റവന്യൂ വകുപ്പ് കൂടെ നിന്നിട്ടും കൊച്ചി സബ്കലക്ടറിന്റെ കസേര തെറിച്ചു; പിന്നില്‍ സിപിഎമ്മോ ?

മൂന്നാറിലെ കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോള്‍ ഹീറോയാണ്. സിപിഎം നേതാക്കളുടെ എതിര്‍പ്പുകളും ഭീഷണികളും ശക്തമായി മറികടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനെ പോലെ കൈയ്യേറ്റക്കാര്‍ക്കെതിരെയും ഭൂമാഫിയയ്‌ക്കെതിരെയും ശക്തമായ നടപടി എടുത്ത കൊച്ചി സബ്കളക്ടര്‍ അദീല അബ്ദുള്ളയ്ക്ക് കസേര തെറിച്ചിരിക്കുകയാണ്.
അതും റവന്യൂ വകുപ്പിന്റെ പിന്തുണ ഉണ്ടായിട്ട് പോലും. കൊച്ചി സബ്കളക്ടര്‍ ചുമതലയില്‍ നിന്ന് ലൈഫ് മിഷന്‍ പദ്ധതിയുടെ ചുമതലയിലേക്കാണ് അദീലയെ മാറ്റിയിരിക്കുന്നത്. ജൈവ വൈപ്പിന്‍ പദ്ധതി നോഡല്‍ ഓഫീസറുടെ അധിക ചുമതലയും അദീലയ്ക്കുണ്ട്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം. അജന്‍ഡയ്ക്ക് പുറത്തു നിന്നുള്ള ഇനമായിട്ട് മുഖ്യമന്ത്രി തന്നെയാണ് വിഷയം അവതരിപ്പിച്ച് തീരുമാനം എടുത്തത്.
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഭൂമി കൈയ്യേറ്റത്തിനും നിലം നികത്തലിനുമെതിരെ അദാല കര്‍ശന നടപടി സ്വീകരിച്ചിരുന്നു. കൂടാതെ നഗരത്തിന്റെ പല ഇടങ്ങളിലായി 60 കോടി രൂപയോളം വിലവരുന്ന ഭൂമി കൈയ്യേറ്റത്തിനെതിരെ നടപടി എടുത്തിരുന്നു. ഇതൊക്കയാണ് അദീലയുടെ കസേര തെറിക്കാന്‍ കാരണമായത്. കൂടാതെ സ്വകാര്യ ഫ്‌ലാറ്റ് നിര്‍മാണ സ്ഥാപനത്തിന് ഏഴര ഏക്കറോളം നികത്താന്‍ അനുമതി നല്‍കാതിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്‌ലാറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു.
ഇതിനെതിരെ അപ്പീല്‍ നല്‍കുന്നത് നിലനില്‍ക്കില്ലെന്ന് ഉപദേശം ലഭിച്ചിരുന്നുവെങ്കിലും റവന്യൂ വകുപ്പിന്റെ പിന്തുണയോടെ അപ്പീല്‍ നല്‍കാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു കസേര തെറിച്ചത്. സിപിഎം പ്രാദേശിക നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് നടപടി. അദീലയെ മാറ്റണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ശ്രീറാം വെങ്കിട്ടരാമനെയും ഇടുക്കി കളക്ടകര്‍ ഗോകുലിനെയും മാറ്റണമെന്ന് ജില്ലയിലെ സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിവാദം ഭയന്ന് തത്കാലം മാറ്റിവച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























