ഗുരുവായൂര്‍ ക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി അറുപത്തഞ്ചുകാരന്‍ പിടിയില്‍

രാജീവ് ഗാന്ധി വധിക്കപ്പെട്ട മാതൃകയില്‍ സ്ത്രീയെ ഉപയോഗിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ വെളിയംപറമ്പ് സ്വദേശി ബാലനെയാണ് (ജോസഫ്65) പിടികൂടിയത്. ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ഉപജീവനം നടത്തുന്നയാളാണ് ഇയാള്‍. നിവേദ്യം നല്‍കുന്ന പാത്രത്തില്‍ നിന്ന് ലഭിച്ച, ക്ഷേത്രത്തിന്റെ നമ്പരിലാണ് ഇന്നലെ രാവിലെ 8.15 ന് പ്രതി വിളിച്ചത്. ക്ഷേത്രം തകര്‍ക്കുമെന്ന് നേരംപോക്കിന് പറഞ്ഞതാണെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ക്രിസ്ത്യന്‍ മഠങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനാണ് ജോസഫ് എന്ന പേര് സ്വീകരിച്ചതെന്ന് പ്രതി പറഞ്ഞു. ആലപ്പുഴ പുന്നപ്ര സ്വദേശി സന്തോഷ് രാമചന്ദ്രനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബന്ധുവാണ് ബാലന്‍. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബാലന് സന്തോഷ് സ്വന്തം സിം കാര്‍ഡ് നല്‍കിയിരുന്നു.
സിം ഉപയോഗിക്കുന്നത് ബാലനാണെന്ന് അറിഞ്ഞതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ക്ഷേത്രം ഓഫീസിലെ ലാന്‍ഡ് ഫോണിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മാനേജര്‍ ടി.വി. കൃഷ്ണദാസാണ് ഫോണെടുത്തത്. ഭീഷണി സന്ദേശം കിട്ടിയ ഉടനെ മാനേജര്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററെയും പൊലീസിനെയും ദേവസ്വം അധികൃതരെയും വിവരമറിയിച്ചു. ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ബോംബ് സ്‌ക്വാഡും പൊലീസും ക്ഷേത്രത്തില്‍ പരിശോധന നടത്തി. സുരക്ഷയും ശക്തമാക്കി. ഭക്തര്‍ക്കു കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. എ.സി.പി പി.എ. ശിവദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മുമ്പും ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബു ഭീഷണി ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























