കശാപ്പിന് നിരോധനം; മുഖ്യമന്ത്രി മോദിക്ക് കത്തയയ്ക്കും

കശാപ്പിനായി കാലിച്ചന്തകളിലൂടെ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ കേരളം പ്രതിഷേധം അറിയിക്കും. നിരോധനം പ്രായോഗികമല്ലെന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കും. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്നലെയാണ്, കാര്‍ഷിക ആവശ്യങ്ങള്‍ക്കല്ലാതെ കന്നുകാലികളെ വില്‍ക്കാന്‍ പാടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേരളം പോലെ മാംസാഹാരം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളെ നിരോധനം വലിയ തോതില്‍ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടും. എന്ത് ഭക്ഷണം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമല്ല. സംസ്ഥാനങ്ങളോട് ആലോചിക്കാതെ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചത് ഏകപക്ഷീയവും സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്നും മുഖ്യമന്ത്രി കത്തില്‍ ബോദ്ധ്യപ്പെടുത്തും. വിവിധ മതങ്ങളും വിവിധ സംസ്‌കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്തഃസത്ത. അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്. ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്.
എന്നാല്‍, കാള, പോത്ത്, എരുമ എന്നീ മൃഗങ്ങള്‍ക്കും നിരോധനം ബാധകമാണ്. രാജ്യത്ത് കോടിക്കണക്കിനാളുകള്‍ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്. മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതങ്ങളില്‍ പെട്ടവരും ചരിത്രാതീതകാലം മുതല്‍ മാംസഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് മേലാണ് കേന്ദ്രസര്‍ക്കാര്‍ കൈ കടത്തുന്നത്. ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രധാന പോഷകാഹാരമാണ് മാംസമെന്നതും കാണേണ്ടതാണ്. അതുകൊണ്ടുതന്നെ, ഇത് പാവങ്ങള്‍ക്കെതിരായ കടന്നാക്രമണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് കന്നുകാലികള്‍ക്കാണ് നിരോധനമെങ്കില്‍ നാളെ മത്സ്യം കഴിക്കുന്നതിനും നിരോധനം കൊണ്ടുവരുമോയെന്നും അദ്ദേഹം ചോദിച്ചു.
കന്നുകാലികളെ കൊല്ലുന്നതിനുള്ള നിരോധനം രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ ഇല്ലാതാക്കുന്ന കാര്യവും പിണറായി ചൂണ്ടിക്കാട്ടും. നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലെ തുകല്‍വ്യവസായത്തിന് അസംസ്‌കൃതവസ്തുക്കള്‍ കിട്ടാതെയാകും. ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ തുകല്‍വ്യവസായത്തില്‍ പണിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും ദളിതരാണ്. അതുകൊണ്ടുതന്നെ, ഈ നിരോധനം പാവപ്പെട്ട ജനവിഭാഗങ്ങളെയാകും ബാധിക്കുക.
https://www.facebook.com/Malayalivartha
























