കൊച്ചി മെട്രോ നാളെ മുതല്‍ ജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കുന്നു; മെട്രോ യാത്രയെ കുറിച്ചറിയാന്‍ അന്വേഷണ പ്രവാഹം

കൊച്ചി മെട്രോ നാളെ മുതല്‍ ജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കുമ്പോള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍നിന്നു മെട്രോ യാത്രയെക്കുറിച്ചറിയാന്‍ അന്വേഷണ പ്രവാഹം. കൂട്ടത്തോടെയുള്ള ബുക്കിങ്ങിനായി നിരവധി അന്വേഷണങ്ങളാണു മെട്രോ ഓഫിസിലേക്കെത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും റസിഡന്‍സ് അസോസിയേഷനുകളുമെല്ലാം ഗ്രൂപ്പ് ബുക്കിങ്ങിന്റെ സാധ്യതകളന്വേഷിച്ചു മെട്രോ അധികൃതരെ ബന്ധപ്പെടുന്നുണ്ട്. അന്വേഷണങ്ങള്‍ കൂടുതലായും വരുന്നത് എറണാകുളം ജില്ലയ്ക്കു പുറത്തുനിന്നാണ്.
ജനങ്ങളുടെ പ്രതികരണങ്ങളില്‍ വലിയ പ്രതീക്ഷയാണു മെട്രോ റെയില്‍ കോര്‍പ്പറേഷനുള്ളത്. മെട്രോ കാണാനുള്ള ആവേശത്തില്‍ ഇതര ജില്ലകളില്‍നിന്നുള്ള ചെറു സംഘങ്ങള്‍ കൊച്ചിയിലേക്കെത്തി തുടങ്ങിയിട്ടുണ്ട്. ഈ സാധ്യതകള്‍ പരമാവധി മുതലെടുക്കാനും ജനങ്ങള്‍ക്കു സുഗമമായി യാത്ര ചെയ്യാനുമുള്ള അവസാനവട്ട ഒരുക്കത്തിലാണു കൊച്ചി മെട്രോ അധികൃതര്‍.
ആദ്യത്തെ രണ്ടു മാസം യാത്രക്കാരുടെ വലിയതോതിലുള്ള കുത്തൊഴുക്കാണു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളുമായുള്ള തിങ്കളാഴ്ചയിലെ ആദ്യ യാത്രയ്ക്കു മുന്നോടിയായി ഇന്നു ജീവനക്കാരുടെ അവസാനവട്ട പരിശീലനം നടക്കും. കഴിഞ്ഞ ഒന്നര ആഴ്ചയായി വിവിധ വകുപ്പുകള്‍ ജീവനക്കാര്‍ക്കു മോക്ഡ്രില്‍ നടത്തുന്നുണ്ട്.
യാത്രക്കാര്‍ കൂട്ടത്തോടെയെത്തുന്ന സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചാണു മോക്ട്രില്‍ നടത്തുന്നത്. പിഴവുകളൊഴിവാക്കാന്‍ കൃത്യതയോടെയാണു കെഎംആര്‍എല്‍ ഓരോ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത്. ജനങ്ങളുമായി അടുത്തിടപഴകേണ്ടതു ടിക്കറ്റ് കൗണ്ടറിലും റിസപ്ഷനിലും ജോലി ചെയ്യുന്നവരായതിനാല്‍ കൂടുതല്‍ പരിശീലനം നല്‍കിയിരിക്കുന്നതും അവര്‍ക്കാണ്.

യാത്രയ്ക്കായുള്ള അന്വേഷണം വര്‍ധിക്കുന്നതിനാല്‍ ആദ്യ മാസങ്ങളില്‍ മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണു മെട്രോ അധികൃതര്‍. രണ്ടരലക്ഷംവരെ ഒരുദിവസം വരുമാനം പ്രതീക്ഷിക്കുന്നു. ആദ്യദിനങ്ങളിലെ ആകാംഷ അവസാനിച്ചാല്‍ യാത്രക്കാര്‍ കുറയുമെന്ന പ്രചാരണം മെട്രോ അധികൃതരും തള്ളിക്കളയുന്നില്ല.
വരുമാനത്തിനു ബദല്‍ മാര്‍ഗങ്ങള്‍ കാണാനും യാത്രക്കാരെ ആകര്‍ഷിക്കാനുമുള്ള വിവിധ പദ്ധതികളും അണിറയില്‍ ഒരുങ്ങുന്നുണ്ട്. കൊച്ചി മെട്രോയുടെ ആകെ നിര്‍മാണ ചെലവ് 5,200 കോടിക്കു മുകളിലാണ്. എത്ര ആളുകള്‍ കയറിയാലും ഈ തുക ഉടനെയെങ്ങും തിരിച്ചു പിടിക്കാനാകില്ല. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നതനുസരിച്ചു തൃപ്പൂണിത്തുറ വരെ പദ്ധതി സമയബന്ധിതമായി നീട്ടിയാല്‍ അഞ്ചാം വര്‍ഷം മെട്രോ പ്രവര്‍ത്തന ലാഭത്തിലാകും.

മഹാരാജാസ് വരെ സര്‍വീസ് നീളുമ്പോള്‍ പ്രതിവര്‍ഷം 60 കോടിരൂപ ടിക്കറ്റിനത്തില്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ നിര്‍മിക്കുന്ന മെട്രോ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയില്‍നിന്ന് 300 കോടിരൂപ വരുമാനം കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നു. മുട്ടത്ത് 230 ഏക്കറില്‍ മെട്രോ വില്ലേജിനും ആലോചനയുണ്ട്. സ്‌റ്റേഷനുകളിലെയും ട്രെയിനിലേയും പരസ്യങ്ങള്‍, എടിഎം സെന്ററുകള്‍, ടിക്കറ്റുകളിലെ പരസ്യം, പാര്‍ക്കിങ് ഏരിയ, കൊച്ചി വണ്‍ ഡെബിറ്റ്, ടിക്കറ്റ് കാര്‍ഡ് എന്നിവയില്‍നിന്നു വലിയ വരുമാനമാണു മെട്രോ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha
























