കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി; കള്ളവിദ്യകളിലൂടെ കൈയേറ്റം നടത്തുന്ന വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ല

കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കള്ളവിദ്യകളിലൂടെ കൈയേറ്റം നടത്തുന്ന വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയില്‍ പട്ടമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ അത് തിരിച്ചു നല്‍കുന്നതാണ് നല്ലത്. അല്ലാതെ തിരിച്ചു പിടിക്കാന്‍ വരുന്‌പോള്‍ പരാതി പറഞ്ഞിട്ട് കാര്യമില്ല. കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും ഒരേ കണ്ണു കൊണ്ട് കാണില്ല. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഇതിന് റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് മേല്‍നോട്ടം നല്‍കുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പട്ടയം കുറയാന്‍ കാരണം തയ്യാറെടുപ്പുകളുടെ അപാകതയാണ്. അത് വീഴ്ചയാണെന്ന് സമ്മതിക്കുന്നു. മുഴുവന്‍ നടപടികളും പൂര്‍ത്തിയായി കഴിഞ്ഞാല്‍ അര്‍ഹതപ്പെട്ട മറ്റുള്ളവര്‍ക്കും സര്‍ക്കാര്‍ പട്ടയം നല്‍കും. നേരത്തെയുണ്ടായിരുന്ന ഭരണാധികാരികള്‍ നടത്തിയതു പോലത്തെ പ്രഖ്യാപനങ്ങള്‍ പോലെയല്ല ഇതെന്നും പിണറായി പറഞ്ഞു. ഇടുക്കിയിലെ ജനങ്ങള്‍ പട്ടയത്തിന് അര്‍ഹതയില്ലാത്തവരാണെന്ന ചിന്ത സര്‍ക്കാരിനില്ല. പട്ടയ വിതരണത്തിന് ആവശ്യമായ രേഖകള്‍ എല്ലാ പൂര്‍ത്തിയാക്കി പട്ടയം കൈമാറാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇത് ഒരു ഭാഗം മാത്രമെ ആകുന്നുള്ളൂവെന്നത് സര്‍ക്കാര്‍ ഗൗരവപൂര്‍വം തിരിച്ചറിയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ ചില ഘട്ടങ്ങളില്‍ പട്ടയം നല്‍കാറുള്ളത് ഏതെങ്കിലും ചില പ്രത്യേകം സന്ദര്‍ഭങ്ങളിലാണ്. തിരഞ്ഞെടുപ്പ് സമയത്ത് ധൃതിപ്പെട്ട് പട്ടയം തട്ടിക്കൂട്ടി നല്‍കാറുണ്ട്. അതിന്റേതായ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഇപ്പോള്‍ അങ്ങനെ ആര്‍ക്കും പറയാനാവില്ല. ഒരു തിരഞ്ഞെടുപ്പും നമുക്ക് മുന്നില്‍ ഇപ്പോഴില്ല. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയ കാര്യമാണ് ഇപ്പോള്‍ ചെയ്യുന്നത്. അതില്‍ പ്രധാനം ഇടുക്കിയിലെ ഭൂപ്രശ്‌നം തന്നെയാണ്. ഇടുക്കിയിലെ ഭൂപ്രശ്‌നം സങ്കീര്‍ണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























