സെക്കന്റ് ഷോയ്ക്കിടെ തീയേറ്ററില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

നഗരത്തിലെ തീയേറ്ററില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കഴിഞ്ഞ ദിവസം രാത്രിയിലെ സെക്കന്റ് ഷോയ്ക്കിടെയാണ് തീയേറ്ററില്‍ കൂട്ടത്തല്ലും കൂട്ടയോട്ടവുമെല്ലാം അരങ്ങേറിയത്. ഒടുവില്‍ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സെക്കന്റ് ഷോ ആരംഭിച്ച് ഏകദേശം അരമണിക്കൂറോളം പിന്നിട്ടപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സിനിമ കാണുന്നതിനിടെ തീയേറ്ററിനുള്ളില്‍ യുവാക്കളുടെ രണ്ട് സംഘങ്ങള്‍ ഡാന്‍സ് ചെയ്തിരുന്നു. തമിഴ് സിനിമയിലെ തട്ടുപൊള്ളിപ്പന്‍ പാട്ടുകള്‍ക്കൊപ്പം യുവാക്കളുടെ ഡാന്‍സ് കളിയും മുന്നേറുന്നതിനിടെയാണ് ചിലര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.
കോട്ടയം നഗരത്തിലെ തീയേറ്ററിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. തമിഴ് സിനിമയുടെ സെക്കന്റ് ഷോ പ്രദര്‍ശനമാണ് സംഘര്‍ത്തിലും കൂട്ടത്തല്ലിലും കലാശിച്ചത്. സിനിമയിലെ നൃത്തച്ചുവടുകള്‍ക്കൊപ്പവും പാട്ടുകള്‍ക്കൊപ്പവും തീയേറ്ററിനുള്ളിലെ യുവാക്കളും ഡാന്‍സ് ചെയ്തിരുന്നു. ഇല്ലിക്കല്‍, കാഞ്ഞിരം ഭാഗങ്ങളില്‍ നിന്നെത്തിയ യുവാക്കളാണ് തീയേറ്ററിനുള്ളില്‍ ഡാന്‍സ് ചെയ്തത്.
ഡാന്‍സ് ചെയ്യുന്നതിനിടെ യുവാക്കള്‍ തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കാഞ്ഞിരം സ്വദേശികളായ യുവാക്കളും ഇല്ലിക്കല്‍ സ്വദേശികളായ യുവാക്കളും തമ്മിലാണ് വാക്കേറ്റമുണ്ടായത്. യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം ഇതിനിടെ കയ്യാങ്കളിയിലെത്തി. യുവാക്കളെ പിടിച്ചു മാറ്റാന്‍ തീയേറ്ററിലെ സുരക്ഷാ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.
ഇതിനിടെ ഇല്ലിക്കല്‍ സ്വദേശിയായ യുവാവ് തീയേറ്ററിനുള്ളില്‍ കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചതോടെ രംഗം വഷളായി. കയ്യാങ്കളിയിലേര്‍പ്പെട്ടിരുന്നവര്‍ക്കും തീയേറ്ററിനുള്ളിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും കുരുമുളക് സ്‌പ്രേ കാരണം അസ്വസ്ഥത അനുഭവപ്പെട്ടു. പോലീസ് എത്തി ബലപ്രയോഗത്തിലൂടെ യുവാക്കളെ പിടിച്ചുമാറ്റിയ ശേഷമാണ് തീയേറ്ററിനുള്ളിലെ രംഗം ശാന്തമാക്കിയത്. തല്ലുണ്ടാക്കിയ യുവാക്കളില്‍ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുരുമുളക് സ്‌പ്രേയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
കയ്യാങ്കളിയിലേര്‍പ്പെട്ട യുവാക്കളില്‍ ഒരാള്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതോടെയാണ് തീയേറ്ററിനുള്ളിലെ മറ്റുള്ളവരും പരിഭ്രാന്തരായത്. അസ്വസ്ഥത അനുഭവപ്പെട്ട പലരും തീയേറ്ററില്‍ നിന്നും പുറത്തേക്കിറങ്ങിയോടുകയും ചെയ്തു. കുരുമുളക് സ്‌പ്രേ കാരണം അസ്വസ്ഥത അനുഭവപ്പെട്ട നാലുപേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
https://www.facebook.com/Malayalivartha
























