സെക്രട്ടേറിയറ്റിലെ മരത്തില്‍ വീണ്ടും ആത്മഹത്യാഭീഷണി; പത്തനംതിട്ട സ്വദേശി കസ്റ്റഡിയില്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ പുലര്‍ച്ചെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി വിനോദ് ചന്ദ്രനാണ് (34) പിടിയിലായത്. ഇന്ന് രാവിലെ ആറു മണിയോടെ മെയിന്‍ ഗേറ്റിന് സമീപമുള്ള കൂറ്റന്‍ മഹാഗണി മരത്തിന്റെ മുകളില്‍ കയറിയാണ് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കാവിമുണ്ടും ഷര്‍ട്ടും ധരിച്ച് കൈയില്‍ ഒരു കവറുമായി ഇന്നലെ വൈകിട്ട് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ ഇയാള്‍ മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ അകത്തേക്ക് കടത്തിവിട്ടില്ല. തുടര്‍ന്ന് മെയിന്‍ ഗേറ്റിന് സമീപം തമ്പടിച്ച വിനോദ് ചന്ദ്രന്‍ ഇന്ന് രാവിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് മരത്തില്‍ കയറിയത്.
ഇയാള്‍ മരത്തില്‍ കയറുന്നത് കണ്ട മറ്റുസമരക്കാര്‍ താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇരുപതടിയിലേറെ ഉയരത്തില്‍ കയറി മരക്കൊമ്പില്‍ ഇരിപ്പുറപ്പിച്ച ഇയാള്‍ പത്തനംതിട്ട ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്‌സിലെ അനാശാസ്യത്തെപ്പറ്റി പൊലീസിന് നല്‍കിയ പരാതി അന്വേഷിക്കുന്നില്ലെന്നാരോപിച്ചു. ഇതിനെതിരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനെത്തിയപ്പോള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനൊടുക്കുകയാണെന്ന് അറിയിച്ചു. ഇതിനിടെ വിവരമറിഞ്ഞ് കണ്‍ട്രോള്‍ റൂം പൊലീസും കന്റോണ്‍മെന്റ് എസ്.ഐയും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ പൊലീസ് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സ് ഏണി ഉപയോഗിച്ച് മരത്തില്‍ കയറി മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കാമെന്ന് ഉറപ്പ് നല്‍കി ഇയാളെ താഴെയിറക്കി.
താഴെയിറങ്ങിയ വിനോദിനെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇയാള്‍ക്ക് മാനസികരോഗമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. സെക്രട്ടേറിയറ്റ് വളപ്പിലെ മരങ്ങളില്‍ കയറി ആത്മഹത്യാഭീഷണി പതിവായതിനെ തുടര്‍ന്ന് പൊലീസ് മരങ്ങളില്‍ മുള്ളുകമ്പി ചുറ്റി ആളുകള്‍ കയറുന്നത് തടഞ്ഞിരുന്നു. സദാസമയവും പൊലീസ് കാവലുള്ളതിനാല്‍ മെയിന്‍ ഗേറ്റിലെ മരത്തില്‍ കമ്പി ചുറ്റിയിരുന്നില്ല. ഈ മരത്തിലാണ് വിനോദ് കയറിയത്. ഇയാളുടെ ബന്ധുക്കളെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. ആത്മഹത്യാഭീഷണിയുടെ പേരില്‍ കേസെടുത്ത പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha























