സി.പി.എം ബി.ജെ.പി സംഘര്‍ഷം; 175 പേര്‍ക്കെതിരെ കേസ്

ഇന്നലെ ചെറുവള്ളിമുക്കിലുണ്ടായ സി.പി.എം ബി.ജെ.പി സംഘര്‍ഷത്തില്‍ പൊലീസിനെ ആക്രമിച്ചതിനും പൊലീസിന്റെ ജോലി തടസപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന നൂറ്റി എഴുപത്തഞ്ച് പേര്‍ക്കെതിരെ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറ്റിങ്ങല്‍ സി.ഐ അനില്‍കുമാര്‍ സുഖംപ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് ആറ്റിങ്ങല്‍ എ.എസ്.പി ആദിത്യയുടെ നേതൃത്വത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച ചെറുവള്ളിമുക്കില്‍ സ്ഥാപിച്ചിരുന്ന ബി.ജെ.പിയുടെയും ശിവസേനയുടെയും കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്ന് രാത്രിയില്‍ ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ ഏരിയാ ജോയിന്റ് സെക്രട്ടറിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. കൊടികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്നലെ ചെറുവള്ളിമുക്കില്‍ വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പിയുടെ പ്രകടനം കഴിഞ്ഞ് ചെറുവള്ളിമുക്കില്‍ യോഗം കൂടുന്നതിനിടെയാണ് പുരവൂരില്‍ നിന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രകടനം ചെറുവള്ളിമുക്കിലെത്തുന്നത്.
തുടര്‍ന്നാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷവും കല്ലേറും ഉണ്ടായത്.സംഘര്‍ഷം തടയുന്നതിനിടെയാണ് സി.ഐയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശി ഇരു വിഭാഗത്തെയും പിരിച്ചു വിട്ടു. വ്യാഴാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാന്‍ ചെറുവള്ളിമുക്ക് ജംഗ്ഷനിലുണ്ടായിരുന്ന കൊടിമരങ്ങളെല്ലാം സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് നീക്കിയിരുന്നു.
https://www.facebook.com/Malayalivartha
























