസില്‍, നിലവില്‍ സെന്‍കുമാര്‍ കഴിഞ്ഞാല്‍ സീനിയോറിറ്റിയില്‍ ജേക്കബ് തോമസാണു രണ്ടാമന്‍. ബെഹ്‌റ മൂന്നാമതും. ഇരുവരും 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണെങ്കിലും കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ സീനിയോറിറ്റി ലിസ്റ്റില്‍ ജേക്കബ് തോമസാണ് ആദ്യം. ഇതേ ബാച്ചിലെ ഋഷിരാജ് സിങ് ബെഹ്‌റയ്ക്കു പിന്നിലാണ്. 1984 ബാച്ചിലെ അരുണ്‍ കുമാര്‍ സിന്‍ഹ (സീനിയര്‍) കേരള കേഡര്‍ ഉദ്യോഗസ്ഥനാണെങ്കിലും അദ്ദേഹം കേന്ദ്രത്തില്‍ ഡപ്യൂട്ടേഷനിലാണ്. അവധിയില്‍ പോകാന്‍ പറഞ്ഞ സമയത്തു സര്‍ക്കാര്‍ ജേക്കബ് തോമസിനു നല്‍കിയ ചില ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അദ്ദേഹം നിയമ നടപടികളിലേക്കു കടക്കാത്തതെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha























