കഴിഞ്ഞതെല്ലാം ദു:സ്വപ്നം പോലെ ... ഇനിയുള്ളത് പുതിയ ജീവിതം...ജീവിതം തിരിച്ചുകിട്ടിയ ഒരു വീട്ടമ്മ

കുടുംബത്തിന് താങ്ങാകാന്‍ ജനിച്ചു വളര്‍ന്ന നാടിനെയും സ്വന്തക്കാരെയും വിട്ട് വിദേശത്തേക്ക് ഒടുവില്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടം എല്ലാം ഒരു ദുഃസ്വപ്നം പോലെ മറന്നുകളയാന്‍ ആഗ്രഹിക്കുകയാണ് മിനി. കൊടിയ പീഡനങ്ങളുടെ ഓര്‍മകള്‍ സൗദിയുടെ മണ്ണില്‍ മറന്ന് മിനി ഇന്നു പ്രിയപ്പെട്ടവരുടെ അരികില്‍ മടങ്ങിയെത്തുകയാണ്. ജോലിക്കു നിന്ന അറബിയുടെ വീട്ടില്‍നിന്ന് മതില്‍ചാടിക്കടന്ന് സാഹസികമായാണ് മിനി രക്ഷപ്പെട്ടത്. ഡല്‍ഹി വഴി വൈകിട്ട് ആറു മണിക്കു മിനി നെടുമ്പാശേരിയില്‍ എത്തും.
കുടുംബത്തിന്റെ മെച്ചപ്പെട്ട ഭാവി സ്വപ്നം കണ്ട് സൗദിയിലേക്കു പറന്ന കോട്ടയം പാമ്പാടി വെള്ളൂര്‍ കാട്ടാംകുന്ന് ആരോലില്‍ വീട്ടില്‍ ഷാജിയുടെ ഭാര്യ മിനി ഒരായുഷ്‌കാലത്തില്‍ അനുഭവിക്കേണ്ട ദുരിതങ്ങളെല്ലാം ഒരുമിച്ച് അനുഭവിച്ചിട്ടാണ്ജനിച്ചുവളര്‍ന്ന നാട്ടിലേക്ക് മടങ്ങുന്നത്. ഒന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും മിനി സുരക്ഷിതയായി തിരിച്ചെത്തുന്നതിന്റെ ആശ്വാസത്തിലാണ് ആരോലില്‍ വീട്. കോട്ടയം സ്വദേശിയായ അഭിലാഷ ജി നായര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലാണ് മിനിയുടെ തിരിച്ചുവരവിനു കളമൊരുക്കിയത്.
ഹൗസ് മെയ്ഡ് വിസയില്‍ സൗദിയിലേക്കു പറന്ന മിനിയെന്ന വീട്ടമ്മയെ സൗദിയില്‍ കാത്തിരുന്നത് കൊടിയ പീഡനത്തിന്റെ നാളുകളാണ്. ജോലിക്കായി ചെന്നുപെട്ട വീട്ടില്‍ അനുഭവിക്കേണ്ടി വന്നത് വളരെ ഏറെ പീഡനങ്ങളായിരുന്നു.എന്താണ് വീടിനുള്ളില്‍ നടക്കുന്നതെന്ന് പുറത്തു പറയാനാവാത്ത വിധം ദാരുണമായിരുന്നെന്നു മിനിയുടെ അവസ്ഥ.
ഫെബ്രുവരിയിലാണ് സൗദി അറേബ്യയില്‍ ഒരു അറബിയുടെ കൂട്ടുകുടംബത്തില്‍ മെയ്ഡ് ആയി ജോലിക്കു പോയത്. അവിടെ എത്തിയപ്പോള്‍ മുതല്‍ അറബിയുടെ വീട്ടിലെ സ്ത്രീകള്‍കൂട്ടമായി ഒരുകാരണവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു. വേദനകൊണ്ട് പൊട്ടി മിനി കരയുന്നതു കാണുമ്പോള്‍ അവര്‍ കൈകൊട്ടി ചിരിക്കും. പുറത്ത് അടിക്കുക, മുടിക്കു കുത്തിപ്പിടിച്ചു വട്ടം കറക്കുക, മുഖത്ത് ഇടിക്കുക എന്നിവയായിരുന്നു ഇവിടുത്തെ സ്ത്രീകളുടെ ക്രൂരവിനോദം. ഒരിക്കല്‍ മുളകുപൊടി കലക്കി കുടിപ്പിക്കുകയുമുണ്ടായി.
ഇതിനൊക്കെപ്പുറമെ ദിവസം 20 മണിക്കൂറോളം വിശ്രമമില്ലാത്ത ജോലി. കഴിക്കാന്‍ കൊടുക്കുന്നത് മൂന്ന് നേരവും വെള്ളച്ചോറും കുരുമുളകുപൊടിയും മാത്രം. അത് കഴിച്ചതിന്റെ ആരോഗ്യപ്രശ്നങ്ങള്‍ വേറേ. സ്വന്തം വീട്ടിലെ ആണുങ്ങള്‍ പോയിക്കഴിഞ്ഞായിരുന്നു സ്ത്രീകള്‍ മിനിയെ മര്‍ദിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ നാവ് പിഴുതെടുക്കുമെന്നു ഭീഷണിയും. വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്തപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒരു രക്ഷയുമില്ലാതെ വന്നതോടെ ഭര്‍ത്താവിനോടു കാര്യങ്ങള്‍ തുറന്നുപറഞ്ഞു. വിവരമറിഞ്ഞ ഷാജി ഒടുവില്‍ കിടങ്ങൂര്‍ എസ്.ഐ. പ്രദീപിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. തുടര്‍ന്നു പ്രദീപ് നിര്‍ദേശിച്ചതനുസരിച്ച് അഭിലാഷിനെ സമീപിക്കുകയും സൗദിയിലെ മലയാളികളുമായി ബന്ധപ്പെടുകയുമായിരുന്നു. ട്വിറ്ററിലൂടെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടെങ്കിലും ഇടപെടല്‍ ഉണ്ടായില്ല . സൗദിയിലെ ഇന്ത്യന്‍ എംബസിയും അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതോടെ ഏതുവിധേനയും രക്ഷപ്പെടാന്‍ ഇവര്‍ മിനിക്കു നിര്‍ദേശം നല്‍കി. അതോടെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അറബിയുടെ വീട്ടില്‍നിന്നു രക്ഷപ്പെടാന്‍ മിനി തീരുമാനിക്കുകയായിരുന്നു.
അടുത്ത ദിവസം രാവിലെ അഞ്ചു മണിയോടെ അറബിയുടെ വീടിന്റെ രണ്ടാള്‍ പൊക്കമുള്ള മതിലിനു മുകളില്‍ വലിഞ്ഞുകയറി പുറത്തേക്കു ചാടി. ചാട്ടത്തില്‍ വീണു കാലൊടിഞ്ഞു. ഒടിഞ്ഞകാലിന്റെ വേദന കടിച്ചമര്‍ത്തി മിനി സൗദി പൊലീസിന്റെ സഹായം തേടി.
വളരെ മാന്യമായാണ് പൊലീസ് തന്നോട് പെരുമാറിയതെന്ന് മിനി അറിയിച്ചു. വൈകുന്നേരത്തോടെ മിനിയെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കു കൊണ്ടുപോയി. താന്‍ അതുവരെ നേരിട്ടതില്‍നിന്ന് ഏറെ വിഭിന്നമായി തികഞ്ഞ സ്നേഹത്തോടെയാണ് ആ അറബി കുടുംബം മിനിയെ പരിചരിച്ചത്. അവശയായിച്ചെന്ന മിനിയുടെ കാലിലെ നീരില്‍ ഐസ് വച്ചുകൊടുത്തു. അടികൊണ്ടു തിണിര്‍ത്ത പാടുകളില്‍ ലേപനം പുരട്ടി. മൂന്ന് മാസങ്ങള്‍ക്കുശേഷം കഴിക്കാന്‍ നല്ല ഭക്ഷണം കിട്ടി. വിശ്രമിക്കാനായി എസി മുറി കൊടുത്തു. അവര്‍ തന്നെ ആശുപത്രിയിലെത്തിച്ചു കാലില്‍ പ്ലാസ്റ്റര്‍ ഇട്ടു. പരുക്കു ഭേദമായാല്‍ വീണ്ടും എവിടെയെങ്കിലും ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് അവര്‍ പറഞ്ഞെങ്കിലും ഏതുവിധേനയും നാട്ടില്‍ മടങ്ങിയെത്തി പ്രിയപ്പെട്ടവര്‍ക്കൊപ്പംജീവിക്കണമെന്നാണ് മിനി ആഗ്രഹിക്കുന്നത്.
https://www.facebook.com/Malayalivartha
























