അനധികൃത പാല്‍ കടത്തുന്നവര്‍ ജാഗ്രതൈ! സംസ്ഥാനത്തെ ആദ്യ ക്ഷീര ചെക്ക് പോസ്റ്റ് പ്രവര്‍ത്തന സജ്ജമാകുന്നു

രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തുള്ള പാല്‍ വിപണനത്തിന് തടയിടാനായി സംസ്ഥാനത്തെ ആദ്യ ക്ഷീര ചെക്ക് പോസ്റ്റ് പ്രവര്‍ത്തന സജ്ജമാകുന്നു. കഴിഞ്ഞ ഓണക്കാലത്ത് വിവിധ ജില്ലകളിലായി അഞ്ചിടത്ത് നടത്തിയ മൊബൈല്‍ പാല്‍ പരിശോധനകളില്‍ മായം ചേര്‍ക്കല്‍ വ്യാപകമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പാലിന് മാത്രമായി ചെക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്ക്‌പോസ്റ്റ് വഴി അനധികൃത പാല്‍ കടത്ത് ഫലപ്രദമായി തടയാനാവുമെന്നാണ് ക്ഷീര വികസന വകുപ്പിന്റെ നിഗമനം. പാല്‍ കയറ്റിയ വാഹനങ്ങള്‍ ഈ ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്ന റോഡിലൂടെ മാത്രം കടത്തിവിടാനുതകുന്ന ഉത്തരവും ഉടന്‍ പുറത്തിറങ്ങും.
വിവിധ രാസപദാര്‍ഥങ്ങള്‍ക്ക് പുറമെ ചില ആന്റി ബയോട്ടികുകളും പാല്‍പൊടിയും കലക്കിചേര്‍ത്ത കൃത്രിമ പാല്‍ സംസ്ഥാനത്ത് വ്യാപകമായി പ്രചാരത്തിലുണ്ടെന്നതിന് ക്ഷീര വികസന വകുപ്പിന്റെ വിവിധ പരിശോധനകളില്‍ വ്യക്തമായിരുന്നു. വാളയാര്‍, മീനാക്ഷിപുരം, ആര്യങ്കാവ്, കുമളി, അമരവിള ചെക്ക്‌പോസ്റ്റുകളില്‍ ഓണക്കാലത്ത് ക്ഷീര വികസന വകുപ്പി!ന്റെ മൊബൈല്‍ പരിശോധന യൂനിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, സീസണ്‍ കഴിയുന്നതോടെ പരിശോധന പാടെ നിലച്ചു.
തമിഴ്‌നാട്ടില്‍നിന്ന് വ്യത്യസ്തങ്ങളായ അഞ്ച് ലേബലുകളില്‍ കേരളത്തിലേക്ക് ദിവസവും പാക്കറ്റ് പാല്‍ എത്തുന്നുണ്ട്. ഇതിന് പുറമെ സ്വകാര്യ വ്യക്തികളും പാല്‍ വിപണനത്തിന് എത്തിക്കുന്നുണ്ട്. ഡിമാന്‍ഡ് ഏറിയ സമയത്തും ആവശ്യപ്പെടുന്നത്രയും പാല്‍ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ നല്‍കാന്‍ തയ്യാറാണ്. ഒരുവിധത്തിലുള്ള പരിശോധനയും നടത്താന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്ത വിധമാണ് പാലിന്റെ വരവ്. മൊബൈല്‍ പരിശോധന നടക്കുന്ന സമയത്ത് കൃത്രിമം കണ്ടുപിടിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
കഴിഞ്ഞദിവസങ്ങളില്‍ അതിര്‍ത്തി പ്രദേശത്തെ ചില ക്ഷീര സംഘങ്ങളില്‍ ഉണ്ടായ സംഭരണ പ്രതിസന്ധിയുടെ കാരണങ്ങളിലൊന്ന് കൃത്രിമ പാലിന്റെ ആധിക്യമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് മൊബൈല്‍ പരിശോധന യൂണിറ്റുകള്‍ പ്രവര്‍ത്തിച്ച പാലക്കാട് ജില്ലയില്‍ പ്രതിദിനം 1,65,000 ലിറ്റര്‍ പാല്‍ കേടുകൂടാതെ സംരക്ഷിക്കാനുള്ള സജ്ജീകരണമാണുള്ളത്. ഇതിനേക്കാള്‍ ഏറെ പാലാണ് അതിര്‍ത്തിപ്രദേശത്തെ ചില ക്ഷീര സംഘങ്ങളില്‍ കഴിഞ്ഞദിവസങ്ങളിലായി എത്തിയത്. ഇതോടെ സംഘങ്ങളില്‍ പലതും സംഭരണംതന്നെ നിര്‍ത്തി.
പൊതുവെ പാലിന് ഡിമാന്‍ഡ് കുറഞ്ഞത് പ്രതിസന്ധിക്ക് കാരണമാണെന്ന വിലയിരുത്തലുണ്ടെങ്കിലും കൃത്രിമ പാല്‍ എന്ന ഘടകമുണ്ടെന്ന് പാരമ്പര്യ ക്ഷീര കര്‍ഷകര്‍ തന്നെ വിലയിരുത്തുന്നുണ്ട്. ജൂണ്‍ 16ന് ആദ്യത്തെ ക്ഷീര ചെക്ക് പോസ്റ്റ് മീനാക്ഷിപുരത്താണ് ആരംഭിക്കുക. തുടര്‍ന്ന്, അതിര്‍ത്തി പങ്കിടുന്ന മറ്റുജില്ലകളിലും ഇത് തുടങ്ങാനാണ് നീക്കം.
https://www.facebook.com/Malayalivartha
























