അടുത്ത മാസം മുതല്‍ മദ്യത്തിന്റെ വില കൂട്ടാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനം; കുപ്പിക്ക് 40 രൂപ വരെ

അടുത്ത മാസം മുതല്‍ മദ്യത്തിന്റെ വില കൂട്ടാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം 750 മില്ലി ലിറ്റര്‍ ബോട്ടിലിന് 20 രൂപ മുതല്‍ 40 രൂപ വരെയാണു വര്‍ധന. ബിവറേജസ് കോര്‍പ്പറേഷന്റെ കനത്ത നഷ്ടം മറികടക്കുകയാണു ലക്ഷ്യം. സര്‍ക്കാര്‍ അടുത്ത മാസം പുതിയ മദ്യനയം പ്രഖ്യാപിക്കാനിരിക്കെയാണ് കോര്‍പ്പറേഷന്‍ വിലവര്‍ധന തീരുമാനിച്ചത്.
സുപ്രീം കോടതിവിധിയെത്തുടര്‍ന്ന് ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ക്കു പകരമായി ഉള്‍പ്രദേശങ്ങളില്‍ പുതിയവ തുറക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിച്ചെങ്കിലും പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം തടസമായി. മദ്യശാലകളുടെ എണ്ണം കുറഞ്ഞതോടെ വരുമാനം ഇടിഞ്ഞ സാഹചര്യത്തിലാണ് വില കൂട്ടാന്‍ തീരുമാനിച്ചത്. ലാഭവിഹിതം കൂട്ടിക്കൊണ്ടായിരിക്കും വിലവര്‍ധന നടപ്പാക്കുക. ഒരു കെയ്‌സിന്റെ ലാഭവിഹിതം 24 ശതമാനത്തില്‍ നിന്ന് 29 ആയി കൂട്ടും.
അടച്ചുപൂട്ടിയവയ്ക്കു പകരം എങ്ങനെയും പുതിയ മദ്യശാലകള്‍ തുറക്കാനും ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. നാലു ദിവസത്തെ താല്‍ക്കാലിക പെര്‍മിറ്റ് നല്‍കിയാണ് പുതിയ സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കാന്‍ ശ്രമിച്ചത്. പ്രതിഷേധം മൂലം തുറക്കാന്‍ കഴിയാതിരുന്നവയുടെ പെര്‍മിറ്റ് റദ്ദായി. ഇതിനു പരിഹാരം കാണാനായി പെര്‍മിറ്റ് കാലാവധി നീട്ടിനല്‍കുക എന്ന പോംവഴി ആലോചിക്കുന്നുണ്ട്. ഇതിനു പുതിയ മദ്യനയത്തിന്റെ പിന്തുണ വേണ്ടിവരും.
https://www.facebook.com/Malayalivartha
























