റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെ മകനായ ടെക്നോപാര്‍ക്കിലെ വ്യവസായി ഗൗതമിന്റെ മരണത്തില്‍ ഞെട്ടി കുടുംബം

ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ. വിജയകുമാറിന്റെ മകനും ഐടി സംരംഭകനുമായ ഗൗതം വിജയകുമാറിനെ (28) കാരിത്താസ് റെയില്‍വേ ക്രോസിനു സമീപം ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഏറെ. മരണം കൊലപാതകമോ, ആത്മഹത്യയോ എന്ന കാര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായ സൂചനകള്‍ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായ പരിശോധന ആവശ്യമാണെന്ന നിലപാടിലാണു പൊലീസ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ വ്യവസായിയായിരുന്നു ഗൗതം.
ഗൗതം യാത്ര ചെയ്തിരുന്ന കാര്‍ കാരിത്താസ് കവലയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ ട്രെയിന്‍ തട്ടിയതിന്റെ പരുക്കുകള്‍ കൂടാതെ കഴുത്തിന്റെ ഇരുവശത്തും മുറിവുണ്ട്. ഇതാണ് സംശയത്തിന് കാരണം. കാറിനുള്ളിലും രക്തം കണ്ടെത്തി. പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി രക്തംപുരണ്ട നിലയില്‍ കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതുകൊണ്ട് തന്നെ ആത്മഹത്യാവാദം അംഗീകരിക്കാനാവില്ലെന്ന നിലപാട് അന്വേഷണം ഉദ്യോഗസ്ഥര്‍ തന്നെയുണ്ട്. കഴുത്തിലെ മുറിവ് മരണകാരണമാകാവുന്നവിധം മാരകമല്ലെന്നും കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചശേഷം പരാജയപ്പെട്ടതോടെ കാറില്‍ നിന്ന് റെയില്‍വേ ട്രാക്കുവരെ നടന്നെത്തി ട്രെയിനിനു മുന്നില്‍ ചാടിയതാണെന്നും പൊലീസ് സംശയിക്കുന്നു. സ്ഥലത്ത് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലാത്തതാണ് ഇതിന് കാരണം
ആന്തരികമായി ശരീരത്തിനേറ്റ ക്ഷതങ്ങളും രക്തംവാര്‍ന്നു പോയതുമാണ് ഗൗതമിന്റെ മരണകാരണമെന്നാണ് മൃതദേഹപരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക നിഗമനം. യുവാവിന്റെ നട്ടെല്ല് തകര്‍ന്നു. വാരിയെല്ലുകള്‍ ഒടിഞ്ഞു. കരള്‍ തകര്‍ന്നു. ഇത് തീവണ്ടി തട്ടിയതിനെത്തുടര്‍ന്നുണ്ടായതാണെന്നാണ് കരുതുന്നത്. കഴുത്തിലെ മുറിവില്‍നിന്ന് ഏറെ രക്തം വാര്‍ന്നുപോയിരുന്നു. ഇതും മരണകാരണമായേക്കാം. പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് അടുത്തദിവസം പൊലീസിന് കൈമാറും.
പ്രാഥമിക നിഗമനങ്ങളിലും മരണം ആത്മഹത്യെന്ന് ഉറപ്പിക്കുന്നില്ല. അതിനിടെ ഗൗതമിന് ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവുമില്ലായിരുന്നെന്ന് പിതാവ് വിജയകുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് ഗൗതം പുറത്തുപോയത്. എട്ടുമണിയോടെ വീട്ടിലേക്ക് ഫോണില്‍ വിളിച്ച് വൈകിട്ടത്തെ ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവരണോ എന്ന് ചോദിച്ചിരുന്നു. കൂട്ടുകാര്‍ ഒപ്പമുണ്ടെന്നും ഗൗതം അറിയിച്ചതായി വിജയകുമാര്‍ പറഞ്ഞു.
രാത്രി പത്തായിട്ടും മകനെ കാണാതിരുന്നതിനെ തുടര്‍ന്ന് പലതവണ വിളിച്ചെങ്കിലും ബെല്ലടിച്ച് നില്‍ക്കുകയായിരുന്നു. 11ന് വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ പരിധിയില്‍ അല്ലായിരുന്നു. കൂട്ടുകാരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ രാത്രി എട്ടുമണിയോടെ കെഎസ്ആര്‍ടിസി ഭാഗത്തുവച്ച് ഗൗതം യാത്രപറഞ്ഞു പോയതായി അറിയിച്ചു. പുലര്‍ച്ചെ വിജയകുമാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്.
അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് റെയില്‍വേ ഗാര്‍ഡിന്റെ മൊഴി. പുലര്‍ച്ചെ ട്രാക്ക് പരിശോധിക്കാന്‍ എത്തിയ ജീവനക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. പുലര്‍ച്ചെ കടന്നുപോയ ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാരുടെയും വിവരങ്ങളും റെയില്‍വേ പൊലീസ് ശേഖരിച്ചു.
ടെക്നോപാര്‍ക്കില്‍ സ്വന്തമായി ബിസനസ് നടത്തിവരുന്ന ഗൗതമിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും വാദമുണ്ട്. ഇതിനെ ചൊല്ലി രാത്രിയില്‍ ബഹളം ഉണ്ടായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നും പറയപ്പെടുന്നു. പിതാവ് വിജയകുമാറിന് ധനാഢ്യനായതിനാല്‍ അത്തരമൊരു പ്രശ്നം ഉണ്ടാകാന്‍ ഇടയില്ലെന്ന് ഒരു വിഭാഗം നാട്ടുകാര്‍ പറയുന്നു. തിരുവാതുക്കല്‍ പ്രദേശത്തെ നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് ഗൗതമിന്റെ മരണം.
https://www.facebook.com/Malayalivartha
























