സ്‌കൂള്‍ പ്രവൃത്തിദിനം ഇനി 200 : ആറ് ശനിയാഴ്ചകളില്‍ ക്ലാസ്

അടുത്ത അധ്യയനവര്‍ഷം സ്‌കൂള്‍ പ്രവൃത്തിദിവസം 200 എണ്ണമാക്കി വിദ്യാഭ്യാസ കലണ്ടറിന് രൂപം നല്‍കി. ആഗസ്ത് എട്ട്, സെപ്റ്റംബര്‍ 16, 23, ഒക്ടോബര്‍ 21, ജനുവരി ആറ്, 27 എന്നിങ്ങനെ ആറ് ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാക്കി. ഗുണമേന്മാ പരിശോധനാ സമിതിയാണ് ഈ തീരുമാനങ്ങളെടുത്തത്. അധ്യാപകര്‍ക്ക് ഓരോ ടേമിലും ഓരോ ക്ലസ്റ്റര്‍ പരിശീലനമുണ്ടാകും. പ്രവൃത്തിദിവസങ്ങളില്‍ പരിശീലനമുണ്ടാകില്ല.
ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ വിവിധ പരിപാടികള്‍ക്കായി കുട്ടികളെ പുറത്തുകൊണ്ടുപോകാന്‍ രക്ഷിതാക്കളുടെ സഹായം തേടും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഒരുവിധത്തിലുള്ള പരിശീലനവുമുണ്ടാകില്ല.
പി.എസ്.സി. പരീക്ഷകള്‍ പ്രവൃത്തി ദിവസങ്ങളില്‍ വന്നാല്‍ അക്കാര്യം പി.എസ്.സി.യുടെ ശ്രദ്ധയില്‍പ്പെടുത്തി മറ്റൊരു ദിവസത്തേക്ക് ക്രമീകരിക്കാന്‍ ആവശ്യപ്പെടും. ഹെഡ്മാസ്റ്റര്‍മാരുടെയും അധ്യാപക സംഘടനാ പ്രതിനിധികളുടെയും മറ്റും യോഗങ്ങള്‍ ശനിയാഴ്ചയാകും നടത്തുക.
മുന്‍ വര്‍ഷവും 200 അധ്യയന ദിവസമാണ് ലക്ഷ്യമിട്ടതെങ്കിലും പരമാവധി 172 ദിവസമേ നടന്നുള്ളൂ. അതില്‍ തന്നെ പരീക്ഷയും ഉള്‍പ്പെടും. ഇത് കണക്കിലെടുത്താണ് പരമാവധി അധ്യയന ദിവസം കണ്ടെത്താനുള്ള ശ്രമം.
ഓണപ്പരീക്ഷ ഓഗസ്റ്റ് 21- 31 വരെയും ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13-22 വരെയും നടക്കും. എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി 17നും.
https://www.facebook.com/Malayalivartha























