എ.ടി.എം കവര്‍ച്ച; വിരലടയാളം ലഭിച്ചു. പ്രൊഫഷണല്‍ സംഘമെന്ന് സൂചന

ദേശീയപാതയോരത്തെ എ.ടി.എം മെഷീന്‍ ഗ്യാസ് കട്ടറുപയോഗിച്ച് അറുത്തുമാറ്റി പത്ത് ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന് പൊലീസ് നിഗമനം. മാവേലിക്കരയ്ക്കടുത്ത് ചെറിയനാട്ട് ഏതാനും ആഴ്ചമുമ്പ് മെഷീന്‍ തകര്‍ത്ത് മൂന്നുലക്ഷത്തില്‍പരം രൂപ കവര്‍ന്ന അതേ സംഘം തന്നെയാണ് കഴക്കൂട്ടത്തെ ഓപ്പറേഷന് പിന്നിലുമെന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം, കവര്‍ച്ച സംഘത്തിലുള്‍പ്പെട്ടവരെന്ന് കരുതുന്ന മൂന്നുപേരുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. എ.ടി.എം മെഷീന്‍ സ്ഥാപിച്ചിരുന്ന സ്ഥലത്തിന് സമീപത്തെ വീടുകളുടെ സിസിടിവി കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.
കഴിഞ്ഞ മൂന്നുമാസമായി എ.ടി.എം കൗണ്ടറിലെ കാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ സിസി ടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കുമ്പോഴാണ് വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസിന് തുണയായത്. കവര്‍ച്ചാ സംഘത്തില്‍പ്പെട്ട മൂന്നുപേരാണ് ചിത്രത്തിലുള്ളത്. പുലര്‍ച്ചെ കാമറയില്‍ പതിഞ്ഞ ഇവര്‍ മലയാളികളല്ലെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ബംഗാളികളോട് രൂപ സാദൃശ്യമുള്ളതാണ്ചിത്രങ്ങള്‍. വെളിച്ചക്കുറവും കാമറയുടെ അകലവും ചിത്രങ്ങളുടെ പൂര്‍ണ വ്യക്തതയ്ക്ക് തടസമായിട്ടുണ്ട്.
ചെറിയനാട്ടും കഴക്കൂട്ടത്തും പഴയ എ.ടി.എം മെഷീനാണ്. ഇത് മനസിലാക്കി കവര്‍ച്ച നടത്തിയതെന്നും പൊലീസ് കരുതുന്നു. കഴക്കൂട്ടത്തെ കവര്‍ച്ചാ സംഘത്തിലുള്‍പ്പെട്ടവരുടേതെന്ന് കരുതുന്ന ഏതാനും വിരലടയാളങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന ബന്ധമുള്ള കവര്‍ച്ചസംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അതിര്‍ത്തികളുള്‍പ്പെടെ ബന്തവസ് ചെയ്ത് പൊലീസ് ഇന്നലെ വൈകുന്നേരം മുതല്‍ ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചെങ്കിലും സംഭവത്തിലുള്‍പ്പെട്ട ആരെയും പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന് പുറത്തേക്ക് കേസിന്റെ അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണ, കഴക്കൂട്ടം അസി.കമ്മിഷണര്‍ പ്രമോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും.
കാര്യവട്ടം കഴക്കൂട്ടം ദേശീയപാതയ്ക്കരികെയുള്ള എസ്.ബി.ഐയുടെ അമ്പലത്തിന്‍കര കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകിട്ട് ആറോടെ എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ സ്വകാര്യ ഏജന്‍സി ജീവനക്കാരാണ് സംഭവം കണ്ടത്. ഇവരാണ് കഴക്കൂട്ടം പൊലീസിനെ വിവരമറിയിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ക്രീനിന് താഴെ പണം നിറയ്ക്കുന്ന ഭാഗം പൂര്‍ണമായി മുറിച്ച് മാറ്റിയാണ് പണം മുഴുവനും കവര്‍ന്നത്. പുലര്‍ച്ചെ 2.20ന് പൊലീസ് പട്രോളിംഗ് സംഘം ഇവിടെയെത്തി ബീറ്റ് ബുക്കില്‍ ഒപ്പിട്ട് മടങ്ങിയിട്ടുണ്ട്.
അതിനുശേഷമാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 2.40നാണ് മെഷീന്‍ ഓഫായത്. ഈ സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. അരമണിക്കൂറിനകം സംഭവം നടന്ന സാഹചര്യത്തില്‍ പൊലീസ് വന്നുപോകുന്നത് സംഘം ഒളിച്ചിരുന്ന് നിരീക്ഷിച്ചിരിക്കാം. പുലര്‍ച്ചെ ഒന്നേകാല്‍ വരെ ഈ എ.ടി.എമ്മില്‍ ഇടപാട് നടന്നിട്ടുണ്ട്. എസ്.ബി.ഐ അധികൃതരുടെ സഹായത്തോടെ എ.ടി.എം ടെക്‌നീഷ്യന്മാരെത്തി പരിശോധിച്ചപ്പോഴാണ് 10,18,500 രൂപ നഷ്ടപ്പെട്ടതായി അറിയാന്‍ കഴിഞ്ഞത്.
അവസാനമായി വ്യാഴാഴ്ച അഞ്ച് ലക്ഷം രൂപ നിറയ്ക്കുന്ന സമയത്ത് 9 ലക്ഷം രൂപ മെഷീനിലുണ്ടായിരുന്നു. ഇതില്‍ മോഷണം പോയ തുക കഴിച്ച് ബാക്കി ഇടപാടുകാര്‍ പിന്‍വലിച്ചു. സമീപത്തെ വീടിനോട് ചേര്‍ന്നാണ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. കൗണ്ടറിലെ കാമറ ഒരുമാസമായി പ്രവര്‍ത്തനരഹിതമായിരുന്നു. കഴക്കൂട്ടം അസി. കമ്മിഷണര്‍ എ.പ്രമോദ്കുമാര്‍, സി.ഐ എസ്.അജയകുമാര്‍, എസ്.ഐ ദിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരെത്തി കൂടുതല്‍ പരിശോധന നടത്തും. അതിവിദഗ്ദ്ധരായ എ.ടി.എം കവര്‍ച്ചക്കാരാവാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു.
https://www.facebook.com/Malayalivartha
























